അമേരിക്ക അന്താരാഷ്‌ട്ര വ്യാപാര നിയമങ്ങള്‍ പാലിക്കണമെന്ന് ചൈന

0
32

ബെയ്‌ജിങ്: ഡൊണാൾഡ് ട്രംപിൻ്റെ അധിക തീരുവ നയത്തിലും സെക്ഷൻ 301 നടപടിയിലും വിമർശനം കടുപ്പിച്ച് ചൈന. അമേരിക്ക അന്താരാഷ്‌ട്ര വ്യാപാര നിയമങ്ങള്‍ പാലിക്കണമെന്ന് ചൈന വ്യക്തമാക്കി. ചൈനീസ് ഉത്പന്നങ്ങൾക്ക് നിലവിലുള്ളതിന് പുറമെ 100 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയ അമേരിക്കയുടെ നടപടിക്കും കപ്പൽ നിർമാണ മേഖലയിലെ അമേരിക്കൻ തിരിച്ചടിക്കും പിന്നാലെയാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ്റെ പ്രസ്‌താവന.

“യുഎസും ബന്ധപ്പെട്ട കമ്പനികളും വസ്‌തുതകളും അന്താരാഷ്‌ട്ര വ്യാപാര നിയമങ്ങളും മാനിക്കണം. വിപണി സമ്പദ്‌വ്യവസ്ഥയുടെ ന്യായമായ തത്വങ്ങൾ പാലിക്കേണ്ടതുണ്ട്. നിലവിലെ തെറ്റായ സമീപനം എത്രയും വേഗം തിരുത്തണം. ചൈനയുടെ താൽപ്പര്യങ്ങൾക്ക് ദോഷം വരുത്തുന്നത് നിർത്താനും ചൈന ആവശ്യപ്പെടുന്നു”– വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ പറഞ്ഞു.

ചൈനയുടെ സമുദ്ര, ലോജിസ്റ്റിക്‌സ്, കപ്പൽ നിർമ്മാണ വ്യവസായങ്ങളെ ലക്ഷ്യം വച്ചുള്ള യുഎസിൻ്റെ സെക്ഷൻ 301 നടപടിക്കെതിരെ ചൈനയും തിരിച്ചടിച്ചിരുന്നു. അമേരിക്ക ആസ്ഥാനമായുള്ള ദക്ഷിണ കൊറിയയിലെ ഹാൻവാ ഓഷ്യൻ കമ്പനിയുടെ അഞ്ച് സ്ഥാപനങ്ങൾക്കെതിരെ ചൈനയുടെ വാണിജ്യ മന്ത്രാലയം ഉപരോധം പ്രഖ്യാപിച്ചിരുന്നു.

ചൈനീസ് സ്റ്റേറ്റ് മീഡിയയുടെ റിപ്പോർട്ട് പ്രകാരം, ഹാൻവാ ഷിപ്പിങ് എൽഎൽസി, ഹാൻവാ ഫില്ലി ഷിപ്പ്‌യാർഡ് ഇൻ‌കോർപ്പറേറ്റഡ്, ഹാൻവാ ഓഷ്യൻ യുഎസ്എ ഇൻ്റർനാഷണൽ എൽഎൽസി, ഹാൻവാ ഷിപ്പിങ് ഹോൾഡിങ്‌സ് എൽഎൽസി, എച്ച്എസ് യുഎസ്എ ഹോൾഡിങ്സ് കോർപ്പ് എന്നിവയ്‌ക്കെതിരായാണ് നടപടി.

2025ലെ ഉത്തരവ് നമ്പർ ആറ് പ്രകാരം, വിദേശ ഉപരോധ നിയമത്തിനും നടപ്പാക്കൽ വ്യവസ്ഥകൾക്കും അനുസൃതമായാണ് തീരുമാനം എടുത്തിരിക്കുന്നതെന്നാണ് വാണിജ്യ മന്ത്രാലയത്തിൻ്റെ സുരക്ഷാ ബ്യൂറോയുടെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. അന്താരാഷ്ട്ര നിയമങ്ങളെയും, അന്താരാഷ്ട്ര ബന്ധങ്ങളെ നിയന്ത്രിക്കുന്ന അടിസ്ഥാന മാനദണ്ഡങ്ങളെയും ഗുരുതരമായി ലംഘിക്കുന്നുവെന്നും ചൈനീസ് സംരംഭങ്ങളുടെ നിയമാനുസൃത അവകാശങ്ങളെയും താൽപ്പര്യങ്ങളെയും ഗുരുതരമായി ദുർബലപ്പെടുത്തുന്നുവെന്നുമാണ് ചൈനയുടെ ഉപരോധ ഉത്തരവിൽ പറയുന്നത്.

അതേസമയം യുഎസ് സെക്ഷൻ 301 അന്വേഷണം കപ്പൽ നിർമ്മാണ മേഖലയെയും അനുബന്ധ വ്യാവസായിക, വിതരണ ശൃംഖലകളുടെയും സുരക്ഷയെയും, വികസനത്തെയും എങ്ങനെ ബാധിക്കുന്നു എന്നതിൽ അന്വേഷണം ആരംഭിച്ചതായി ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻ‌ഹുവ അറിയിച്ചു. നിലവിൽ ചൈനീസ് തുറമുഖങ്ങളിൽ എത്തുന്ന യുഎസ് കപ്പലുകൾക്ക് ചൈന പുതിയ തുറമുഖ ഫീസ് ഏർപ്പെടുത്തിയിട്ടുണ്ട്.

ഒക്ടോബർ 14 മുതലാണ് നിയമം പ്രാബല്യത്തിൽ വന്നത്. ഒരു ടണ്ണിന് 400 യുവാൻ (ഏകദേശം യുഎസ് ഡോളർ 56) മുതൽ ആരംഭിച്ച് അടുത്ത മൂന്ന് വർഷത്തേക്ക് വർഷം തോറും വർധിക്കുന്ന തരത്തിലാണ് ഫീസ്. അമേരിക്കൻ തുറമുഖങ്ങളിൽ പ്രവേശിക്കുന്ന ചൈനീസ് കപ്പലുകൾക്ക് സമാനമായ നിരക്കുകൾ ചുമത്താനുള്ള അമേരിക്കയുടെ തീരുമാനത്തിന് പിന്നാലെയാണ് ചൈനയും സമാന നിലപാട് സ്വീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here