ഒരുക്കാം വീട്ടിൽ ഒരു ഹരിതഗൃഹം

0
67

കേരളംപോലുള്ള സ്ഥലത്ത് വീട്ടിൽ ഒരു ഹരിതഗൃഹം അത്യാവശ്യമാണ്. മിക്ക വീട്ടുകാർക്കും കൃഷിചെയ്യാൻ സ്ഥലപരിമിതിയുണ്ട്. കൂടാതെ സമയവുമില്ല. ഹരിതഗൃഹം നിർമിക്കുകയാണെങ്കിൽ വർഷത്തിൽ 365 ദിവസവും വീട്ടിലേക്കാവശ്യമുള്ള പച്ചക്കറി ഉത്പാദിപ്പിക്കാനാകും. ഒരു വീട്ടിലേക്ക് 10 മുതൽ 40 ചതുരശ്രമീറ്റർവരെ വിസ്തീർണമുള്ള ഹരിതഗൃഹം മതിയാകും.

ഹരിതഗൃഹങ്ങളുടെ എല്ലാവശവും പൂർണമായും ഇൻസെക്റ്റ് നെറ്റുകൊണ്ട് ആവരണംചെയ്യണം. ഇത് രോഗകീടബാധ കുറയ്ക്കാൻ സഹായിക്കും. യു.വി. ഷീറ്റ് മുകളിൽ ആവരണം ചെയ്യാൻമാത്രം ഉപയോഗിച്ചാൽ മതി. ഏതു വിള വേണമെങ്കിലും ഹരിതഗൃഹത്തിൽ കൃഷിചെയ്യാം. പാവൽ, പടവലം പോലുള്ള പരപരാഗണം ആവശ്യമായ കൃഷിയിനങ്ങൾ ഹരിതഗൃഹത്തിൽ കൃഷിചെയ്യാൻ കഴിയില്ല എന്ന പ്രശ്നം ഇവിടെയുണ്ടാകുന്നില്ല. ഒരുദിവസം അങ്ങനെയുള്ള വിളകളുടെ പരമാവധി അഞ്ചുമുതൽ 10 പെൺപൂക്കൾ മാത്രമേ വിരിയൂ. ആൺപൂവ് പൊട്ടിച്ച് പെൺപൂവിൽ തൊട്ടാൽമാത്രം മതി.

ഇങ്ങനെ ചെയ്യുന്നതിന് 5, 10 മിനിറ്റ് മാത്രമേ ഒരുദിവസം വേണ്ടിവരൂ. ചെടികൾക്ക് വെള്ളവും വളവും ഡ്രിപ്പറുകളിലൂടെ കൊടുക്കാം. എല്ലാദിവസവും കൃത്യമായി വളവും വെള്ളവും കൊടുക്കുന്നതുകൊണ്ടും മഴ, ശക്തിയായ കാറ്റ്, ശക്തിയായ സൂര്യാതപം, രോഗകീടബാധ, പക്ഷികൾ, അൾട്രാവയലറ്റ് രശ്മികൾ എന്നിവയിൽനിന്നും ചെടികൾക്ക് സംരക്ഷണം നൽകുന്നതുകൊണ്ട് നല്ല ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ഉണ്ടാകും.

കേരള കാർഷിക സർവകലാശാലയിലെ ഇൻസ്ട്രക്ഷണൽ ഫാം വെള്ളാനിക്കരയിലുള്ള ഹൈടെക്ക് അടുക്കളത്തോട്ട കൃഷികളിൽ ധാരാളം ഗവേഷണങ്ങളും പരിശീലനപരിപാടികളും നടന്നുവരുന്നുണ്ട്. ഹൈടെക്ക് അടുക്കളത്തോട്ടങ്ങൾ, ഹൈടെക്ക് റിസർച്ച് ആൻഡ് ട്രെയിനിങ് യൂണിറ്റിൽ രൂപകല്പനചെയ്തിട്ടുണ്ട്.

സാധാരണ ഹരിതഗൃഹങ്ങളെ അപേക്ഷിച്ച് ഇതിൽ രാത്രിയും രാവിലെയും ഈർപ്പം കുറവും ഉച്ചയ്ക്ക് കൂടുതലുമായതിനാൽ ചെടികൾക്ക് യോജിച്ച കാലാവസ്ഥ പ്രദാനംചെയ്യാൻ കഴിയുന്നു. അതിനാൽ ചെടികളുടെ വളർച്ചയും ഉത്പാദനക്ഷമതയും കൂടുതലായി കണ്ടുവരുന്നു. ഇതിൽ ഉപയോഗിക്കാൻ കഴിയുന്ന ചെലവുകുറഞ്ഞ മൾട്ടി ടയർ ഗ്രോബാഗുകൾ നിർമിച്ചിട്ടുണ്ട്. ഒരു മൾട്ടി ടയർ ഗ്രോബാഗിൽ 35 മുതൽ 45 ചെടികൾവരെ വളർത്താൻ കഴിയും.

ചീര, തക്കാളി, വെണ്ട, മുളക്, വഴുതന, പാലക്ക്, പാവൽ, പടവലം, കുമ്പളം, സാലഡ് വെള്ളരി, പുതിനയില, മല്ലിയില, വേപ്പില, കാബേജ്, കോളിഫ്ളവർ, കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങി എല്ലാത്തരം ചെടികളും ഇതിൽ കൃഷിചെയ്യാനാകും. ചെടികൾക്ക് വെള്ളവും വളവും ഡ്രിപ്പറുകളിലൂടെ കൊടുക്കാം.

വീട്ടിലേക്കാവശ്യമുള്ളതും രോഗകീടബാധയുണ്ടാകാൻ കൂടുതൽ സാധ്യതയുള്ളതുമായ പച്ചക്കറികൾ ഹരിതഗൃഹത്തിൽ നടുന്നതാണ് നല്ലത്. ടെറസിന്റെ മുകളിലായാലും മുറ്റത്തായാലും ഹരിതഗൃഹത്തിന്റെ ഷീറ്റും നെറ്റും ആറുമാസം മുതൽ ഒരുവർഷം കൂടുമ്പോഴെങ്കിലും കഴുകി വൃത്തിയാക്കണം. അതിനാൽ ഷീറ്റ് കഴുകാനുള്ള സൗകര്യമുണ്ടാകുന്ന വിധത്തിലാകണം ഹരിതഗൃഹം സ്ഥാപിക്കേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here