പത്തനംതിട്ട: സാമ്ബത്തിക തട്ടിപ്പ് കേസ് രാഷ്ട്രീയ പ്രേരിതമെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. പ്രാഥമികാന്വേഷണം പോലും നടത്താതെയാണ് തന്നെ പ്രതിയാക്കിയതെന്ന് കുമ്മനം ആരോപിച്ചു. പ്രതിയാക്കാന്‍ തക്ക തെളിവുകളൊന്നും പരാതിയില്‍ ഇല്ലെന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ സിപിഎം ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ ഉദ്യേഗസ്ഥനും ഇതില്‍ പങ്കാളിയാകുകയാണ്. കമ്ബനിയുടെ പണം ഇടപാടിനെ കുറിച്ച് അറിയില്ലെന്ന് കുമ്മനം രാജശേഖരന്‍ കൂട്ടിച്ചേര്‍ത്തു.
പ്രതിയാക്കാനുള്ള എന്ത് തെറ്റാണ് ചെയ്തത് എന്ന് അറിയില്ല. പരാതിക്കാരന്‍ ഹരികൃഷ്ണനെ കുറെ നാളായി പരിചയമുണ്ട്. എന്നാല്‍, പണമിടപാടുകളെ കുറിച്ച് അറിയില്ല ഇടപാടുകളെ സംബന്ധിച്ച് ചര്‍ച്ച നടന്നില്ലെന്നും കുമ്മനം പറഞ്ഞു. കമ്ബനി തുടങ്ങുന്ന കാര്യം പരാതിക്കാരന്‍ പറഞ്ഞിട്ടുണ്ട്. സംരംഭത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ പണം ഇടപാട് അറിയില്ല. പരാതി സംബന്ധിച്ച് പൊലീസും ഒന്നും അറിയിച്ചിട്ടില്ല. രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. പൊലീസും രാഷ്ട്രീയ ഇടപെടലുകള്‍ നടത്തുകയാണെന്നും നേതാക്കളെ കരിവാരി തേക്കാനുള്ള സിപിഎമ്മിന്‍്റെ ശ്രമത്തെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആറന്മുള പുത്തേഴത്ത് ഇല്ലത്ത് സി ആര്‍ ഹരികൃഷണന്റെ പരാതിയിലാണ് ആറന്മുള പൊലീസ് കുമ്മനം രാജശേഖരനെതിരെ കേസെടുത്തത്. പ്ലാസ്റ്റിക് രഹിത പേപ്പര്‍ കോട്ടണ്‍ മിക്സ് ബാനര്‍ നിര്‍മ്മിക്കുന്ന കമ്ബനിയില്‍ പങ്കാളിയാക്കാമെന്ന് വാഗദാനം ചെയ്ത് മുപ്പത് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് കേസ്. കുമ്മനം രാജശേഖരന്റെ മുന്‍ പിഎ പ്രവീണ്‍ വി. പിള്ളയാണ് കേസില്‍ ഒന്നാം പ്രതി. കുമ്മനം രാജശേഖരന്‍ കേസില്‍ നാലാം പ്രതിയാണ്. ബിജെപി എന്‍ആര്‍ഐ സെല്‍ കണ്‍വീനര്‍ എന്‍. ഹരികുമാര്‍ അടക്കം ഒന്‍പത് പേരെ പ്രതി ചേര്‍ത്താണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഒന്നാം പ്രതിയായ പ്രവീണാണ് പരാതിക്കാരനെ സംരഭത്തിലേക്ക് പണം നിക്ഷേപിക്കാന്‍ നിര്‍ബന്ധിച്ചത്. കുമ്മനത്തിന്റെ പിഎ എന്ന് പരിചയപ്പെടുത്തിയാണ് പ്രവീണ്‍ പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടത്. ഇത് പ്രകാരമാണ് ഹരികൃഷ്ണന്‍ പണം നിക്ഷേപിച്ചത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് സമയത്താണ് ഇത് സംബന്ധിച്ച് ആദ്യ കൂടിക്കാഴ്ച നടന്നത്. ജോത്സ്യന്‍ കൂടിയായ പരാതിക്കാരന്‍ ശബരിമല ദേവപ്രശ്നത്തില്‍ പങ്കെടുത്തിരുന്നു. മിസോറാം ഗവര്‍ണറായിരിക്കെ കുമ്മനം ശബരിമലയില്‍ ദേവ പ്രശ്നസമയത്ത് എത്തിയപ്പോള്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയെന്നും പരാതിയില്‍ പറയുന്നു. കമ്ബനിയുടെ പേരില്‍ കൊല്ലങ്കോട് കാനറ ബാങ്ക് ശാഖയില്‍ തുടങ്ങിയ അക്കൗണ്ടില്‍ 30 ലക്ഷത്തിലധികം രൂപ പരാതിക്കാരന്‍ നിക്ഷേപിച്ചു.
എന്നാല്‍ ഷെയര്‍ സര്‍ട്ടിഫിക്കറ്റ് ചോദിച്ചപ്പോള്‍ സാങ്കേതിക തടസങ്ങള്‍ പറഞ്ഞ് സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്നുമാണ് പരാതി. സംരംഭം തുടങ്ങാതായപ്പോള്‍ ഹരികൃഷണന്‍ പണം തിരികെ ആവശ്യപ്പെട്ടു. തുടര്‍ന്ന് നാല് ലക്ഷത്തില്‍പ്പരം രൂപ തിരികെ നല്‍കി. ബാക്കി പണം കിട്ടാതെ വന്നപ്പോഴാണ് ഹരികൃഷ്ണന്‍ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയതും ആറന്മുള സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതും. കുമ്മനം രാജശേഖരനെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഭരണസമിതി പ്രതിനിധിയായി കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. കേസിലെ മറ്റൊരു പ്രതിയായ ഹരികുമാറിനെ ഭരണസമിതിയില്‍ നിയമിച്ച ഉത്തരവ് റദ്ദാക്കിയാണ് കുമ്മനത്തിന് നിയമനം നല്‍കിയത്.