അമേരിക്കയുമായുള്ള സൈനിക ബന്ധം ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സി പി എമ്മും സി പി ഐ യും

0
73

തിരുവനന്തപുരം: ഉഭയകക്ഷി പ്രതിരോധ കരാറുകളിലൂടെ ഇന്ത്യന്‍ പ്രതിരോധസേനകളെ അമേരിക്കന്‍ സൈന്യത്തിനും അവരുടെ തന്ത്രപരമായ പദ്ധതികള്‍ക്കും വഴങ്ങാന്‍ ബാധ്യസ്ഥരാക്കിയെന്ന്‌ സി.പിഎമ്മും സി.പി.ഐയും സംയുക്തപ്രസ്‌താവനയില്‍ പറഞ്ഞു. വാര്‍ത്താവിനിമയ, ഇലക്‌ട്രോണിക്‌ സംവിധാനങ്ങള്‍ പരസ്‌പരം കൂട്ടിച്ചേര്‍ക്കുന്നത്‌ ഇന്ത്യന്‍ പ്രതിരോധസംവിധാനത്തിന്‍റെ പരമാധികാരത്തെയും തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യത്തെയും പ്രതികൂലമാക്കും. അമേരിക്കന്‍ നിയന്ത്രിത സാങ്കേതികവിദ്യയിലുള്ള ആയുധങ്ങളെ ആശ്രയിക്കുന്ന രാജ്യമായി ഇന്ത്യ മാറുമെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

 

ഉപഗ്രഹസാങ്കേതികവിദ്യ മേഖലയില്‍ സഹകരണത്തിനുള്ള കരാര്‍ (ബെക്ക) ഒപ്പിട്ടതോടെ അമേരിക്കയുമായി സൈനികസഹകരണത്തിനുള്ള അടിസ്ഥാന കരാറുകള്‍ പൂര്‍ത്തിയായി.നവംബറില്‍ നാല്‌ ക്വാഡ്രീലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ്‌ (ക്വാഡ്‌) രാജ്യം പങ്കെടുക്കുന്ന ‘മലബാര്‍ നാവികഅഭ്യാസം’ നടക്കുമെന്ന്‌ നേരത്തെ പ്രഖ്യാപിച്ചു. ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണരേഖയില്‍ ചൈനയുമായി ഉണ്ടായ സംഘര്‍ഷത്തിന്‍റെ പേരിലാണ്‌ ഈ നടപടികളെ ന്യായീകരിക്കുന്നത്‌. എന്നാല്‍, ഇതിനും എത്രയോ മുമ്ബ്‌ ഈ കരാറുകള്‍ അണിയറയില്‍ ഒരുങ്ങിയിരുന്നു.

 

അമേരിക്കയുമായി രൂപംകൊള്ളുന്ന സൈനികസഖ്യം ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തിലും തന്ത്രപരമായ സ്വയംഭരണാവകാശത്തിലും ദീര്‍ഘകാല പ്രത്യാഘാതം സൃഷ്ടിക്കും. ഇന്ത്യയുടെ ദേശീയതാല്‍പര്യങ്ങള്‍ക്ക്‌ നിരക്കുന്നതല്ല ഈ നീക്കം. ചൈനയുമായുള്ള അതിര്‍ത്തിതര്‍ക്കം പരിഹരിക്കാന്‍ ഏറ്റവും ഉയര്‍ന്ന രാഷ്ട്രീയ, നയതന്ത്രതലങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചകള്‍ തുടരണം. അമേരിക്കയുടെ ഭൗമ-രാഷ്ട്രീയതന്ത്രങ്ങള്‍ക്ക്‌ ഇന്ത്യ വഴങ്ങേണ്ടതില്ല.

LEAVE A REPLY

Please enter your comment!
Please enter your name here