തിരുവനന്തപുരം: സംസ്‌ഥാനത്ത് അന്വേഷണത്തിനു സി.ബി.ഐയ്‌ക്കു നല്‍കിയിട്ടുള്ള അനുമതി പിന്‍വലിക്കുന്നതിനെക്കുറിച്ചു സര്‍ക്കാര്‍ പരിശോധിക്കണമെന്നു സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍.
ഇതിന്റെ നിയമവശങ്ങള്‍ പരിശോധിച്ചു വേണ്ട നടപടി സ്വീകരിക്കണം. ഇതിനായി നിയമഭേദഗതിയുടെ ആവശ്യമില്ല. നേരത്തെ നല്‍കിയ അനുമതി പിന്‍വലിച്ചാല്‍ മതി. കേന്ദ്രസര്‍ക്കാര്‍ സി.ബി.ഐയെ രാഷ്‌ട്രീയപ്രേരിതമായി ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ചെയ്യേണ്ടിവരുന്നതെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്‌ഥാനങ്ങളിലൊക്കെ സി.ബി.ഐയ്‌ക്കു നല്‍കിയ അനുമതി പിന്‍വലിച്ചുകഴിഞ്ഞു. മഹാരാഷ്‌ട്രയും ആ നിലപാടാണ് സ്വീകരിച്ചത്.എന്നാല്‍, കേരളം ഇതുവരെ അതിനു തയ്യാറായിട്ടില്ല. ഇപ്പോള്‍ കേരളത്തിലും സി.ബി.ഐയെ രാഷ്‌ട്രീയ ആവശ്യത്തിന് ഉപയോഗിക്കുകയാണ്. സി.പി.ഐ. നേരത്തെതന്നെ നിലപാടു വ്യക്‌തമാക്കിയിട്ടുണ്ട്. ഇടതുമുന്നണി യോഗത്തില്‍ മറ്റു ഘടകകക്ഷികളും ഇക്കാര്യം ശക്‌തമായി ഉന്നയിച്ചിട്ടുണ്ട്. ഇതൊക്കെ പരിഗണിച്ചു വേണ്ട നടപടി സ്വീകരിക്കണമെന്നു കോടിയേരി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.