മലപ്പുറം: ഫുട്‌ബോള്‍ ലോകത്തിന് ലയണല്‍ മെസ്സി എത്രത്തോളം പ്രിയപ്പെട്ടതാണോ അത്രയും പ്രിയപ്പെട്ടതാണ് കേരളത്തിനും.
അര്‍ജന്റീനയോടും മെസ്സിയോടുമുള്ള സ്‌നേഹം ഓരോ മലയാളിയുടെയും നെഞ്ചിലുണ്ടാവും. അര്‍ജന്റീന ടീം കേരളത്തില്‍ കളിക്കാനെത്തിയാല്‍ അതില്‍ ലയണല്‍ മെസ്സിയുണ്ടാവുമോ എന്നൊക്കെ നമ്മള്‍ ചിന്തിച്ച് തുടങ്ങിയിരിക്കുന്നു.
എന്നാല്‍ അതൊക്കെ അവിടെ നില്‍ക്കട്ടെ. മെസ്സിയോടുള്ള മലപ്പുറത്തുകാരുടെ ആരാധന എത്രയുണ്ടെന്നന്ന് കാണിക്കുന്ന ഒരു സംഭവം അവിടെ നടന്നിരിക്കുകയാണ്. മലപ്പുറത്തിന് സ്വന്തമായി ഒരു ലയണല്‍ മെസ്സിയെ കിട്ടിയിരിക്കുകയാണ്. ഐതുന്റെ പുരയ്ക്കല്‍ മന്‍സൂറിന്റെയും സഫീല നസ്‌റിന്റെയും മകനായിട്ടാണ് ഈ കുഞ്ഞ് മെസ്സി പിറന്നത്.
കാല്‍പ്പന്തുകളിയെ നെഞ്ചോടുചേര്‍ത്ത് സ്‌നേഹിച്ച മലപ്പുറത്തുകാര്‍ക്കല്ലാതെ ലയണല്‍ മെസ്സിയെന്ന പേരിടാന്‍ ആര്‍ക്കാണ് തോന്നുക. മന്‍സൂറിന്റെ കാര്യത്തിലും അങ്ങനെ തന്നെയായിരുന്നു. സൂപ്പര്‍ താരം മെസ്സിയുടെ കടുത്ത ആരാധകനാണ് മന്‍സൂര്‍. കുഞ്ഞിന് പേരിടാന്‍ മറ്റൊരു പേരു പോലും അദ്ദേഹത്തിന് തിരയേണ്ടതില്ലായിരുന്നു.
എപി ലയണല്‍ മെസ്സിയെന്ന പേരാണ് ഈ കുഞ്ഞിന് നല്‍കിയത്. വെറും അഞ്ച് മാസമാണ് കുഞ്ഞിന്റെ പ്രായം. ഓഗസ്റ്റ് നാലിനായിരുന്നു കുഞ്ഞ് പിറന്നത്. ഭാര്യ സഫീലയുടെ പിന്തുണ ഒപ്പമുണ്ടായതോടെ മന്‍സൂറിന് കാര്യങ്ങള്‍ എല്ലാം എളുപ്പമായി.
അതേസമയം വിമര്‍ശനങ്ങള്‍ ഈ പേരിട്ടതോടെ ധാരാളമായിരുന്നുവെന്ന് മന്‍സൂര്‍ പറയുന്നു. എന്നാല്‍ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ഒപ്പം നിന്നതോടെ മന്‍സൂറിന് ആശ്വാസമാവുകയും ചെയ്തു.അതേസമയം നീലയും വെള്ളയും കലര്‍ന്ന അര്‍ജന്റീന ജഴ്‌സിയണിഞ്ഞ കുഞ്ഞുമെസ്സിയുടെ ചിത്രങ്ങളും ജനന സര്‍ട്ടിഫിക്കറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
മകന്‍ വളര്‍ന്ന് വലുതായ ശേഷം വേണമെങ്കില്‍ പേരുമാറ്റിക്കോട്ടെ എന്നാണ് മന്‍സൂര്‍ അഭിപ്രായപ്പെട്ടത്. അത് മാത്രല്ല ഫുട്‌ബോള്‍ കളിക്കാരനായി മകനെ വളര്‍ത്തിയെടുക്കണമെന്നും പിതാവ് ആഗ്രഹിക്കുന്നു. സൗദിയിലെ ഒരു കമ്ബനിയിലെ ജീവനക്കാരനാണ് മന്‍സൂര്‍. കുഞ്ഞു മെസ്സിയാകട്ടെ താനൂരിലെ അമ്മ വീട്ടിലാണ് താമസം.