ആരോഗ്യത്തോടെയിരിക്കാൻ പോഷകസമൃദ്ധമായ ഭക്ഷണം കഴിച്ചാൽ മാത്രം പോരാ. ഭക്ഷണത്തിന് മുമ്പും ശേഷവും നിങ്ങൾ ചെയ്യുന്ന ഓരോ പ്രവർത്തനങ്ങളും നിങ്ങളുടെ ആരോഗ്യത്തെ വലിയ തോതിൽ സ്വാധീനിക്കുന്നു. മിക്ക ആളുകളും പോഷകസമ്പുഷ്‌ടമായ ഭക്ഷണം കഴിക്കുന്നവരാണ്. എന്നാൽ ഇതൊന്നും ശരീരത്തിൽ ഏൽക്കുന്നില്ല എന്ന പരാതി പലർക്കും ഉണ്ടാകും. ഭക്ഷണ ശേഷം ചെയ്യുന്ന ചില തെറ്റായ പ്രവർത്തനങ്ങൾ ദഹനത്തെ ബാധിക്കുകയും പോഷകങ്ങൾ കാര്യക്ഷമമായി ആഗിരണം ചെയ്യുന്നതിൽ തടസം ഉണ്ടാക്കുകയും ചെയ്യും. അത്തരത്തിൽ ദഹനപ്രക്രിയയെ ബാധിക്കുന്നതും ഭക്ഷണം കഴിച്ച ഉടനെ ചെയ്യാൻ പാടില്ലാത്തതുമായ ചില കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
വെള്ളം കുടിക്കരുത്
ശരീരത്തിന്‍റെ ആരോഗ്യം നിലനിർത്തുന്നതിൽ ജലാംശത്തിന്‍റെ പങ്ക് വളരെ വലുതാണ്. എന്നാൽ ഭക്ഷണം കഴിച്ച ഉടനെ വെള്ളം കുടിക്കുന്നത് ശരീരത്തിന് നല്ലതല്ല. ഭക്ഷണ ശേഷം വെള്ളം കുടിക്കുന്നത് ദഹനരസങ്ങൾ, എൻസൈമുകൾ എന്നിവയെ നേർപ്പിക്കുകയും ദഹനം മന്ദഗതിയിലാകാൻ കാരണമാകുകയും ചെയ്യും. ഇത് ഭക്ഷണം കാര്യക്ഷമമായി ദഹിപ്പിക്കാൻ കഴിയാതെ വരികയും പോഷകങ്ങൾ ശരിയായി ആഗിരണം ചെയ്യാനുള്ള കഴിവിനെ തടസപ്പെടുത്തുകയും ചെയ്തേക്കാം. അതിനാൽ ഭക്ഷണത്തിന് 30 മിനിറ്റ് മുമ്പോ 90 മുതൽ 120 മിനിറ്റിന് ശേഷമോ വെള്ളം കുടിക്കുക.
പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കാം
ഭക്ഷണം കഴിച്ച ഉടനെ പഴങ്ങൾ കഴിക്കുന്ന നിരവധി പേരുണ്ട് നമുക്കിടയിൽ. എന്നാൽ ഈ ശീലം നല്ലതല്ല. പഴങ്ങൾ വേഗത്തിൽ ദഹിക്കുന്നതിനാൽ ഭക്ഷണ ശേഷം അവ കഴിക്കുന്നത് പുളിച്ച വാതകം ഉത്പാദിപ്പിക്കാൻ കാരണമാകും. കൂടാതെ പഞ്ചസാരയുടെ അളവ് വർധിക്കാൻ ഇടയാകയും ദഹനത്തെ ബാധിക്കുകയും ചെയ്തേക്കാം.
ചായ ഒഴിവാക്കാം
ഭക്ഷണത്തിന് തൊട്ടുപിന്നാലെ ചായ കുടിക്കുന്നത് ദഹനക്കേടിന് കാരണമാകും. ചായയിൽ ഉയർന്ന അസിഡിറ്റി അടങ്ങിയിട്ടുണ്ട്. ഇത് പ്രോട്ടീനുകളെ ദഹിപ്പിക്കാൻ ബുദ്ധിമുട്ടുണ്ടാക്കും. ഇത് ദഹനസംബന്ധമായ പ്രശ്‌നങ്ങൾക്ക് കാരണമാകും. അതിനാൽ ഭക്ഷണം കഴിച്ച് ഒന്നോ രണ്ടോ മണിക്കൂറ് നേരത്തേക്ക് ചായ കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
നടത്തം അരുത്
ഭക്ഷണത്തിന് ശേഷം നടത്തം പോലുള്ള ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ദഹനം വേഗത്തിലാക്കാൻ സഹായിക്കും. എന്നാൽ ഭക്ഷണം കഴിച്ച ഉടനെ നടക്കുന്നത് ആരോഗ്യത്തെ മോശമായി ബാധിക്കും. അതിനാൽ ആയാസമില്ലാതെ ശരീരത്തെ സജീവമായി നിലനിർത്താൻ ഭക്ഷണം കഴിച്ച് 10 മിനിറ്റിന് ശേഷം നടക്കുന്നതാണ് നല്ലത്.
ഉടനെ കുളിക്കരുത്
ദഹനം നടക്കാൻ ഊർജ്ജവും രക്തപ്രവാഹവും ആമാശയത്തിലേക്ക് കൈമാറ്റം ചെയ്യേണ്ടതുണ്ട്. ഭക്ഷണത്തിന് തൊട്ടുപിന്നാലെ കുളിക്കുന്നത് ഈ പ്രക്രിയയിൽ തടസമുണ്ടാക്കുകയും ദഹനം മന്ദഗതിയിലാക്കുകയും ചെയ്യും. കുളിക്കുമ്പോൾ ശരീര താപനില കുറയുകയും ഇതിനെ നേരിടാൻ രക്തപ്രവാഹം ചർമ്മത്തിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്യുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. അതിനാൽ ഈ ദഹനക്കേട് പോലുള്ള ദഹന പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ഭക്ഷണത്തിന് മുമ്പോ അല്ലെങ്കിൽ ഭക്ഷണ ശേഷം 45 മിനിറ്റ് മുതൽ 1 മണിക്കൂർ ശേഷമോ കുളിക്കുക.
ഉറക്കം നിയന്ത്രിക്കാം
ഭക്ഷണം കഴിച്ച ഉടനെ ഉറങ്ങുന്നത് ദഹനം മന്ദഗതിയിലാക്കും. വയറു വീർക്കൽ, അസ്വസ്ഥത, വയറു നിറഞ്ഞതായുള്ള തോന്നൽ എന്നിവ അനുഭവപ്പെടാൻ കാരണമാകുകയും ചെയ്തേക്കാം. അത്താഴത്തിന് ശേഷം രണ്ട് മണിക്കൂർ കഴിഞ്ഞേ ഉറങ്ങാൻ പാടുള്ളൂ. അതേസമയം ഉറങ്ങുമ്പോൾ ഇടത് വശം ചരിഞ്ഞ് ഉറങ്ങാൻ ശ്രദ്ധിക്കണം. ആമാശയം ഇടതുവശത്തായതിനാൽ ഈ ഭാഗം ചരിഞ്ഞ് ഉറങ്ങുന്നത് ദഹനത്തെ സഹായിക്കുന്ന ദ്രാവകങ്ങൾ മുകളിലേക്ക് പോകുന്നത് തടയാൻ സഹായിക്കും. ഇത് നെഞ്ചെരിച്ചിൽ സാധ്യത കുറക്കുകയും ചെയ്യുന്നു.






