നവരാത്രിയുടെ പ്രാധാന്യം
“സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി സിദ്ധിര്ഭവതു മേ സദാ“
അഹന്തയുടെയും, അജ്ഞാനത്തിന്റെയും പ്രതിരൂപമായ മഹിഷാസുരനെ ആദിപരാശക്തി വധിച്ച് വിജയം കൈവരിച്ച മുഹൂർത്തത്തിന്റെ സ്മരണയാണു നവരാത്രി.
അതിനാൽ ഗ്രന്ഥപൂജയുടെയും ആയുധപൂജയുടെയും സമയമാണു നവരാത്രി. നവരാത്രി പൂജാവിധിയെക്കുറിച്ച് ദേവീഭാഗവതം പഞ്ചമസ്കന്ധത്തില്‍ ഇങ്ങനെ വിവരിക്കുന്നു. “ശുഭത്തെ ആഗ്രഹിക്കുന്ന ദേവീഭക്തര്‍ നവരാത്രിവ്രതം അനുഷ്ഠിക്കേണ്ടത് ഏറ്റവും ഉത്തമമാകുന്നു”
നവരാത്രിയുടെ ആദ്യത്തെ മൂന്ന് ദിവസം ശക്തിരൂപിണിയായ ദുര്‍ഗ്ഗാദേവിയേയും അടുത്ത മൂന്ന് ദിവസം ഐശ്വര്യ ദേവതയായ മഹാലക്ഷ്മിയേയും ഒടുവിലുത്തെ മൂന്ന് ദിവസം വിദ്യാദേവതയായ സരസ്വതീ ദേവിയേയാണു പൂജിക്കുന്നത് .
ഇച്ഛാശക്തി ,ജ്ഞാനശക്തി , ക്രിയാശക്തി ഇവയുടെ ഒരു സംയോജനമാണ് ഇതിലൂടെ കാണുന്നത്. സ്വന്തം അമ്മയായി ദേവിയെ സങ്കല്‍പിക്കുകയാണു ഈ ഉപാസനയിലൂടെ ചെയ്യുന്നത്. അമ്മയുടെ മടിയില്‍ കുട്ടികള്‍ സുരക്ഷിതരാകുന്നത് പോലെ ദേവിയുടെ തണലില്‍ നമുക്കെല്ലാവർക്കും സുരക്ഷിതരാകാമെന്ന് ഇത് സൂചിപ്പിക്കുന്നു.
വാഗ് ദേവതയാണ് സരസ്വതി, വാക്കിന്റെ , സംസാരത്തിന്റെ ഉറവിടമായ നാവിൽ എല്ലാ ദേവചൈതന്യവും കുടികൊള്ളുന്നു എന്നാണു സങ്കല്പം. സർവ്വതിനേയും ആകർഷിക്കാനും , സ്നേഹിക്കാനും, ശത്രുവാക്കാനും, സംഹരിക്കാനും , കഴിവുള്ളതാണു നാവ്.
പൂജ വയ്ക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
അഷ്ടമ സന്ധ്യാദിവസം, പൂജാമുറിയിലോ ശുദ്ധിയുള്ള സ്ഥലത്തൊ വേണം പൂജ വയ്ക്കാൻ. കിഴക്കോട്ടൊ പടിഞ്ഞാറോട്ടൊ അഭിമുഖമായി സരസ്വതി ദേവിയുടെയോ അല്ലെങ്കിൽ ദുർഗ്ഗാ ദേവിയുടെയോ ചിത്രം പീഠത്തിലോ അല്ലെങ്കിൽ പട്ട് വിരിച്ചൊ വെക്കുക. ഗണപതിയുടെ ചിത്രവും ഉപയോഗിക്കാറുണ്ട്.
- ഒരു നിലവിളക്കു പൂജ വയ്ക്കുന്നിടത്തു സദാ കത്തിക്കൊണ്ടിരിക്കണം.
- ആയുധങ്ങളിൽ കുങ്കുമം തൊടുവിക്കണം. പുസ്തകങ്ങളിൽ പുഷ്പങ്ങളും അർപ്പിക്കണം.
- പൂജിക്കേണ്ട വസ്തുക്കൾ ഒരു തുണിയിൽ പൊതിഞ്ഞാണ് വയ്ക്കേണ്ടത്.
- പൂജ വച്ച് കഴിഞ്ഞാൽ ദേവി മന്ത്രം ജപിച്ചിരുന്നു വ്രതം എടുക്കുന്നത് ഉത്തമമാണ്.
- പൂജ വയ്ക്കുന്നതിന് മുൻപ് ആയുധങ്ങൾ നന്നായി വൃത്തിയാക്കുക.
- വിദ്യാർത്ഥികൾ പുസ്തകവും, പേനയും വയ്ക്കുക
- തൊഴിലാളികൾ പണി ആയുധങ്ങൾ , വാഹനങ്ങൾ ഉള്ളവരും, വാഹനം ഓടിച്ചു ഉപജീവനം നടത്തുന്നവരും വാഹനം പൂജ വയ്ക്കണം.
- കലാകാരൻമാർ അതുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ.
- പൂജിക്കേണ്ട വസ്തുക്കൾ ഒരു തുണിയിൽ പൊതിഞ്ഞാണ് വയ്ക്കേണ്ടത്.
- പൂജ എടുത്തു കഴിഞ്ഞാൽ – മണ്ണിലോ അരിയിലൊ ‘ഹരിഃ ശ്രീ ഗണപതയേ നമഃ എന്ന് മാതൃഭാഷയിലോ, സംസ്കൃതത്തിലോ എഴുതുക.
- പുസ്തകം തുറന്ന് അപ്പോൾ കിട്ടുന്ന ഭാഗം വായിക്കുക.
ദേവി സ്മരണയിൽ നിന്ന്, ദേവി തന്നെ അനുഗ്രഹിച്ചു നല്ല വിദ്യ നേടാനുള്ള ബുദ്ധിയും, കർമ്മം ചെയ്യാനുള്ള ആരോഗ്യവും തരാൻ അപേക്ഷിക്കുക . തന്റെ ജീവിതം അഹങ്കാരമില്ലാതെ നില നിർത്തും എന്നും സങ്കൽപിക്കുക .
ഈ മന്ത്രം ജപിക്കുക
അമ്മേ നാരായണ ദേവീ നാരായണ
ലക്ഷ്‌മി നാരായണ ഭദ്രേ നാരായണ