വായ്പ്പുണ്ണ് രണ്ടാഴ്ച കഴിഞ്ഞിട്ടും മാറുന്നില്ലേ? വായിലെ കാൻസറിൻ്റെ ലക്ഷണമാകാം,

0
17

വായ്ക്കുള്ളിൽ വരുന്ന ചെറിയൊരു പുണ്ണ്, ദിവസങ്ങൾ കഴിഞ്ഞിട്ടും മാറുന്നില്ലേ? നിസാരമെന്ന് കരുതി തള്ളിക്കളയാൻ വരട്ടെ, ഒരുപക്ഷേ അത് വരാനിരിക്കുന്ന വലിയൊരു വിപത്തിൻ്റെ ആദ്യ സൂചനയാകാം. രണ്ടാഴ്ച കഴിഞ്ഞിട്ടും ഉണങ്ങാത്ത വായ്പ്പുണ്ണുകൾ വായിലെ കാൻസറിൻ്റെ ആദ്യ ലക്ഷണമാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

രണ്ടാഴ്ച കഴിഞ്ഞിട്ടും ഉണങ്ങാത്ത വായ്പ്പുണ്ണുകൾ
മുംബൈ പരേലിലെ ഗ്ലെൻഈഗിൾസ് ആശുപത്രിയിലെ സീനിയർ കൺസൾട്ടൻ്റ് ഹെഡ് ആൻഡ് നെക്ക് സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. പ്രഥമേഷ് പൈ ആണ് ഈ മുന്നറിയിപ്പ് നൽകുന്നത്. മാനസിക സമ്മർദം, അബദ്ധത്തിൽ കടിക്കുന്നത്, എരിവുള്ള ഭക്ഷണങ്ങൾ, വിറ്റാമിൻ്റെ കുറവ്, വായുടെ ശുചിത്വമില്ലായ്മ എന്നിവ മൂലമെല്ലാം വായ്പ്പുണ്ണ് ഉണ്ടാകാം. ഇത്തരം പുണ്ണുകൾ ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ തനിയെ ഭേദമാകാറാണ് പതിവ്. എന്നാൽ രണ്ടാഴ്ച കഴിഞ്ഞിട്ടും ഇവ ഉണങ്ങുന്നില്ലെങ്കിൽ തീർച്ചയായും ശ്രദ്ധിക്കണം. പ്രത്യേകിച്ച് പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവരോ പുകവലിക്കുന്നവരോ ആണെങ്കിൽ ഇത് യാതൊരു കാരണവശാലും അവഗണിക്കരുത്.

ഇന്ത്യയിലെ സ്ഥിതി ഗുരുതരം
ലോകത്തെ തന്നെ വായിലെ കാൻസറിൻ്റെ തലസ്ഥാനമായി ഇന്ത്യ മാറിയിരിക്കുകയാണ്. ആഗോളതലത്തിൽ കാൻസർ ബാധിതരുടെ എണ്ണത്തിൽ പതിനേഴാം സ്ഥാനത്താണ് വായിലെ കാൻസറെങ്കിലും ഇന്ത്യയിലെ സ്ഥിതി വളരെ ഗുരുതരമാണ്. നാഷണൽ അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് (NAMS) ടാസ്ക് ഫോഴ്സിൻ്റെ 2025ലെ റിപ്പോർട്ട് പ്രകാരം, ലോകത്ത് ഏറ്റവും കൂടുതൽ വായിലെ കാൻസർ രോഗികളുള്ളത് ഇന്ത്യയിലാണ്. ആഗോള കണക്കുകളുടെ മൂന്നിലൊന്നിൽ കൂടുതലും ഇന്ത്യയിൽ നിന്നാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രണ്ടാമത്തെ കാൻസറാണിത്. പുരുഷന്മാരിൽ ഒന്നാം സ്ഥാനത്തും വായിലെ കാൻസർ തന്നെ.

