റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന് മോദി ഉറപ്പ് നൽകിയതായി ട്രംപ്;

0
35

ഓരോ വർഷവും ഒരു പുതിയ നേതാവ് ഇന്ത്യയ്ക്ക് ഉണ്ടാകുമെന്നും തൻ്റെ സുഹൃത്താണ് ഇപ്പോൾ വളരെക്കാലമായി ഇന്ത്യയുടെ ഭരണാധികാരിയാണെന്നും ട്രംപ്

വാഷിങ്ടൺ: ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്‌ദാനം ചെയ്‌തുവെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയ്ക്ക് നേരെ തീരുവ ചുമത്തിയതിന് മാസങ്ങൾക്ക് ശേഷമാണ് ട്രംപിൻ്റെ പ്രതികരണം.

“ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതില്‍ ഞാൻ സന്തോഷവാനായിരുന്നില്ല. റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന് മോദി എനിക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യയ്ക്ക് ഉടനടി എണ്ണ വാങ്ങുന്നത് നിർത്തലാക്കാൻ സാധിക്കില്ല. ഇത് ചെറിയൊരു പ്രക്രിയയാതിനാൽ നടപ്പിലാക്കും. ചൈനയെക്കൊണ്ടും ഇത് ചെയ്യാൻ പ്രേരിപ്പിക്കും,” ട്രംപ് കൂട്ടിച്ചേർത്തു. മോദി ഒരു മികച്ച മനുഷ്യനാണെന്നും മോദി തന്നെ സ്നേഹിക്കുന്നതായും ട്രംപ് പറഞ്ഞു. മോദിയുടെ രാഷ്‌ട്രീയ ജീവിതം നശിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വർഷങ്ങളായി ഇന്ത്യയെ കാണുന്നുവെന്നും ഇന്ത്യ അവിശ്വസനീയമായ ഒരു രാജ്യമാണെന്നും ട്രംപ് പറഞ്ഞു. ഓരോ വർഷവും ഒരു പുതിയ നേതാവ് ഇന്ത്യയ്ക്ക് ഉണ്ടാകുമെന്നും തൻ്റെ സുഹൃത്താണ് ഇപ്പോൾ വളരെക്കാലമായി ഇന്ത്യയുടെ ഭരണാധികാരിയാണെന്നും ട്രംപ് വ്യക്തമാക്കി.

“വോളോഡിമിർ സെലെൻസ്‌കിയും വ്‌ളാഡിമിർ പുടിനും വിദ്വേഷം കൂടുതലുള്ള രണ്ട് നേതാക്കളാണ്. സംഘർഷം അവസാനിക്കാൻ അതൊരു തടസമാണ്. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയാൽ കാര്യങ്ങൾ വളരെ എളുപ്പമാകും,” ട്രംപ് പറഞ്ഞു.

സാമ്പത്തിക സ്ഥിരതയ്ക്ക് റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി അത്യാവശ്യമാണെന്ന് ഇന്ത്യ വളരെക്കാലമായി അവകാശപ്പെട്ടിരുന്നു. എന്നാൽ ഊർജ്ജ ശ്രോതസുകൾ വൈവിധ്യവത്കരിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു.

പ്രതികരിക്കാതെ ഇന്ത്യ

ട്രംപിൻ്റെ അവകാശവാദത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. റഷ്യയില്‍ നിന്ന് ഇന്ത്യ ഇനി എണ്ണ വാങ്ങില്ലേ എന്ന ചോദ്യത്തിന് അമേരിക്കയിലെ ഇന്ത്യന്‍ എംബസിയും പ്രതികരിക്കാന്‍ തയ്യാറായില്ല. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന അമേരിക്കയുടെ എതിർപ്പിനെ ഇന്ത്യ ശക്തമായി പ്രതിരോധിച്ചിരുന്നു. എന്നാൽ അമേരിക്കയുടെ പുതിയ അംബാസഡറും ട്രംപിൻ്റെ അടുത്ത രാഷ്ട്രീയ സഹായിയുമായ സെർജിയോ ഗോറുമായി മോദി ശനിയാഴ്‌ച കൂടിക്കാഴ്‌ച നടത്തിയിരുന്നു.

നാല് വർഷത്തോളമായി നീണ്ടു നിൽക്കുന്ന റഷ്യ യുക്രെയ്‌ൻ സംഘർഷം നിർത്തലാക്കാൻ വേണ്ടി അമേരിക്ക ശ്രമിച്ചു. ഇതിൻ്റെ ഭാഗമായാണ് റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിൻ്റെ പേരിൽ ഇന്ത്യ, ചൈന അടക്കമുള്ള രാജ്യങ്ങൾക്കുമേൽ അമേരിക്ക അധിക തീരുവ ചുമത്തിയത്. ഉയര്‍ന്ന തീരുവ അടിച്ചേല്‍പ്പിച്ചിട്ടും ഇന്ത്യയും ചൈനയും റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് തുടർന്നിരുന്നു. ട്രംപ് ഉന്നയിച്ച വാദം പ്രാവർത്തികമായാൽ റഷ്യയുമായുള്ള ബന്ധം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ആഗോള ഊര്‍ജ്ജ നയതന്ത്രത്തില്‍ വഴിത്തിരിവായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here