റാന്നി : പെരുനാട് കാര്‍മല്‍ കോളേജിന് സമീപം പശുവിനെ കൊലപ്പെടുത്തിയത് കടുവയാണെന്ന് സ്ഥിരീകരിച്ചതോടെ വനംവകുപ്പ് നിരീക്ഷണത്തിനായി കാമറകള്‍ സ്ഥാപിച്ചു.
പെരുനാട് വളവനാല്‍ റെജി തോമസിന്റെ പശുവാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ കടുവയുടെ ആക്രമണത്തില്‍ ചത്തത്. തൊഴുത്തിനോട് ചേര്‍ന്നുള്ള റബര്‍ത്തോട്ടത്തിലായിരുന്നു പശുവിനെ കെട്ടിയിരുന്നത്. കടുവയെ കുടുക്കാന്‍ കൂടുവയ്ക്കുന്നതിനായുള്ള നടപടിക്രമങ്ങളുടെ ഭാഗമായി രാജാംപാറ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഡി.എഫ്.ഒയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. പശുവിനെ ആക്രമിച്ച സ്ഥലത്ത് വീണ്ടും കടുവ എത്താന്‍ സാദ്ധ്യത ഉള്ളതിനാലാണ് വനംവകുപ്പ് കാമറ സ്ഥാപിച്ചത്.
ഇന്നലെ രാവിലെ പെരുനാട് കൂനംകര മേഖലയില്‍ തോട്ടത്തില്‍ പശുവിനെ തീറ്റാന്‍ പോയവര്‍ കടുവയെ കണ്ടെന്നും അഭ്യൂഹമുണ്ട്. വനംവകുപ്പ് ഇത് സ്ഥിരീകരിച്ചില്ലെങ്കിലും ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി. വനത്തിനോട് ചേര്‍ന്ന പ്രദേശത്തിന് പുറമെ ഏക്കറുകണക്കിന് വരുന്ന കമ്ബനി തോട്ടങ്ങള്‍ കാടുമൂടി കിടക്കുന്നതും വന്യജീവികള്‍ക്ക് താവളമാകുന്നുണ്ട്. റബര്‍ ടാപ്പിംഗ് ഇല്ലാത്തതിനാല്‍ തോട്ടങ്ങളില്‍ വ്യാപകമായി കാടുകള്‍ വളര്‍ന്നിരിക്കുകയാണ്. അഴിച്ചുവിട്ടു വളര്‍ത്തുന്ന പശു, ആട് എന്നിവയെ വേഗത്തില്‍ വേട്ടയാടാന്‍ കഴിയുമെന്നതിനാല്‍ കാട്ടുമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്നതായും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.