ഒന്‍പതാം തവണയും ബിഹാര്‍ മുഖ്യമന്ത്രിയായി(Bihar CM) സത്യപ്രതിജ്ഞ(Oath) ചെയ്ത് നിതീഷ് കുമാര്‍.ബിജെപി നേതാക്കളായ സാമ്രാട്ട് ചൗധരിയും വിജയ് സിന്‍ഹയും ഉപമുഖ്യമന്ത്രിമാരായി ചുമതലയേറ്റു. കഴിഞ്ഞ ദിവസം രാജ്ഭവനില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറിന് കത്ത് നല്‍കിയതിന് പിന്നാലെയാണ് നിതീഷ് കുമാര്‍ രാജിവെച്ചത്.
ഞായറാഴ്ച രാവിലെ നടന്ന ജനതാദള്‍ (യു) നിയമസഭാ യോഗത്തിലാണ് അദ്ദേഹം രാജി തീരുമാനം പ്രഖ്യാപിച്ചത്. ജെഡിയു(JDU) മഹാസഖ്യത്തിൽ നിന്ന് വേർപിരിഞ്ഞ് ബിജെപിയുമായി (BJP) ചേർന്ന് ബിഹാറിൽ എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിലേക്ക് തിരിച്ചുവരികയായിരുന്നു. താന്‍ ഉണ്ടായിരുന്നിടത്തേക്ക് തിരിച്ചെത്തിയെന്നായിരുന്നു സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. ‘ഞാന്‍ മുമ്പ് ഉണ്ടായിരുന്നിടത്ത്(എന്‍ഡിഎയില്‍) ഇപ്പോള്‍ തിരിച്ചെത്തിയിരിക്കുന്നു, ഇനി എവിടെയും പോകുന്ന പ്രശ്‌നമില്ല. ഞങ്ങള്‍ ബീഹാറിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കുന്നു, ഞങ്ങള്‍ അത് തുടരും, മറ്റൊന്നുമല്ല, തേജസ്വി ഒന്നും ചെയ്തിരുന്നില്ല.’, നിതീഷ് പറഞ്ഞു. 2024ല്‍ ജെഡിയു അവസാനിക്കുമെന്ന ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.