ഐപിഎല്‍ ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് പ്ലേ ഓഫ് കാണാതെ പുറത്തേക്ക്. മുംബൈ ഇന്ത്യന്‍സിനോട് പത്ത് വിക്കറ്റിന് തകര്‍ന്നടിഞ്ഞ മഹേന്ദ്രസിങ് ധോണിയും കൂട്ടരും സീസണിലെ എട്ടാംതോല്‍വി ഏറ്റുവാങ്ങി. ഇനി ബാക്കിയുള്ള മൂന്ന് കളികളില്‍ ജയിച്ചാലും പ്രതീക്ഷ കുറവാണ്. കളിയിലെമ്ബാടും സര്‍വാധിപത്യം പുലര്‍ത്തിയാണ് മുംബൈ ചെന്നൈയെ മലര്‍ത്തിയടിച്ചത്. നാല് വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോള്‍ട്ടും,37 പന്തില്‍ പുറത്താകാതെ 68 റണ്ണടിച്ച ഇഷാന്‍ കിഷനുമാണ് മുംബൈയുടെ വിജയശില്‍പ്പികള്‍. സ്കോര്‍: ചെന്നൈ 9–-114, മുംബൈ -0–-116 (12.2). ആദ്യമായാണ് ചെന്നൈ പത്ത് വിക്കറ്റിന്റെ മഹാതോല്‍വി ഏറ്റുവാങ്ങുന്നത്.
അനായാസമായിരുന്നു മുംബൈ റണ്‍ പിന്തുടര്‍ന്നത്.പേശിവലിവ് കാരണം ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിക്കുമുമ്ബേ പിന്‍മാറിയിരുന്നു. കീറൊണ്‍ പൊള്ളാര്‍ഡാണ് പകരം അവരെ നയിച്ചത്. ക്വിന്റണ്‍ ഡി കോക്കിനൊപ്പം (37 പന്തില്‍ 46) ഇഷാന്‍ എത്തി. ഇരുവരും തകര്‍ത്തടിച്ചു. അഞ്ച് സിക്സറും ആറ് ബൗണ്ടറിയും ഇഷാന്‍ നേടിയപ്പോള്‍ ഡി കോക്ക് രണ്ട് സിക്സും അഞ്ച് ഫോറും പായിച്ചു.
നേരത്തേ ബോള്‍ട്ടിന്റെ പന്തുകള്‍ക്കുമുമ്ബില്‍ തകര്‍ന്ന ചെന്നൈയെ 47 പന്തില്‍ 52 റണ്ണടിച്ച ഓള്‍റൗണ്ടര്‍ സാം കറനാണ് നൂറ് കടത്തിയത്. ആറിന് 30 എന്ന നിലയിലായിരുന്നു ഒരുഘട്ടം.