കൊച്ചി: സൂപ്പർ ലീഗ് കേരളയുടെ സെമി ഫൈനലിന് മുന്നോടിയായുള്ള ആവേശപ്പോരാട്ടത്തിൽ കരുത്തരായ കാലിക്കറ്റ് എഫ്‌സിയെ അട്ടിമറിച്ച് ഫോഴ്‌സ കൊച്ചി എഫ്‌സി. കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യപകുതിയിൽ രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷമാണ് കൊച്ചിയുടെ ഗംഭീര തിരിച്ചുവരവ് (3-2).
ഡീഗോ ഹെർണാണ്ടസ്, അഖിൽ പ്രവീൺ, രാഹുൽ രാജു എന്നിവർ കൊച്ചിക്കായി ലക്ഷ്യം കണ്ടപ്പോൾ ആൻഡ്രൂസ്, കാൽവിൻ തോമസ് എന്നിവരാണ് കാലിക്കറ്റിന്‍റെ ഗോളുകൾ നേടിയത്. പത്ത് മത്സരങ്ങളും പൂർത്തിയാക്കിയ കാലിക്കറ്റ് 23 പോയന്‍റുമായി ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ, 16 പോയന്‍റുള്ള ഫോഴ്‌സ കൊച്ചി മൂന്നാം സ്ഥാനം ഉറപ്പിച്ചു. ഇതോടെ സെമി ഫൈനലിൽ ടേബിളിലെ രണ്ടാം സ്ഥാനക്കാരായ മലപ്പുറം എഫ്‌സിയെയാണ് കൊച്ചി നേരിടുക.
ആദ്യപകുതിയിൽ കാലിക്കറ്റ് ആധിപത്യം
മത്സരത്തിന്‍റെ ഒൻപതാം മിനിറ്റിൽ രാഹുൽ രാജുവിലൂടെ കൊച്ചിയാണ് ആദ്യ മുന്നേറ്റം നടത്തിയത്. എന്നാൽ 31-ാം മിനിറ്റിൽ കൊച്ചി പ്രതിരോധത്തിലെ ആശയക്കുഴപ്പം മുതലെടുത്ത് ആൻഡ്രൂസ് കാലിക്കറ്റിന് ലീഡ് നൽകി (1-0). ഏഴ് മിനിറ്റിനുള്ളിൽ ആൻഡ്രൂസിന്‍റെ പാസിൽ നിന്ന് കാൽവിൻ തോമസ് ലീഡ് ഇരട്ടിയാക്കി (2-0). ഒന്നാംപകുതിയുടെ ഇഞ്ചുറി ടൈമിൽ പരിക്കേറ്റ കൊച്ചി ഗോൾകീപ്പർ ജെയ്‌മി ജോയിക്ക് പകരം ദേബ്ജിത്ത് മജുംദാർ കളത്തിലിറങ്ങി.
രണ്ടാം പകുതിയിൽ ആക്രമണം കടുപ്പിച്ച കൊച്ചി 55-ാം മിനിറ്റിൽ മെക്സിക്കൻ താരം ഡീഗോ ഹെർണാണ്ടസിലൂടെ ഒരു ഗോൾ മടക്കി. തൊട്ടുപിന്നാലെ ഹെർണാണ്ടസിന്‍റെ മറ്റൊരു ഷോട്ട് ക്രോസ് ബാറിൽ തട്ടിത്തെറിച്ചു. 68-ാം മിനിറ്റിൽ കോർണറിൽ നിന്നുള്ള പന്ത് മനോഹരമായി ഹെഡ് ചെയ്‌ത് അഖിൽ പ്രവീൺ കൊച്ചിയെ ഒപ്പമെത്തിച്ചു (2-2). ഒടുവിൽ 77-ാം മിനിറ്റിൽ അലൻ സജി നൽകിയ പാസിൽ നിന്ന് രാഹുൽ രാജു കൊച്ചിയുടെ വിജയഗോൾ കുറിച്ചു (3-2). ലീഗിൽ രാഹുലിന്‍റെ ഏഴാമത്തെ ഗോളാണിത്.
അവസാന സെമി ബെർത്തിനായി കൊമ്പൻസ് ഇന്ന് കളത്തിൽ
ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ ഇന്ന് (വെള്ളിയാഴ്‌ച) തൃശൂർ മാജിക് എഫ്‌സി, തിരുവനന്തപുരം കൊമ്പൻസ് എഫ്‌സിയെ നേരിടും. തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ രാത്രി 7.30-നാണ് കിക്കോഫ്. ഒൻപത് കളികളിൽ 11 പോയന്‍റുള്ള കൊമ്പൻസിന് സെമി ഉറപ്പിക്കാൻ ഇന്നത്തെ മത്സരം നിർണായകമാണ്. വിജയിച്ചാൽ 12 പോയിന്‍റുള്ള കണ്ണൂരിനെ മറികടന്ന് കൊമ്പൻസിന് സെമിയിലെത്താം. ഷൂട്ടൗട്ടിൽ തോറ്റാലും ഹെഡ് ടു ഹെഡ് ആനുകൂല്യത്തിൽ തിരുവനന്തപുരത്തിന് സെമിയിലേക്ക് മുന്നേറാനാകും. ഏഴ് പോയിന്‍റ് മാത്രമുള്ള തൃശൂർ നേരത്തെ തന്നെ പുറത്തായിരുന്നു.







