ഇനി ആഘോഷം കളര്‍ഫുള്ളാക്കാം; കേരളത്തിലേക്ക് ഇവന്‍റ് മാനേജ്മെന്‍റ് കോഴ്‌സ്

0
31

വികസിച്ചുവരുന്ന ഇവന്‍റ് മാനേജ്മെന്‍റ് രംഗത്തേക്ക് പ്രൊഫഷണലുകളെ വാര്‍ത്തെടുക്കാമെന്ന ലക്ഷ്യത്തോടെയാണ് കേരളത്തില്‍ ഇവന്‍റ് മാനേജ്മെന്‍റ് കോഴ്‌സ് ആരംഭിച്ചിരിക്കുന്നത്.

ഘോഷം എന്ത് തന്നെയായാലും സംഗതി കളറാവണം. മാത്രമല്ല നാലാള്‍ അറിയുകയും വേണം. പക്ഷേ ഇതിനൊക്കെ ഓടിനടന്ന് കാര്യങ്ങള്‍ ഭംഗിയായി ചെയ്യാന്‍ ആളുകള്‍ വേണം. ഇനിയിപ്പോ ആളുകളുണ്ടെങ്കിലും സംഗതി അടിപൊളിയാക്കാന്‍ ഓടുന്നതിനിടയില്‍ നന്നായി ആസ്വദിക്കാന്‍ കഴിയണമെന്നില്ല. ഇതിനൊക്കെ പരിഹാരമെന്നോണമായിരുന്നു കേരളത്തില്‍ ഇവന്‍റ് മാനേജ്മെന്‍റിന്‍റെ വരവ്.

സകലതും ഈ ടീമിനെ ഏല്‍പ്പിച്ചാല്‍ പിന്നെ കാര്യങ്ങള്‍ എളുപ്പമാണ്. വിവാഹം, നിശ്ചയം, വളക്കാപ്പ്, നൂലുക്കെട്ട്, പിറന്നാള്‍ എന്നിങ്ങനെ ആഘോഷങ്ങളുടെ നിര തന്നെയുണ്ടെങ്കിലും ഇവന്‍റ് മാനേജ്മെന്‍റ് ടീം ഉണ്ടെങ്കിലും പിന്നെ ധൈര്യമായി മുന്നോട്ട് പോകാം.

അലങ്കാരപ്പണികളും, കാറ്ററിംഗും, ക്യാമറയും ലൈറ്റുമൊക്കെയായി ആഘോഷങ്ങള്‍ പൊടിപൊടിക്കുക മാത്രമല്ല പാട്ടും ഡാന്‍സുമെല്ലാം ഇവന്‍റ് മാനേജ്മെന്‍റ് ടീം ഒരുക്കി തരും. ആഘോഷം കേമമാക്കാനുള്ള അവതാരകരയടക്കം ഇവരുടെ പാക്കേജില്‍ ഉണ്ടാകും. നമ്മുടെ ആഘോഷത്തിന് അനുസരിച്ച് ബഡ്‌ജറ്റും തിരെഞ്ഞെടുക്കുകയും ചെയ്യാം.

ഇത്രയും ഭംഗിയായി ആഘോഷങ്ങള്‍ നടത്തുന്ന ഇവന്‍റ് മാനേജ്മെന്‍റ് ടീമിനെ നമ്മളില്‍ പലരും ശ്രദ്ധിച്ചിട്ടുണ്ടാവും. എവിടെ നിന്നായിരിക്കും ഇതൊക്കെ പഠിച്ചിട്ടുണ്ടാവുക, നമ്മുടെ കേരളത്തില്‍ ഇതിനായി കോഴ്‌സ് ഉണ്ടോ എന്നൊക്കെ ചിന്തിച്ചവരും ഉണ്ടാകും. എന്നാല്‍ ഇനി വിഷമിക്കേണ്ട! ക്രിയേറ്റീവ് തീമുകളും, അതിശയകരമായ ക്രമീകരണങ്ങളുമൊക്കെ എങ്ങനെയാണ് മനോഹരമായി ചെയ്യുന്നത് എന്ന് പഠിക്കാന്‍ കേരളത്തില്‍ കോഴ്‌സുകളുണ്ട്.

ഇവന്‍റ് മാനേജ് മെന്‍റ് കോഴ്‌സ്

വികസിച്ചുവരുന്ന ഇവന്‍റ് മാനേജ്മെന്‍റ് രംഗത്തേക്ക് പ്രൊഫഷണലുകളെ വാര്‍ത്തെടുക്കാനായി കേരളത്തില്‍ ഇവന്‍റ് മാനേജ്മെന്‍റ് കോഴ്‌സ് ആരംഭിച്ചിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്‍റെ നൈപുണ്യ പരിശീലന സ്ഥാപനമായ എന്‍ എസ് ഡി സി ( നാഷണല്‍ സ്‌കില്‍ ഡവലപ്‌മെന്‍റ് കോര്‍പ്പറേഷന്‍)യുടെ മീഡിയ എന്‍റര്‍ടെയ്‌മെന്‍റ് സ്‌കില്‍ കൗണ്‍സിലിന്‍റെ കീഴിലാണ് കോഴ്‌സ് ആരംഭിച്ചത്.

