സംസ്ഥാനത്ത് മകരവിളക്കിനോടനുബന്ധിച്ച് 800 ബസുകൾ സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. എരുമേലി, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നും എത്തുന്ന കെഎസ്ആർടിസി ബസുകൾ പിടിച്ചിടരുത്. ബസ് വന്നെങ്കിൽ മാത്രമേ തിരക്കു നിയന്ത്രിക്കാനാവൂ. അത്തരം സാഹചര്യമുണ്ടായാൽ പോലീസ് മോട്ടോർ വാഹന വകുപ്പിന്‍റെ സഹായത്തോടെ വാഹനം പോകുന്നതിനു അവസര മൊരുക്കണമെന്ന് മന്ത്രി പറഞ്ഞു.
പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തിൽ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.നിലയ്ക്കൽ ബസ് സ്റ്റാൻഡിൽ തിക്കും തിരക്കുമില്ലാതെ ബസ് യാത്ര നടത്തുന്നതിനും നിർത്തിയിട്ടിരിക്കുന്ന ബസിൽ കയറുന്നതിനുമായി നാലു ബാരിക്കേഡുകൾ സ്ഥാപിക്കും. പമ്പയിലും ഇതേ മാതൃകയിൽ ബാരിക്കേഡുകൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
പമ്പയിൽനിന്ന് പുറപ്പെടുന്ന ദീർഘദൂര ബസുകളിൽ ആളുകൾ നിറഞ്ഞു കഴിഞ്ഞാൽ അവ നിലയ്ക്കൽ ബസ് സ്റ്റാൻഡിൽ കയറേണ്ടതില്ല. എന്നാൽ ആളുകൾ നിറഞ്ഞിട്ടില്ലെങ്കിൽ നിർബന്ധമായും നിലയ്ക്കലിൽ കയറണമെന്നും മന്ത്രി നിർദേശിച്ചു.നിലയ്ക്കലിലേക്ക് പോകുന്ന ഭക്തജനങ്ങൾ ചെയിൻ സർവീസുകൾ പരമാവധി ഉപയോഗപ്പെടുത്തണം.
ഇവ ജനങ്ങളിലെത്തിക്കുന്നതിന് വിവിധ ഭാഷകളിൽ ബോർഡുകൾ സ്ഥാപിക്കും. അനൗൺസ്മെന്‍റ് സൗകര്യവും ഒരുക്കുമെന്ന് മന്ത്രി ഗണേഷ് കുമാർ പറഞ്ഞു. കെഎസ്ആർടിസി ഡ്രൈവർമാർക്കും, ദീർഘദൂര ബസുകളിലെ ഡൈവർമാർക്കും വിശ്രമിക്കുന്നതിനുള്ള സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.ബസിനു മുകളിൽ കയറിയിരുന്നുള്ള അനാവശ്യ സമരങ്ങളൊന്നും അനുവദിക്കില്ല. സമരം ചെയ്യാനല്ല ശബരിമലയിൽ വരുന്നതെന്നും ഗണേഷ് കുമാർ പറഞ്ഞു.
‘ബസിന്‍റെ മുന്നിൽ കയറിയിരുന്ന് സമരമൊന്നും നടത്തരുത്. അതും തെറ്റാണ്. നമ്മളൊക്കെ ദൈവവിശ്വാസികളാണ്. അത് പറയാന്‍ മടിയില്ലാത്ത ആളാണ് ഞാന്‍. സമരം ചെയ്യാനല്ല ശബരിമലയില്‍ വരുന്നത്. അസൗകര്യമുണ്ടാവില്ല. ബസുകള്‍ നിറയുന്നതനുസരിച്ച് ആളുകളെ വിടും. വ്രതമെടുക്കുന്നത് മനഃശുദ്ധിക്കും മനഃശക്തിക്കും വേണ്ടിയാണ്. ശരണം വിളിക്കുന്നതിന് പകരം ബസിനു മുകളില്‍ കയറിയിരുന്ന് അസഭ്യം പറയുകയല്ല വേണ്ടത്.
അതൊന്നും ഞാനനുവദിക്കില്ല.’ ഗണേഷ് കുമാർ പറഞ്ഞു.അരവണയും അപ്പവും പമ്പയിൽ വിതരണംചെയ്താൽ സന്നിധാനത്തെ തിരക്കു കുറയ്ക്കാനാകുമെന്നും ഗണേഷ് കുമാർ അഭിപ്രായപ്പെട്ടു. നെയ്യഭിഷേകത്തിന്‍റെ നെയ് ഒരു ചെറിയ പാത്രത്തിലാക്കി ചന്ദ്രാനന്ദ റോഡിറങ്ങുന്നിടത്ത് വെച്ച് വിതരണം ചെയ്യണം.
നെയ്യ് വാങ്ങാന്‍ ആളുകള്‍ സന്നിധാനത്ത് കാത്തുനില്‍ക്കുകയാണ്. സന്നിധാനത്ത് തൊഴുത് വേഗം ആളുകളെ ഇറക്കണം. തിരക്ക് കുറയ്ക്കാന്‍ വളരെ എളുപ്പമല്ലേ. പ്രായമുള്ളവരേയും കുഞ്ഞുങ്ങളേയും മാത്രം നടപന്തലില്‍ വിശ്രമിക്കാന്‍ അനുവദിക്കണമെന്നും മന്ത്രി പറഞ്ഞു.