ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള വാണിജ്യ ബന്ധത്തെ പാകിസ്ഥാന്‍ തടസ്സപ്പെടുത്തുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. രാജ്യത്തിന്റെ വിദേശനയത്തിലും പാകിസ്ഥാന്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു ഓണ്‍ലൈന്‍ പരിപാടിയില്‍ പങ്കെടുക്കുമ്ബോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്ഥാന്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നതിനാല്‍ രാജ്യവുമായി ‘സാധാരണ രീതി’യിലുള്ള ബന്ധം നിലനിര്‍ത്താന്‍ അയല്‍ രാജ്യങ്ങള്‍ക്കൊന്നും സാധിക്കുകയില്ലെന്നും അതുകൊണ്ട് തന്നെ പാകിസ്ഥാനുമായി ഒരു തരത്തിലുമുള്ള വ്യാപാരത്തിലും ഇന്ത്യ ഏര്‍പ്പെട്ടിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
വളരെക്കാലമായി പാകിസ്ഥാനോട് ഭീകര പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്‍വാങ്ങണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നുണ്ട്.എന്നാല്‍, ഇപ്പോഴുള്ള അവസ്ഥയില്‍ നിന്നുമൊരു മാറ്റത്തിനു പാകിസ്ഥാനിതു വരെ തയ്യാറായിട്ടില്ലെന്ന് എസ്.ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. ഗാല്‍വന്‍ അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന ഇന്ത്യ-ചൈന സംഘര്‍ഷത്തെ സംബന്ധിച്ചും അദ്ദേഹം ഓണ്‍ലൈന്‍ പരിപാടിയില്‍ സംസാരിച്ചു.