ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (സിബിഎസ്ഇ) 2027ലെ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളുടെ തീയതി പുറത്തിറക്കി. പരീക്ഷകൾ 2027 ഫെബ്രുവരി 16ന് ആരംഭിച്ച് മാർച്ച് 9ന് അവസാനിക്കും. വിദ്യാർഥികൾക്ക് പരീക്ഷാ തയാറെടുപ്പുകൾ നേരത്തെ നടത്തുന്നതിനാണ് പരീക്ഷാ തീയതികൾ ബോർഡ് നേരത്തെ പ്രഖ്യാപിച്ചത്.
എല്ലാ പരീക്ഷകളും രാവിലെ 10:30ന് ആരംഭിക്കുമെന്ന് സിബിഎസ്ഇ പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്. പത്താം ക്ലാസിലെ 83 വിഷയങ്ങൾക്കും പന്ത്രണ്ടാം ക്ലാസിലെ 121 വിഷയങ്ങൾക്കും വേണ്ടിയുള്ള പരീക്ഷാ തീയതികൾ ഇതിൽ ഉൾപ്പെടുന്നു.
പരീക്ഷകൾ ആരംഭിക്കുന്നതിന് 101 ദിവസം തീയതി പ്രസിദ്ധീകരിച്ചതെന്ന് ബോർഡ് അറിയിച്ചു. ഇതുമൂലം വിദ്യാർഥികൾക്ക് പഠനം ക്രമീകരിക്കാനും പരീക്ഷയ്ക്കായുള്ള തയാറെടുപ്പുകൾ മുൻകൂട്ടി നടത്താനും സമയം ലഭിക്കും. ഔദ്യോഗിക അറിയിപ്പ് പ്രകാരം പത്താം ക്ലാസ് പരീക്ഷയ്ക്കായി 26.5 ലക്ഷത്തിലധികം വിദ്യാർഥികളും പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയ്ക്കായി 19.18 ലക്ഷത്തിലധികം വിദ്യാർഥികളും പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
CBSE പത്താം ക്ലാസ് പരീക്ഷാ തീയതി പട്ടിക
നിരവധി വിഷയങ്ങളിലായി പരീക്ഷകൾ നടത്തുന്നതിനാൽ പരീക്ഷാ തീയതികളുടെ ലഭ്യതയും വിദ്യാർഥികളുടെ അക്കാദമിക് ആവശ്യങ്ങളും ഉൾപ്പെടെ വിവിധ ഘടകങ്ങൾ പരിഗണിച്ചാണ് തീയതി തയാറാക്കിയതെന്ന് ബോർഡ് അറിയിച്ചു. പരീക്ഷാ ടൈംടേബിൾ തയാറാക്കുമ്പോൾ പ്രവേശന പരീക്ഷകളുടെ (Entrance Examinations) ഷെഡ്യൂളുകളും സിബിഎസ്ഇ പരിഗണിച്ചു. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്കുള്ള പ്രധാന പ്രവേശന പരീക്ഷകളുടെ താൽക്കാലിക ഷെഡ്യൂളുകൾ കൂടി കണക്കിലെടുത്താണ് ബോർഡ് പരീക്ഷാ ടൈംടേബിൾ അന്തിമമാക്കിയതെന്ന് സിബിഎസ്ഇ അറിയിച്ചു.








