ലോക ചെസ്സ് വേദിയിൽ ഇന്ത്യയുടെ അഭിമാനം വീണ്ടും വാനോളം ഉയർത്തിക്കൊണ്ട് യുവ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദ പുതിയൊരു ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുന്നു. 2026 വർഷത്തിൽ ലോകത്ത് ഏറ്റവും കൂടുതൽ സമ്മാനത്തുക നേടുന്ന ചെസ്സ് താരമെന്ന അപൂർവ്വ ബഹുമതിയാണ് പ്രഗ്നാനന്ദ സ്വന്തം പേരിലാക്കിയത്. അമേരിക്കൻ സൂപ്പർ ഗ്രാൻഡ്മാസ്റ്ററായ ഫാബിയാനോ കരുവാനയെ പിന്നിലാക്കിയാണ് ഈ ഇന്ത്യൻ കൗമാരതാരം ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയത്.
ഈ വർഷം ആകെ 13 അന്താരാഷ്ട്ര ടൂർണമെന്റുകളിൽ മാറ്റുരച്ച പ്രഗ്നാനന്ദ ഏകദേശം 5.9 കോടി രൂപയാണ് സമ്മാനത്തുകയായി മാത്രം നേടിയെടുത്തത്. തുടർച്ചയായ മികച്ച പ്രകടനങ്ങളും കിരീടനേട്ടങ്ങളുമാണ് ലോക ചെസ്സ് റാങ്കിംഗിലും സാമ്പത്തിക നേട്ടങ്ങളുടെ പട്ടികയിലും പ്രഗ്നാനന്ദയെ ഒന്നാമതെത്തിച്ചത്.
ചെറുപ്രായത്തിൽ തന്നെ ലോകത്തിലെ മുൻനിര താരങ്ങളെ വിറപ്പിക്കുന്ന പ്രകടനം കാഴ്ചവെക്കുന്ന പ്രഗ്നാനന്ദയുടെ ഈ നേട്ടം ഇന്ത്യൻ കായിക ലോകത്തിന് വലിയ ആവേശമാണ് പകരുന്നത്. നിരവധി പേരാണ് രാജ്യത്തിന് അഭിമാനമായ ഈ യുവതാരത്തിന് ആശംസകളുമായി എത്തുന്നത്.









