ന്യൂഡൽഹി: രാജ്യത്തെ മൂന്ന്, അഞ്ച് വർഷ നിയമ പഠന കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഏർപ്പെടുത്തിയിരുന്ന ഉയർന്ന പ്രായപരിധി ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബിസിഐ) പിൻവലിച്ചു. സുപ്രീം കോടതിയിലാണ് ബാർ കൗൺസിൽ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഇതോടെ നിയമപഠനം ആഗ്രഹിക്കുന്ന ആയിരക്കണക്കിന് വിദ്യാർഥികൾക്ക് വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്.
ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചിന് മുൻപാകെയാണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. ബിസിഐക്ക് വേണ്ടി ഹാജരായ അഭിഭാഷക രാധിക ഗൗതം ആണ് പ്രായപരിധി പിൻവലിച്ചുകൊണ്ടുള്ള പുതിയ തീരുമാനം കോടതിയെ അറിയിച്ചത്.
2016ൽ ബാർ കൗൺസിൽ പുറത്തിറക്കിയ സർക്കുലർ ചോദ്യം ചെയ്ത് ഋഷഭ് ദുഗ്ഗൽ എന്നയാൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഇൻ്റഗ്രേറ്റഡ് ബാച്ചിലർ ഓഫ് ലോ ഡിഗ്രി പ്രോഗ്രാമിൽ പ്രവേശനം നേടുന്നതിനുള്ള പരമാവധി പ്രായം 20 വയസ്സായി നിജപ്പെടുത്തിയ 2008ലെ ലീഗൽ എജ്യുക്കേഷൻ ചട്ടങ്ങളിലെ 11-ാം ചട്ടത്തിലെ 28-ാം വകുപ്പ് പുനഃസ്ഥാപിച്ച നടപടിയാണ് ഹർജിക്കാരൻ ചോദ്യം ചെയ്തത്. ബാർ കൗൺസിലിൻ്റെ പുതിയ തീരുമാനത്തിൻ്റെ പശ്ചാത്തലത്തിൽ സുപ്രീം കോടതി ഹർജി തീർപ്പാക്കി.
ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ സൊഹൈബ് ഹൊസൈൻ ചില സുപ്രധാന കാര്യങ്ങൾ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ബാർ കൗൺസിൽ ജനറൽ കൗൺസിലിൻ്റെ തീരുമാനം അന്തിമമാണെന്ന കാര്യം കോടതി ഉത്തരവിൽ രേഖപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുൻപും സമാനമായ രീതിയിൽ പ്രായപരിധി പിൻവലിക്കുകയും പിന്നീട് അത് പുനഃസ്ഥാപിക്കുകയും ചെയ്ത ചരിത്രം ബാർ കൗൺസിലിനുണ്ടെന്ന് അദ്ദേഹം കോടതിയെ ഓർമിപ്പിച്ചു.
എന്നാൽ, പ്രായപരിധി പിൻവലിച്ചുകൊണ്ടുള്ള പ്രമേയം കഴിഞ്ഞ ദിവസമാണ് പാസാക്കിയതെന്നും അതുകൊണ്ടാണ് നേരത്തെ കോടതിയിൽ സമർപ്പിക്കാൻ കഴിയാതിരുന്നതെന്നും ബിസിഐ അഭിഭാഷക വ്യക്തമാക്കി. ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസും ലീഗൽ എജ്യുക്കേഷൻ കമ്മിറ്റി കോ-ചെയർമാനുമായ രാജേന്ദ്ര മേനോൻ്റെ ഉത്തരവിൻ്റെയും ലീഗൽ എജ്യുക്കേഷൻ സ്റ്റാൻഡിങ് കമ്മിറ്റിയുടെ പ്രമേയത്തിൻ്റെയും അടിസ്ഥാനത്തിലാണ് പ്രായപരിധി പിൻവലിക്കാൻ തീരുമാനിച്ചതെന്ന് ബാർ കൗൺസിൽ വിശദീകരിച്ചു.
പ്രായപരിധിക്ക് അക്കാദമിക ന്യായീകരണങ്ങളില്ല
പ്രായപരിധി ഏർപ്പെടുത്തുന്നതിന് മതിയായ അക്കാദമിക ന്യായീകരണങ്ങളില്ലെന്ന് ജനറൽ കൗൺസിൽ വിലയിരുത്തി. വിദ്യാഭ്യാസ യോഗ്യത, ഹാജർ, അധ്യാപന സമയം, പരീക്ഷകൾ, പ്രൊഫഷണൽ പരിശീലനം എന്നിവയുമായി ബന്ധപ്പെട്ട നിലവിലെ മാനദണ്ഡങ്ങൾ നിയമവിദ്യാഭ്യാസത്തിൻ്റെ നിലവാരം കാത്തുസൂക്ഷിക്കാൻ പര്യാപ്തമാണ്. അതിനാൽ പ്രായത്തിൻ്റെ പേരിൽ മാത്രം യോഗ്യരായ ഉദ്യോഗാർഥികളെ മാറ്റിനിർത്തേണ്ടതില്ലെന്നാണ് കൗൺസിലിൻ്റെ വിലയിരുത്തൽ.
പ്രായപരിധി നിശ്ചയിച്ച നടപടി ഭരണഘടനയുടെ 14, 19(1)(ജി), 21 അനുച്ഛേദങ്ങൾ ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. 1993ൽ അഭിഭാഷകനായി എൻറോൾ ചെയ്യുന്നതിന് 45 വയസ്സ് പ്രായപരിധി ഏർപ്പെടുത്തിയ ബാർ കൗൺസിൽ നടപടി സുപ്രീം കോടതി റദ്ദാക്കിയ കാര്യവും ഹർജിയിൽ പരാമർശിച്ചിരുന്നു.
നിയമപഠനത്തിന് പ്രായപരിധി ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ ഹൈക്കോടതികൾ വ്യത്യസ്തമായ വിധികളാണ് പുറപ്പെടുവിച്ചിരുന്നത്. പഞ്ചാബ്-ഹരിയാന, ബോംബെ ഹൈക്കോടതികൾ പ്രായപരിധി ഏർപ്പെടുത്തിയ നടപടി റദ്ദാക്കിയപ്പോൾ, മദ്രാസ് ഹൈക്കോടതി ഈ വ്യവസ്ഥ ശരിവയ്ക്കുകയാണ് ചെയ്തത്.
ഈ സാഹചര്യത്തിൽ വിദ്യാർഥികളുടെ ഭാവിയുടെ കാര്യത്തിൽ വ്യക്തത വരുത്താനും ബാർ കൗൺസിലിൻ്റെ സമീപനത്തിൽ സ്ഥിരത ഉറപ്പാക്കാനും സുപ്രീം കോടതിയുടെ ഇടപെടൽ അനിവാര്യമാണെന്ന് ഹർജിക്കാരൻ വാദിച്ചു. വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ഉയർന്ന പ്രായമുള്ളവർക്കും നിയമപഠനം നടത്താനുള്ള വലിയ അവസരമാണ് ഇതിലൂടെ തുറന്നുകിട്ടുന്നത്. ഒടുവിൽ വിദ്യാർഥികൾക്ക് അനുകൂലമായ തീരുമാനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.






