പതിനേഴുകാരൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി പരിഗണിക്കും, വാഹന ഉടമയായ ജഡ്‌ജി ഹാജരാകും

0
11

എറണാകുളം: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ പതിനേഴുകാരൻ്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജയബാലകൃഷ്‌ണൻ്റെ കുടുംബം നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അപകടത്തിൽ മരിച്ച ജയബാലകൃഷ്‌ണൻ്റെ മക്കളായ ആർ ജെ ഭദ്രകീർത്തി, ആർ ജെ ഭരത് ശങ്കർ എന്നിവരാണ് പതിനേഴുകാരൻ്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് സി.ജയചന്ദ്രനാണ് ഹർജി പരിഗണിക്കുക.

പതിനേഴുകാരന് ജാമ്യം അനുവദിച്ച ജുവനൈൽ ജസ്റ്റിസ് ബോർഡിൻ്റെ ഒക്ടോബർ 25ലെ ജാമ്യ ഉത്തരവും അപ്പീൽ തള്ളിയ ജുവൈനല്‍ കോടതിയുടെ നവംബർ അഞ്ചിലെ ഉത്തരവും റദ്ദാക്കണമെന്നാണ് ക്രിമിനൽ റിവിഷൻ ഹർജിയിലെ ആവശ്യം. ജാമ്യം നൽകി വിട്ടതിൽ നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമെന്നും സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ഹർജിക്കാർ ആരോപിച്ചു.

“അച്ഛൻ്റെ മരണത്തിന് കാരണക്കാരായവർക്ക് നിയമത്തിന് മുന്നിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല. പ്രതിയുടെ പിതാവിൻ്റെ ഉന്നത സ്വാധീനം ഉപയോഗിച്ച് തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ട്. ജാമ്യം അനുവദിച്ച കീഴ്ക്കോടതി ഉത്തരവിൽ ഗുരുതരമായ നിയമപരമായ വീഴ്ചകളുണ്ടായതിനാലാണ് ഹൈക്കോടതിയെ സമീപിച്ചത്. നീതി ലഭിക്കുന്നത് വരെ പോരാട്ടം തുടരും.” -മരിച്ച ജയബാലകൃഷ്ണൻ്റെ മകൾ ഭദ്രകീർത്തി പറഞ്ഞു.

മഴയുള്ള സമയത്ത് അമിത വേഗതയിൽ വേഗത്തിൽ വാഹനമോടിച്ചെന്നും ഒരു കൈകൊണ്ട് സ്റ്റിയറിങ് നിയന്ത്രിക്കുമ്പോൾ മറുകൈകൊണ്ട് മൊബൈൽ ഫോണിൽ സ്‌പീഡോമീറ്ററിൻ്റെ ദൃശ്യം പകർത്തിയെന്നുമാണ് പ്രതിക്കെതിരെ ഹർജിയിലുള്ള പ്രധാന ആരോപണം. ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ 12-ാം വകുപ്പ് പ്രകാരം ജാമ്യം നിഷേധിക്കേണ്ട സാഹചര്യമില്ലെന്നായിരുന്നു സെഷൻസ് കോടതിയുടെ നിലപാട്.

എന്നാൽ, പ്രതിയെ ജാമ്യത്തിൽ വിട്ടത് നീതിനിർവഹണത്തെ ബാധിക്കുമെന്ന് ഹർജിക്കാർ ആരോപിച്ചു. ജഡ്‌ജിയുടെ മകനാണു പതിനേഴുകാരൻ. ഇത് അന്വേഷണത്തെ ബാധിക്കാനും സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് ഹർജിക്കാർ ചൂണ്ടിക്കാണിക്കുന്നു.

ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ പതിനേഴുകാരൻ ഓടിച്ച വാഹന ഉടമയായ അഡീഷനൽ ഡിസ്ട്രിക്‌ട് ആൻഡ് എംഎസിടി ജഡ്‌ജി ഇന്നു മുതൽ ഇരിങ്ങാലക്കുട അഡീഷനൽ സെഷൻസ് കോടതിയിൽ വീണ്ടും സിറ്റിങ് ആരംഭിക്കും. ഒക്ടോബർ 25-ന് അപകടമുണ്ടായതിന് പിന്നാലെ കോടതിയിൽ നിന്ന് വിട്ടുനിന്നിരുന്ന ജഡ്‌ജി ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ചുമതലയേൽക്കുന്നത്.

ചേരാനല്ലൂർ വാഹനാപകടം

കഴിഞ്ഞ മാസം 25-ന് ഞായറാഴ്‌ച പുലർച്ചെ രണ്ടു മണിയോടെ എറണാകുളം കണ്ടെയ്‌നർ റോഡിലായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. പതിനേഴുകാരൻ അമിതവേഗതയിൽ ഓടിച്ച കാർ ഇരുചക്രവാഹന യാത്രക്കാരനായ ജയബാലകൃഷ്‌ണനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്തു വച്ചുതന്നെ അദ്ദേഹം മരണപ്പെട്ടു. അപകട ശേഷം ചേരാനല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്ത പതിനേഴുകാരനെ തുടക്കത്തിൽ പൊലീസ് ജാമ്യത്തിൽ വിട്ടയച്ചിരുന്നു.

ഇതിനെതിരെ നാട്ടുകാരും ബന്ധുക്കളും ശക്തമായി പ്രതിഷേധിച്ചതോടെയാണ് പ്രതിയെ വീണ്ടും പിടികൂടി മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തി ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയത്. എന്നാൽ അവിടെനിന്നും പ്രതിക്ക് ജാമ്യം ലഭിക്കുകയാണുണ്ടായത്. ഇതിനെതിരെയാണ് ജയബാലകൃഷ്‌ണൻ്റെ കുടുംബം നിയമപോരാട്ടം നടത്തുന്നത്. പ്രതിയുടെ പിതാവ് ഉന്നത പദവിയിലിരിക്കുന്ന അഡീഷണൽ ജഡ്‌ജിയായതുകൊണ്ടാണ് പൊലീസ് കേസ് ഒതുക്കിത്തീർക്കാനും പ്രതിയെ രക്ഷപ്പെടുത്താനും ശ്രമിച്ചതെന്ന കടുത്ത അമർഷവും പ്രതിഷേധവുമാണ് നാട്ടുകാരിലും ബന്ധുക്കളിലും ഇപ്പോഴുമുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here