ബംഗളുരു: ഇന്ത്യയില്‍ ഏറ്റവും മികച്ച ഭരണം നിലനില്‍ക്കുന്ന സംസ്ഥാനമായി കേരളം. ബംഗളുരുവിലെ ‘പബ്ലിക് അഫയേഴ്സ് സെന്റര്‍’ എന്ന സംഘടനയുടെ വാര്‍ഷിക റിപ്പോര്‍ട്ടായ ‘പബ്ലിക് അഫയേഴ്സ് ഇന്‍ഡക്സ് 2020’ലാണ് ഭരണനിര്‍വഹണത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്‍പില്‍ കേരളമെത്തിയത്. തുടര്‍ച്ചയായി നാലാം തവണയാണ് കേരളം ഈ അംഗീകാരം നേടുന്നത്. മുന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. കസ്‌തൂരിരംഗന്‍ നയിക്കുന്ന സംഘടനയാണ് പബ്ലിക് അഫയേഴ്സ് സെന്റര്‍. തെക്കേ ഇന്ത്യയില്‍ നിന്നുമുള്ള നാല് സംസ്ഥാനങ്ങളാണ് പട്ടികയില്‍ മുമ്ബിലുള്ളത്.
1.388 പി.എ.ഐ ഇന്‍ഡക്സ് പോയിന്റ് ആണ് ഇതില്‍ കേരളത്തിന്റെ സ്‌കോര്‍. 0.912, 0.531, 0.468 എന്നീ സ്കോറുകളുമായി യഥാക്രമം തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിന്റെ പിന്നിലായി ഉള്ളത്. ചെറിയ സംസ്ഥാനങ്ങളില്‍ ഭരണത്തിന്റെ കാര്യത്തില്‍ മുന്നിട്ടുനില്‍ക്കുന്നത് ഗോവ, മേഘാലയ, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ്.1.745, 0.797, 0.725 എന്നിങ്ങനെയാണ് ഈ സംസ്ഥാനങ്ങള്‍ നേടിയ സ്‌കോര്‍.
ഏറ്റവും മോശം ഭരണം നിലനില്‍ക്കുന്ന സംസ്ഥാനം ഉത്തര്‍പ്രദേശാണ്. -1.461 ആണ് യോഗി ആദിത്യനാഥ് ഭരിക്കുന്ന സംസ്ഥാനത്തിന്റെ സ്‌കോര്‍. ഒഡിഷ, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളും ഏറ്റവും മോശം ഭരണം നിലനില്‍ക്കുന്നവയാണ്. -1.201, -1.158 എന്നിങ്ങനെയാണ് രണ്ട് സംസ്ഥാനങ്ങളും നേടിയ സ്‌കോര്‍. മണിപ്പൂര്‍(-0.363), ഡല്‍ഹി(-0.289), ഉത്തരാഖണ്ഡ്(-0.277) എന്നീ സംസ്ഥാങ്ങളിലും വളരെ മോശം ഭരണമാണ് നിലനില്‍ക്കുന്നതെന്നും പട്ടിക സൂചിപ്പിക്കുന്നു.
ഏറ്റവും മികച്ച ഭരണനിര്‍വഹണം കാഴ്ചവയ്ക്കുന്ന കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ഒന്നാമതെത്തിയത് ചണ്ഡിഗറാണ്(1.05 പി.ഐ.എ പോയിന്റുകള്‍). ചണ്ഡിഗറിന് പുറകിലായി പുതുച്ചേരി(0.52) ലക്ഷ്വദ്വീപ്(0.003) എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളുമുണ്ട്. ദാദര്‍ ആന്‍ഡ് നാഗര്‍ ഹവേലി(-0.69) ആന്‍ഡമാന്‍(-0.50), ജമ്മു കാശ്മീര്‍(-0.50), നിക്കോബാര്‍(-0.30) എന്നിവിടങ്ങളില്‍ മോശം ഭരണമാണ് നിലനില്‍ക്കുന്നത്.