പാലക്കാട് / അണക്കര: നരിമലം കുന്നിൻറെ താഴ്‌വരയിൽ നിന്നും മാഞ്ഞു മറഞ്ഞു പോയിക്കൊണ്ടിരുന്ന കണ്ണാന്തളി വീണ്ടും പൂത്തു. പൂക്കൾ നൽകുന്ന ആശ്വാസകരമായ കാഴ്ച പ്രേക്ഷകരുടെ മനസ്സിനെ ശാന്തമാക്കുന്നു.
“കണ്ണാന്തളിയും , കാട്ടുകുറിഞ്ഞിയും കണ്ണാടി നോക്കും ചോലയിൽ…..” ഒരിക്കൽ കൂടി മനോഹരമായ ഈ പഴയ മലയാള ഗാനം ഈ പൂക്കൾ ഓർമ്മയിൽ കൊണ്ടുവരുന്നു.
വംശനാശഭീഷണി നേരിടുന്ന ഈ ഒരു ഔഷധസസ്യം ഒരുകാലത്ത് മലയാളികളുടെ ഓണ പൂക്കളത്തിൽ, ഒഴിവാക്കാനാവാത്ത ഒരു പൂവായിരുന്നു. നിരവധി ആയുർവേദ മരുന്നുകളിൽ പോലും ഇത് ഉപയോഗിച്ചു വന്നിരുന്നു.
കണ്ണാന്തളി അല്ലെങ്കിൽ ബികോളർ പേർഷ്യൻ വയലറ്റിന് ശാസ്ത്രീയമായി എക്സാകം ടെട്രഗോണം എന്നാണ് പേര് നൽകിയിരിക്കുന്നത്. ഈ പുഷ്പത്തിന് ഓർക്കിഡിനോട് സാമ്യമുള്ളതും, വെളുത്തതും, വയലറ്റ്, ഇളം റോസ് ദളങ്ങളുമാണുള്ളത് . ഈ പൂക്കൾക്ക് പ്രത്യേകം സുഗന്ധമൊന്നുമില്ല , എങ്കിലും ഈ പൂക്കൾ ഇവിടെ ഒരു അപൂർവ കാഴ്ചയാണ്, കാരണം മറ്റു സ്ഥലങ്ങളിൽ ഇത് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. കണ്ണാന്തളി പൂത്താൽ ഒരാഴ്ചയിലേറെ ഇതിൻറെ പൂക്കൾ വാടാതെ നിൽക്കും.
ഒരു കാലത്ത് നൂറുകണക്കിന് ഇനം മരങ്ങളുടെയും ചെടികളുടെയും വാസസ്ഥലമായിരുന്ന നരിമലം കുന്ന് ഇന്നു തരിശുഭൂമിയായി മാറുന്നതിന്റെ വക്കിലെത്തിയിരിക്കുന്നു.