മമ്മൂട്ടിയുടെ തെലുങ്ക് സൂപ്പർഹിറ്റ് ചിത്രം ‘യാത്ര’ രണ്ടാം ഭാഗത്തിന്റെ ടീസർ എത്തി. തമിഴ് നടൻ ജീവയാണ് ചിത്രത്തിൽ നായകനാകുന്നത്. മമ്മൂട്ടിയെ നായകനാക്കി മഹി വി. രാഘവ് സംവിധാനം ചെയ്ത് 2019ൽ പുറത്തിറങ്ങിയ യാത്രയുടെ രണ്ടാം ഭാഗമാണ് യാത്ര 2. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയായാണ് യാത്രയിൽ മമ്മൂട്ടി എത്തിയത്. യാത്രയുടെ രണ്ടാം ഭാഗം വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകൻ വൈഎസ് ജഗന്റെ രാഷ്ട്രീയ യാത്രയിലൂടെയാണ് കടന്നുപോകുന്നത്. ജീവയാണ് ചിത്രത്തിൽ ജഗന്‍ റെഡ്ഡിയെ അവതരിപ്പിക്കുന്നത്. മഹി വി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രം 2024 ഫെബ്രുവരി എട്ടിന് തിയേറ്ററുകളിലെത്തും. തിരക്കഥയും മഹി വി രാഘവിന്റേതാണ്.
സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം മധി. കേതകി നാരായൺ, സുസന്നെ ബെർനെറ്റ്, മഹേഷ് മഞ്ജരേക്കർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. 2019ൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ യാത്ര ബോക്സ്ഓഫിസിലും മികച്ച വിജയം കൈവരിച്ചു. വൈ.എസ്. രാജശേഖര റെഡ്ഡിയുടെ പദയാത്രയായിരുന്നു യാത്രയുടെ പ്രമേയം.