ന്യൂഡല്‍ഹി: വ്യക്തിവിവര സംരക്ഷണ ബില്ലുമായി ബന്ധപ്പെട്ട് വിവരശേഖരണ വിഷയത്തില്‍ വിശദീകരണം നല്കാന് പാര്‍ലമെന്ററി സമിതിക്കു മുന്നില്‍ ഹാജരാകില്ലെന്ന് ആമസോണ്‍.
28നു ചേരുന്ന പാര്‍ലമെന്ററി സമിതിക്കു മുന്നില്‍ ആമസോണ്‍ അധികൃതര്‍ എത്തിയില്ലെങ്കില്‍ അവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നാണു വിവരം. എന്നാല്‍, വിഷയുവുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കേണ്ട വിദഗ്ധര്‍ വിദേശത്താണെന്നാണ് ആമസോണ്‍ നല്കുന്ന വിശദീകരണം.
ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവ ഉള്‍പ്പടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന പ്രതിപക്ഷ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ആമസോണ്‍ ഉള്‍പ്പടെയുള്ളവരില്‍ നിന്ന് പാര്‍ലമെന്ററി സമിതി വിശദീകരണം തേടാന്‍ തീരുമാനിച്ചത്.എന്നാല്‍, 28ന് സമിതിക്കു മുന്നില്‍ എത്താനാകില്ലെന്നാണ് ആമസോണ്‍ വ്യക്തമാക്കിയത്. ഇത് കടുത്ത അച്ചടക്കലംഘനമാണെന്നാണ് സമിതി അധ്യക്ഷയായ ബിജെപി എംപി മീനാക്ഷി ലേഖി പറയുന്നത്. സമിതിക്കു മുന്നില്‍ ഹാജരായില്ലെങ്കില്‍ ആമസോണിന് അച്ചടക്ക ലംഘനത്തിന് നോട്ടീസ് അയയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.
വിഷയവുമായി ബന്ധപ്പെട്ട് പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഇന്നലെ ഫേസ് ബുക്ക് അധികൃതര്‍ ഹാജരായിരുന്നു. രണ്ടു മണിക്കൂറോളമാണ് ഇവരില്‍ നിന്നും സമിതി വിശദീകരണം ആരാഞ്ഞത്.
ഫേസ്ബുക്ക് ഇന്ത്യയുടെ പബ്ലിക് പോളിസി ഡയറക്ടര്‍ ആംഖി ദാസ് ആണ് പാര്‍ലമെന്ററി സമിതിക്കു മുന്നില്‍ ഹാജരായത്. ട്വിറ്റര്‍ അധികൃതര്‍ 28ന് സമിതിക്കു മുന്നിലെത്തും. 29ന് മുന്‍പായി സമിതിക്കു മുന്നില്‍ ഹാജരാകണമെന്നു ചൂണ്ടിക്കാട്ടി ഗൂഗിളിനും പേടിഎമ്മിനും നോട്ടീസ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷമാണ് ലോക്സഭയില്‍ വ്യക്തിവിവര സംരക്ഷണ ബില്ല് അവതരിപ്പിച്ചത്. അപ്പോള്‍ തന്നെ വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ദേശസുരക്ഷയെ ബാധിക്കുമെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു.
സാങ്കേതികരംഗത്തെ വിദഗ്ധരും ഈ ആശങ്ക വ്യാപകമായി പങ്കുവെച്ചതോടെയാണ് ബില്ല് സംയുക്ത പാര്‍ലമെന്ററി സമിതിക്കു വിടാന്‍ തീരുമാനിച്ചത്.