മറ്റ് ലക്ഷണങ്ങളും കാരണങ്ങളും
പുകയില ചവയ്ക്കുന്ന ശീലം, പുകവലി, മദ്യപാനം, പല്ലുകളുടെയും വായുടെയും ശുചിത്വമില്ലായ്മ എന്നിവയാണ് ദീർഘകാലം നീണ്ടുനിൽക്കുന്ന വായ്പ്പുണ്ണുകൾക്ക് പ്രധാന കാരണം. ഉണങ്ങാത്ത വായ്പ്പുണ്ണുകൾ കാൻസറിൻ്റെയോ അതിന് മുന്നോടിയായുള്ള അവസ്ഥയുടെയോ ആദ്യ മുന്നറിയിപ്പാകാം. രണ്ടാഴ്ചയിലധികം വായ്പ്പുണ്ണ് നീണ്ടുനിൽക്കുന്നത് സാധാരണയല്ലെന്നും, അതിനാൽ ഇത് നിസാരമായി കാണരുതെന്നും ഡോ. പ്രഥമേഷ് പൈ വ്യക്തമാക്കുന്നു. രോഗനിർണയം വൈകുന്നത് കാൻസർ വായുടെ മറ്റ് ഭാഗങ്ങളിലേക്ക് പടരാൻ കാരണമാകും. ഇത് ഭക്ഷണം ചവയ്ക്കാനും വിഴുങ്ങാനും സംസാരിക്കാനുമുള്ള ബുദ്ധിമുട്ടുകളിലേക്ക് നയിക്കും. വായ്നാറ്റം, മോണയിൽ നിന്നുള്ള രക്തസ്രാവം, പല്ലുകൾക്ക് ഇളക്കം തട്ടുക, ചുവന്ന പാടുകൾ, വേദന, നീര്, ശബ്ദത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്നിവയും കാൻസറിൻ്റെ മറ്റ് ലക്ഷണങ്ങളാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ കണ്ടെത്തിയാൽ ഭേദമാക്കാം
ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഒരു വിദഗ്ധ ഡോക്ടറെ സമീപിച്ച് പരിശോധന നടത്തേണ്ടത് അനിവാര്യമാണ്. ഇത് രോഗലക്ഷണങ്ങൾ വേഗത്തിൽ കണ്ടെത്താനും ചികിത്സിക്കാനും സഹായിക്കും. കാൻസർ സംശയമുണ്ടെങ്കിൽ ബയോപ്സി, സിടി സ്കാൻ തുടങ്ങിയ പരിശോധനകളിലൂടെ രോഗം സ്ഥിരീകരിക്കാം. വായുടെ ഉൾഭാഗം, മേൽത്താടി, കീഴ്ത്താടി, നാവ്, വായുടെ അടിഭാഗം എന്നിവിടങ്ങളിലാണ് സാധാരണയായി കാൻസർ ബാധിക്കുന്നത്. മുഖത്തിൻ്റെ ആകൃതി നിലനിർത്തുന്നതിലും സംസാരിക്കുക, ഭക്ഷണം വിഴുങ്ങുക തുടങ്ങിയ പ്രധാന ധർമങ്ങൾ നിർവഹിക്കുന്നതിലും ഈ ഭാഗങ്ങൾക്ക് വലിയ പങ്കുണ്ട്. അതിനാൽ വായുടെ ശുചിത്വം ഉറപ്പാക്കുന്നതിനൊപ്പം കൃത്യമായ ഇടവേളകളിൽ ദന്തപരിശോധന നടത്തേണ്ടതും അത്യാവശ്യമാണ്. നേരത്തെ കണ്ടെത്തിയാൽ പൂർണമായും ഭേദമാക്കാൻ കഴിയുന്ന രോഗമാണ് കാൻസറെന്നും പ്രതിരോധമാണ് ചികിത്സയേക്കാൾ നല്ലതെന്നും ഡോക്ടർ ഓർമിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here