രണ്ട് വർഷത്തേക്ക് വിദേശ വിദ്യാർത്ഥികള്‍ക്ക് പ്രവേശന നിയന്ത്രണം ഏർപ്പെടുത്തി കാനഡ

0
79

വിദേശ വിദ്യാർത്ഥികള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന പുതിയ നിർദേശം നടപ്പിലാക്കി തുടങ്ങി കാനഡയിലെ പ്രവിന്‍ശ്യകള്‍. ബ്രിട്ടീഷ് കൊളംബിയ അടക്കമുള്ള പ്രവിന്‍ശ്യകളാണ് അടുത്ത രണ്ട് വർഷത്തേക്ക് വിദേശ വിദ്യാർത്ഥികള്‍ക്ക് പ്രവേശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അതായത് 2026 ഫെബ്രുവരി വരെയാണ് നിയന്ത്രണം. അതുവരെ വിദേശ വിദ്യാർത്ഥികള്‍ക്ക് ഈ പ്രവിന്‍ശ്യകളിലെ വിദ്യാലയങ്ങള്‍ വിദ്യാർത്ഥി വിസ നല്‍കില്ല.

യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ, സൈമൺ ഫ്രേസർ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് വിക്ടോറിയ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളില്‍ അടക്കം നിരവധി ഇന്ത്യന്‍ വിദ്യാർത്ഥികളാണ് പഠിക്കുന്നത്. വിദേശ വിദ്യാർത്ഥികളുടെ എണ്ണം കുറച്ചുകൊണ്ട് രാജ്യത്തെ പാർപ്പിട പ്രതിസന്ധി ഉള്‍പ്പെടെ പരിഹരിക്കാനാണ് കാനഡയുടെ പദ്ധതി. അതേസമയം വിദ്യാഭ്യാസ നിലവാരം ഉയർത്തുകയെന്ന ലക്ഷ്യമാണ് തങ്ങള്‍ മുന്നോട്ട് വെക്കുന്നതെന്ന് ബ്രിട്ടീഷ് കൊളംബിയന്‍ അധികൃതർ വ്യക്തമാക്കി.

അന്തർദ്ദേശീയ വിദ്യാർത്ഥികളെ സത്യസന്ധമല്ലാത്ത സ്ഥാപനങ്ങൾ ചൂഷണം ചെയ്യുന്നതിൽ നിന്ന് സംരക്ഷിക്കുന്നതിനും പ്രവിശ്യയിലെ പോസ്റ്റ്-സെക്കൻഡറി വിദ്യാഭ്യാസത്തിൻ്റെ മൊത്തത്തിലുള്ള ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നുവെന്നാണ് ബ്രിട്ടീഷ് കൊളംബിയന്‍ അധികൃതരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.

രാജ്യാന്തര വിദ്യാർത്ഥികളുടെ കുടിയേറ്റം പരിമിതപ്പെടുത്തണമെന്ന ആവശ്യം ദീർഘകാലമായി കാനഡയില്‍ ഉയരുന്നുണ്ട്. തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രാദേശിക വികാരം അനുകൂലമാക്കുകയെന്ന ലക്ഷ്യവും കാനഡയ്ക്കുണ്ട്. അതേസമയം, ഈ നീക്കം ഇന്ത്യക്കാർ അടക്കമുള്ളവരെ വളരെ അധികം ആശങ്കയിലാക്കുന്നതുമാണ്. ഈ വർഷം വിദ്യാർത്ഥികളുടെ പ്രവേശനം 35 ശതമാനം കുറച്ച് 3,60,000 ആയി കുറയ്ക്കാൻ ലക്ഷ്യമിട്ട് കനേഡിയൻ ഗവൺമെൻ്റ് പുതിയ അന്താരാഷ്ട്ര വിദ്യാർത്ഥി പെർമിറ്റുകളിൽ ഉടനടി രണ്ട് വർഷത്തെ പരിധി പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് ബ്രീട്ടിഷ് കൊളംബിയ തങ്ങളുടെ പ്രഖ്യാപനം നടത്തുന്നത്. ബിരുദാനന്തരം ചില വിദ്യാർത്ഥികൾക്ക് വർക്ക് പെർമിറ്റ് നൽകുന്നതും നിർത്തലാക്കും.

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കാനഡയിലെ അന്താരാഷ്‌ട്ര വിദ്യാർത്ഥി ജനസംഖ്യ ഒരു ദശലക്ഷത്തിൽ കൂടുതലാണ്. ഇതില്‍ ഇന്ത്യക്കാരാണ് ഏറ്റവും ഉയർന്ന വിഹിതം. അതായത് 37 ശതമാനം. അതോടൊപ്പം തന്നെ കാനഡയിലെ ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ ഈയിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തർക്കം കാരണം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അനുവദിച്ച പഠന അനുമതികളിൽ കുറവുണ്ടായതായും സൂചിപ്പിച്ചു.

2023-ൽ, സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനായി 500,000 സ്ഥിര താമസക്കാരെയും 900,000 അന്തർദ്ദേശീയ വിദ്യാർത്ഥികളെയും പ്രവേശിപ്പിക്കാൻ ലക്ഷ്യമിടുന്നതായി കാനഡ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പാർപ്പിട മേഖലയില്‍ അടക്കം വലിയ പ്രതിസന്ധി അഭിമുഖീകരിച്ചതോടെ കാനഡ വിദേശ വിദ്യാർത്ഥികള്‍ക്ക് മേലുള്ള നിയന്ത്രണം കടുപ്പിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here