തൃശൂര്‍ പാട്ടുരയ്ക്കല്‍ ജങ്ഷനില്‍ ആര്‍വി ട്രേഡ് സെന്‍ററിലാണ് പഠന സ്ഥാപനം. സര്‍ട്ടിഫൈഡ് പ്രൊഫഷണല്‍ ഇവന്‍റ് മാനേജര്‍ എന്നാണ് കോഴ്‌സിന്‍റെ പേര്. 20 സീറ്റുകളുള്ള രണ്ട് ബാച്ചുകളാണുള്ളത്.

ദേശീയ സ്‌കില്‍ ഡവലപ്മെന്‍റ് മന്ത്രാലയത്തിന്‍റെ നിയന്ത്രണത്തിലുള്ള മീഡിയ ആന്‍ഡ് എന്‍റര്‍ടെയ്മെന്‍റ് സ്‌കില്‍ കൗണ്‍സിലിന്‍റെ അംഗീകാരത്തോടെയാണ് പ്രവര്‍ത്തനം. നാഷണല്‍ സ്‌കില്‍ ഡവലപ്‌മെന്‍റ് കോര്‍പറേഷന്‍റെ നാഷണല്‍ ഒക്യുപേഷണല്‍ സ്റ്റാന്‍ഡേര്‍ഡ് പ്രകാരം കരിക്കുലം.

മൂന്നു വര്‍ഷത്തേക്കാണ് നാഷണല്‍ സ്‌കില്‍ കോര്‍പറേഷന്‍ പ്രവര്‍ത്തനാനുമതി നല്‍കിയിരിക്കുന്നത്. പ്രവര്‍ത്തനം നിരീക്ഷിച്ചതിന് ശേഷം യോഗ്യമെങ്കില്‍ പിന്നീട് പുതുക്കും. ഒന്‍പത് മാസമാണ് കോഴ്‌സിന്‍റെ കാലാവധി. 600 മണിക്കൂറാണ് ക്ലാസ്. മൂന്ന് മാസം ഇന്‍റേണ്‍ഷിപ്പുമുണ്ടാകും.75,000 രൂപയാണ് ഫീസ്. ബിരുദം അല്ലെങ്കില്‍ പ്ലസ്‌ടുവാണ് യോഗ്യത.

ഏകദേശം പത്ത് ലക്ഷത്തിലധികം പേർക്ക് നേരിട്ടും 40 ലക്ഷത്തിലധികം പേർക്ക് അല്ലാതെയും തൊഴിൽ കൊടുക്കുന്ന ഒരു മേഖല. കേരളത്തിന്‍റെയും ഭാരതത്തിന്‍റെയും സമ്പത്ത് വ്യവസ്ഥക്ക് വലിയ രീതിയിൽ സംഭാവന ചെയ്യുന്ന ഒരു മേഖലയാണ്. എന്നാല്‍ ഇത്രയും വലിയ മേഖലയായിട്ടും എല്ലാവരും നേരിടുന്ന ഒരു പ്രശ്‌നം സ്‌കില്‍ഡ് പ്രൊഫഷണല്‍സിനെ കിട്ടിന്നില്ല എന്നതാണ്. അതിനെ ചെറിയ രീതിയില്ലെങ്കിലും സ്പെഷലൈസ്‌ഡ് നോളജ് പ്രമോട്ട് ക്രിയേറ്റിവിറ്റി എന്ന ഐഇഎംകെയുടെ മുദ്രാവാക്യം പോലെ ഇന്‍ഡസ്‌ട്രിയെ പിന്തുണയ്ക്കാന്‍ ഐഇഎംകെയ്ക്ക് സാധിക്കുമെന്ന പ്രതീക്ഷയോടെയാണ് ഈ തുടക്കം”, അസോസിേയഷന്‍ ഓഫ് ഇവന്‍റ് മാനേജ്മെന്‍റ് കേരളയുടെ എക്‌സിക്യൂട്ടീവ് അംഗവും സ്ഥാനപത്തിന്‍റെ ഫൗണ്ടര്‍ ഡയറക്‌ടറുമായ ധിഷന്‍ ചന്ദ്രന്‍ അമ്മാനത്ത് പറഞ്ഞു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇവന്‍റ് മാനേജ്മെന്‍റ് കേരള(ഐഇഎംകെ)യുടെ ഉദ്ഘാടനം ശനിയാഴ്‌ച (ഒക്‌ടോബര്‍25) കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് നിര്‍വഹിച്ചത്. സംസ്ഥാനത്തെ ആദ്യത്തെ ഇവന്‍റ് മാനേജ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഐഇഎംകെ.

ശക്തന്‍ തമ്പുരാന്‍ നഗറിലെ അശോക ഇന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ധിഷന്‍ അമ്മാനത്ത് അധ്യക്ഷത വഹിച്ചു. ഇവന്‍റ് മാനേജ്‌മെന്‍റ് അസോസിയേഷന്‍ ഓഫ് കേരള (ഇമാക്) പ്രസിഡന്‍റ് രാജു കണ്ണമ്പുഴ, തൃശൂര്‍ മാനേജ്‌മെന്‍റ് അസോസിയേഷന്‍ പ്രസിഡന്‍റ് സി പത്മകുമാര്‍, റോട്ടറി ഡിസ്ട്രിക്ട് 3205 ഡയറക്ടര്‍ മനോജ് പുഷ്‌ക്കരന്‍, ഉല്ലാസ് ബാബു, ഫേവര്‍ ഫ്രാന്‍സിസ്, പ്രതിഭ ധിഷന്‍ എന്നിവര്‍ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here