കഴിഞ്ഞ വർഷം കൂട്ട പിരിച്ചുവിടലുകൾ നടത്തിയ ശേഷം, ഇലോൺ മസ്‌ക് ഇപ്പോൾ ട്വിറ്റർ ഓഫീസുകൾ അടച്ചുപൂട്ടുകയാണ്. ഏറ്റവും ഒടുവിൽ ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം, മസ്‌കിന്റെ നേതൃത്വത്തിലുള്ള സോഷ്യൽ മീഡിയ കമ്പനി ഇന്ത്യയിൽ ആകെയുള്ള മൂന്ന് ഓഫീസുകളിൽ രണ്ടെണ്ണം അടച്ചുപൂട്ടുകയും ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്‌തിരിക്കുകയാണ് ഇപ്പോൾ.
ഇന്ത്യയിലെ ഏകദേശം 200ലധികം ജീവനക്കാരിൽ 90 ശതമാനം ജീവനക്കാരെയും മസ്‌ക് നേരത്തെ പുറത്താക്കിയിരുന്നു. ഡൽഹിക്ക് പുറമെ മുംബൈയിലെ ട്വിറ്റർ ഓഫീസും മസ്‌ക് അടച്ചുപൂട്ടി. ബംഗളുരുവിലെ ട്വിറ്റർ ഒരു ഓഫീസ് [പ്രവർത്തനം തുടരും. അവിടെ റിസോഴ്‌സ് എഞ്ചിനീയർമാരാണ് ജോലി ചെയ്യുന്നതെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇന്ത്യയിൽ മാത്രമല്ല പലയിടത്തും ട്വിറ്റർ ഓഫീസുകൾ അടച്ചുപൂട്ടി കൊണ്ടിരിക്കുകയാണ്.
ലോകമെമ്പാടുമുള്ള ജീവനക്കാരെ പിരിച്ചുവിടുകയും ഓഫീസുകൾ അടച്ചുപൂട്ടുകയും ചെയ്‌ത ശേഷം ഇന്ത്യൻ വിപണിയെയും ഇപ്പോൾ പ്രഥമ പരിഗണനയിൽ നിന്ന് ഒഴിവാക്കുകയാണ് ഇലോൺ മസ്‌ക്. മസ്‌ക് ജീവനക്കാരെ പിരിച്ചുവിട്ടതുമുതൽ പ്രവർത്തനങ്ങൾ നടത്താനും, ഉള്ളടക്കം നിയന്ത്രിക്കാനും ട്വിറ്റർ ബുദ്ധിമുട്ടുകയാണ്. കമ്പനിയെ സുസ്ഥിരമാക്കാനും അതിന്റെ സാമ്പത്തിക ആരോഗ്യം ഉറപ്പാക്കാനും ഈ വർഷാവസാനം വരെ തനിക്ക് ആവശ്യമായി വരുമെന്ന് മസ്‌ക് അടുത്തിടെ പറഞ്ഞിരുന്നു.