മലയാള സിനിമയിലെ വിലക്കിന് പിന്നാലെ അമ്മയിൽ അംഗത്വം തേടി ശ്രീനാഥ് ഭാസി. ശ്രീനാഥ് ഭാസിയ്ക്കും ഷെയ്ൻ നിഗത്തിനുമൊപ്പം സഹകരിക്കില്ലെന്ന് ഏപ്രിൽ 25 ന് നടന്ന സംയുക്ത യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ അമ്മയും ഫെഫ്ക്കയും വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അമ്മ സംഘടനയിൽ അംഗത്വത്തിനായുള്ള അപേക്ഷ ശ്രീനാഥ് ഭാസി നൽകിയത്. നടൻ ശ്രീനാഥ് ഭാസി അമ്മയിൽ അംഗത്വത്തിനായുള്ള അപേക്ഷ നൽകിയിട്ടുണ്ടെന്ന് അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബാബുരാജാണ് മാധ്യമങ്ങളെ അറിയിച്ചത്.
ബാബുരാജിന്റെ വാക്കുകൾ ഇങ്ങനെ…
‘അമ്മ സംഘടനയിൽ അംഗത്വത്തിനായുള്ള അപേക്ഷ ശ്രീനാഥ് ഭാസി നൽകിയിട്ടുണ്ട്. എന്നാൽ അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ ചർച്ച ചെയ്യുകയും തീരുമാനമെടുക്കുകയും ചെയ്യുക. ജൂൺ 25 ന് അമ്മ സംഘടനയുടെ ജനറൽ ബോഡിയുണ്ടാകും. ജനറൽ ബോഡിയ്ക്ക് മുൻപ് ഒരു കമ്മിറ്റി ഉണ്ടാവേണ്ടതാണ്. അതിൻറെ ഡേറ്റ് ഇത് വരെയും തീരുമാനിച്ചിട്ടില്ല. അതിൽ ഈ വിഷയം ചർച്ച ചെയ്യും. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻറെ സംയുക്തമായ തീരുമാനമാണ് മൂന്ന് സിനിമ കഴിഞ്ഞവർ ഏതെങ്കിലും ഒരു സംഘടനയുടെ കീഴിൽ വരണമെന്നുള്ളത്. നിർമ്മാതാക്കളുടെ കരാറിൽ പറയുന്നത്, വ്യക്തികളുമായല്ല മറിച്ച് അവർക്ക് അംഗത്വമുള്ള സംഘടനയുമായാണ് ഉടമ്പടികൾ വയ്ക്കുന്നതെന്നാണ്. ഒരു അഭിനേതാവിന് സുരക്ഷ ഉറപ്പാക്കുന്നത് സംഘടന വഴിയാണ്. നിർമ്മാതാക്കൾ പറയുന്നതിലെല്ലാം കുറെ കാര്യങ്ങളുണ്ട്. അമ്മയിലെ അംഗത്വത്തിനായി മുൻപ് അപേക്ഷ നൽകിയിട്ടുള്ള വേറെയും കുറെ താരങ്ങളുണ്ട്. ഇവരുടെ അംഗത്വക്കാര്യവും അടുത്ത എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനിക്കുന്നത്’- ബാബുരാജ് പറഞ്ഞു’- ബാബു രാജ് പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബറിൽ ഒരു സിനിമ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള അഭിമുഖത്തിൽ ഓൺലൈൻ അവതാരകയോട് മോശമായി പെരുമാറിയതിൽ ശ്രീനാഥ് ഭാസിക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. അതേ തുടർന് ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. എന്നാൽ ഈ സംഭവത്തോടെ നിർമ്മാതാക്കളുടെ സംഘടന താരത്തെ വിലക്കി. അധികം വൈകാതെ അവതാരക കേസ് പിൻവലിച്ചതോടെയാണ് അന്നത്തെ പ്രശ്നങ്ങൾക്ക് പരിഹാരമായത്. ഇത്തവണ വിട്ടുവീഴ്ചയ്ക്കില്ലെന്ന ഉറപ്പിച്ചു പറയുകയാണ് അമ്മ സംഘടനയും നിർമ്മാതാക്കളും ചില താരങ്ങളും.