ഡല്‍ഹി : ഭര്‍ത്താവിനോടൊപ്പം മുന്‍പ് താമസിച്ചിരുന്ന ബന്ധുവീട്ടിലും ഭാര്യക്ക് താമസ അവകാശമുണ്ടെന്ന് സുപ്രീം കോടതി വിധി. ഈ വീട്ടില്‍ ഭര്‍ത്താവിന് ഉടമസ്ഥാവകാശം വേണമെന്ന് നിര്‍ബന്ധമില്ല.
ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ടു നടന്ന ഒരു കേസിലാണ് സുപ്രീംകോടതി സുപ്രധാനമായ ഈ വിധി പുറപ്പെടുവിച്ചത്. ഇപ്പോള്‍ നിലവിലുള്ള സുപ്രീം കോടതിയുടെ തന്നെ 2006-ലെ വിധിയെ മറികടന്നാണ് ഈ വിധി പ്രഖ്യാപനം. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് ഈ വിധി പ്രഖ്യാപനം. ഗാര്‍ഹിക പീഡന നിരോധന നിയമത്തിലെ രണ്ട്(എസ്) വകുപ്പു പ്രകാരം താമസം പങ്കിടുന്ന വീട് എന്ന നിര്‍വചനമാണ് സുപ്രീംകോടതി വ്യാഖ്യാനിച്ചത്. ഭര്‍ത്താവിന് ഉടമസ്ഥാവകാശമുള്ളതോ വാടകക്കെടുത്തതോ കൂട്ടുകുടുംബ സ്വത്തോ ആയ വീട്ടില്‍ മാത്രമാണ് നിലവിലെ വിധിപ്രകാരം ഭാര്യക്ക് താമസാവകാശമുണ്ടായിരുന്നത്.എന്നാല്‍, മകന്റെ ഭാര്യയ്ക്കെതിരെ ഡല്‍ഹിയിലെ സതീഷ് ചന്ദ്ര അഹൂജ എന്നയാള്‍ നല്‍കിയ പരാതിയിലാണ് സുപ്രീം കോടതി ഇങ്ങനെ വിധി പുറപ്പെടുവിച്ചത്. വീടിന്റെ മുകളിലെ നിലയിലാണ് അഹൂജയുടെ മൂത്തമകനും ഭാര്യയും താമസിച്ചിരുന്നത്. മാനസികമായി അകന്ന ഇരുവരും ഇതിനിടെ വിവാഹമോചനക്കേസ് ഫയല്‍ ചെയ്തതോടെ മകന്റെ ഭാര്യ താമസം ഒഴിയണമെന്ന് അഹൂജ ആവശ്യപ്പെടുകയായിരുന്നു.