നേരത്തെ കണ്ടെത്താം ചികിത്സിക്കാം’; സ്‌തനാര്‍ബുദത്തിനെതിരെ ‘കാന്‍വോക്ക്

0
30

ഗൈനക്കോളജി വിദഗ്‌ധരുടെ നേതൃത്വത്തില്‍ സ്‌തനാര്‍ബുദത്തിനെതിരെ തൃശൂരില്‍ ബോധവല്‍ക്കരണ പരിപാടി നടത്തും. ഇതിന്‍റെ ഭാഗമായി നഗരത്തില്‍ ഒക്‌ടോബര്‍ 9ന് (വ്യാഴാഴ്ച്ച) വൈകിട്ട് 3ന് വാക്കത്തണ്‍ സംഘടിപ്പിക്കും. ഗൈനക് ഡോക്‌ടര്‍മാരുടെ സംഘടനയായ തൃശൂര്‍ ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി സൊസൈറ്റിയും കേരള ഫെഡറേഷന്‍ ഓഫ് ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജിയും ചേര്‍ന്നാണ് ‘കാന്‍വോക്ക്’ വാക്കത്തണ്‍ സംഘടിപ്പിക്കുന്നത്.

ഗൈനക്കോളജി വിദഗ്‌ധരും ജില്ലയിലെ നഴ്‌സിങ് കോളജ് വിദ്യാര്‍ഥികളുമടക്കം 1000 പേര്‍ വാക്കത്തണില്‍ പങ്കെടുക്കുമെന്ന് തൃശൂര്‍ ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി സൊസൈറ്റി പ്രസിഡന്‍റ് ഡോ. ബിന്ദു മേനോന്‍, സെക്രട്ടറി ഡോ. രശ്‌മി സി ആര്‍, കാന്‍വോക്ക് ജനറല്‍ കണ്‍വീനര്‍ ഡോ. വേണുഗോപാല്‍ എം എന്നിവര്‍ അറിയിച്ചു.

ഓരോ സ്‌ത്രീയും സ്‌തനാര്‍ബുദത്തെ കുറിച്ച് ബോധവാന്മാരായിരിക്കണം. ഒപ്പം സ്വയം പരിശോധന നടത്തേണ്ടതും പ്രധാനമാണ്. ആരോഗ്യകരമായ ജീവിത ശൈലിയും പതിവ് പരിശോധനയും പ്രതിരോധത്തിന് പ്രധാന ഘടകമാണ്. മാത്രമല്ല നേരത്തെയുള്ള കണ്ടെത്തലാണ് ഏറ്റവും പ്രധാനപ്പെട്ട ഘടകം, ഡോ. വേണുഗോപാല്‍ എം കൂട്ടിച്ചേര്‍ത്തു.

മൂന്നു കിലോ മീറ്ററാണ് വാക്കത്തണ്‍ സംഘടിപ്പിക്കുക. തൃശൂര്‍ റീജനല്‍ തിയറ്ററിനു മുന്‍വശത്തു നിന്ന് ആരംഭിക്കുന്ന വാക്കത്തണിന്‍റെ ഫ്‌ളാഗ് ഓഫ് കര്‍മം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ടിപി ശ്രീദേവി നിര്‍വഹിക്കും. തൃശൂര്‍ ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി സൊസൈറ്റി ഉപദേശകന്‍ ഡോ. വി പി പൈലി, സൊസൈറ്റി പ്രസിഡന്റ് ഡോ. ബിന്ദു മേനോന്‍, സെക്രട്ടറി ഡോ. രശ്മി സി ആര്‍, കാന്‍വോക്ക് ജനറല്‍ കണ്‍വീനര്‍ ഡോ. വേണുഗോപാല്‍ എം, ഡോ. ദീപ്‌തി എം എന്നിവര്‍ പ്രസംഗിക്കും.

സ്‌തനാര്‍ബുദത്തിന്‍റെ അപകടസാധ്യതകളും സങ്കീര്‍ണതകളും സ്ത്രീകളെ മനസ്സിലാക്കി കൊടുക്കുന്നതിനായി വിദ്യാര്‍ഥികള്‍ സ്‌കിറ്റുകളും ഫ്‌ളാഷ് മോബും അവതരിപ്പിക്കും. വിജയികള്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കും. വൈകിട്ട് 4ന് റീജനല്‍ തിയറ്ററില്‍ നടക്കുന്ന സമാപന പൊതുസമ്മേളനം തൃശൂര്‍ ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി സൊസൈറ്റി പ്രസിഡന്‍റ് ഡോ. ബിന്ദു മേനോന്‍ ഉദ്ഘാടനം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here