ലൈഫ് മിഷന്‍ ക്രമക്കേടില്‍ ഇതുവരെ ശേഖരിച്ച സാക്ഷി മൊഴികള്‍ വിജിലന്‍സ് വിശദമായി പരിശോധിയ്ക്കുന്നു. യുണിടാക്കിന് നിര്‍മ്മാണ കരാര്‍ ലഭിച്ച വിവരം അറിഞ്ഞിരുന്നില്ലെന്ന ലൈഫ് സിഇഒയുടെ മൊഴിയും, മറ്റുള്ളവരുടെ മൊഴികളും തമ്മില്‍ പൊരുത്തക്കേടുകളുണ്ട്. വ്യക്തത വരുത്തിയ ശേഷം അന്വേഷണത്തിന്‍റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനാണ് വിജിലന്‍സ് തീരുമാനം. ലൈഫ് മിഷന്‍ ക്രമക്കേടില്‍ അന്വേഷണം ഏറ്റെടുത്ത ശേഷം ഇതുവരെ ശേഖരിച്ച മൊഴികളില്‍ നിരവധി വൈരുദ്ധ്യങ്ങളുണ്ടെന്നാണ് വിജിലന്‍സ് സംഘത്തിന്‍റെ വിലയിരുത്തല്‍.
വടക്കാഞ്ചേരി പദ്ധതിയില്‍ ലൈഫ് മിഷനും റെഡ് ക്രസന്‍റും തമ്മിലുള്ള കരാറിനെ കുറിച്ച് മാത്രമേ അറിഞ്ഞിരുന്നുള്ളൂവെന്നും യുണിടാക്കിന്‍റെ കരാര്‍ അറിയില്ലായിരുന്നുവെന്നുമാണ് നേരത്തെ ലൈഫ് സിഇഒ യു.വി ജോസ് മൊഴി നല്‍കിയിരുന്നത്.വടക്കാഞ്ചേരി മുനിസിപ്പാലിറ്റി സെക്രട്ടറി, ലൈഫ് ജില്ല കോര്‍ഡിനേറ്റര്‍ എന്നിവരും സമാനമായ മൊഴി നല്‍കിയിരുന്നു. നിര്‍മ്മാണം തുടങ്ങിയപ്പോഴാണ് യുണിടാക്കിനെ കുറിച്ചറിയുന്നതെന്നും ഇരുവരുടെയും മൊഴിയുണ്ട്.
എന്നാല്‍ സെക്രട്ടറിയും ജില്ല കോര്‍ഡിനേറ്ററും നല്‍കിയ മൊഴികളില്‍ ലൈഫ് മിഷന്‍ ഉദ്യോഗസ്ഥരാണ് എല്ലാ ഘട്ടത്തിലും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നതെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതാണ് സംശയത്തിനിടയാക്കിയിരിക്കുന്നത്. യുണിടാക്കിന്‍റെ രംഗപ്രവേശം ലൈഫ് മിഷന്‍ അധികൃതര്‍ തുടക്കത്തില്‍ അറിഞ്ഞിരുന്നോ എന്ന സംശയമാണ് ബലപ്പെട്ടിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ ലൈഫ് സിഇഒയുടെയും മറ്റുള്ളവരുടെയും മൊഴികള്‍ വിശദമായി താരതമ്യം ചെയ്ത് പരിശോധിക്കാനാണ് വിജിലന്‍സ് തീരുമാനം. ഇതിന് ശേഷമായിരിക്കും ഫ്ലാറ്റിന്‍റെ ബലപരിശോധന പ്രത്യേക സംഘം നടത്തുക. എം. ശിവശങ്കറിന്‍റെ മൊഴി എപ്പോള്‍ രേഖപ്പെടുത്തുമെന്നതിലും ഇതിന് ശേഷമായിരിക്കും തീരുമാനം