മുംബൈ: വളര്‍ത്തുനായ വഴിയില്‍നിന്നയാളെ കടിച്ചതിന് ഉടമയ്ക്ക് മൂന്നു മാസം തടവുശിക്ഷ വിധിച്ച് കോടതി. മുംബൈയിലെ ബിസിനസുകാരനായ സൈറസ് പേഴ്‌സിക്കാണ് മെട്രൊപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്.
റോട്ട്‌വീലര്‍ പോലെ അപകടകാരിയായ വളര്‍ത്തുനായെ കൊണ്ടുനടക്കുമ്ബോള്‍ പാലിക്കേണ്ട സൂക്ഷ്മത പ്രതിയില്‍നിന്നുണ്ടായില്ലെന്നു കോടതി പറഞ്ഞു.
പന്ത്രണ്ടു വര്‍ഷം മുമ്ബാണ് കേസിനാസ്പദമായ സംഭവം. സൈറസും കേസരി ഇറാനിയും വസ്തു സംബന്ധമായ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനിടെ നായ ഇറാനിയെ കടിക്കുകയായിരുന്നു. സൈറസിന്റെ കാറിനുള്ളിയില്‍ ആയിരുന്ന നായയെ ഇയാള്‍ ഡോര്‍ തുറന്നു പുറത്തു വിടുകയായിരുന്നു. എഴുപത്തിരണ്ടുകാരനായ ഇറാനിക്കു കൈയിലും കാലിലുമായി മൂന്നു കടിയേറ്റു.
നായയെ തുറന്നുവിടരുതെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സൈറസ് കേട്ടില്ലെന്ന് ഇറാനി പറഞ്ഞു. റോട്ടവീലര്‍ അപകടകാരിയെന്നും ഇത്തരം നായകളെ കൊണ്ടുനടക്കുമ്ബോള്‍ സൂക്ഷ്മ പുലര്‍ത്തേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. സൈറസ് ഇതു പ്രകടിപ്പിച്ചില്ല. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ശിക്ഷാനിയമം 289, 337 വകുപ്പുകള്‍ പ്രകാരം കുറ്റക്കാരനാണെന്നു കോടതി പറഞ്ഞു.