കാലവർഷത്തിന് എന്ത് സംഭവിച്ചു? മഴയുടെ ശക്തി കുറയുന്നു; അലേർട്ടുകളിൽ മാറ്റം

0
13

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു. ഇന്ന് ഒരു ജില്ലയിലും ശക്തമായ മഴ മുന്നറിയിപ്പില്ല. നാളെ (16/06/2026) കോട്ടയം, എറണാകുളം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മറ്റ് ദിവസങ്ങളിലൊന്നും മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. വരും മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കാലവർഷം എത്തിയെങ്കിലും സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നതായാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്ന നിർദേശം. ജൂൺ ആദ്യം മുതൽ ഇടവിട്ട തോതിൽ ശക്തമായ മഴ ലഭിച്ചിരുന്നുവെങ്കിൽ ജൂൺ പത്തിന് ശേഷം മഴയുടെ തോത് കുറഞ്ഞു. മലയോര ജില്ലകളിലും പ്രദേശങ്ങളിലും ശക്തമായ മഴ ലഭിക്കുകയും ചെയ്തിരുന്നു.

നിലവിൽ പല ജില്ലകളിലും ഒറ്റപ്പെട്ട മഴ മാത്രമാണ് ലഭിക്കുന്നത്. ചിലയിടങ്ങളിലും ഇടിമിന്നലും കാറ്റിനും സാധ്യതയുണ്ട്. വരുന്ന അഞ്ച് ദിവസവും കാര്യമായ മഴയ്ക്ക് സാധ്യതയില്ല. കേരള – കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് (15/06/2026) മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് (15/06/2026) സോമാലിയൻ തീരം, തെക്കു പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ, വടക്ക് പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, ശ്രീലങ്കൻ തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here