രാജ്യത്ത് ജിഎസ്‌ടി നിരക്കിലെ ഇളവ് പ്രാബല്യത്തില്‍ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജിഎസ്‌ടി നിരക്കിലെ ഇളവ് സാധാരണക്കാർക്ക് വൻതോതില്‍ ഗുണം ചെയ്യുമെന്നും അദ്ദേഹം. രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്തെ ജനങ്ങള്‍ക്ക് നവരാത്രി ആശംസകള്‍ നേർന്നുകൊണ്ടാണ് പ്രധാനമന്ത്രി വാർത്താസമ്മേളനം ആരംഭിച്ചത്. ജിഎസ്‌ടി പരിഷ്‌കരണം രാജ്യത്തിന്‍റെ വികസനത്തെ ത്വരിതപ്പെടുത്തുമെന്നും യുവാക്കള്‍ക്കും കർഷകർക്കും മധ്യവർഗത്തിനും ഇതിന്‍റെ പ്രയോജനം ലഭിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
നാളെ മുതല്‍ സാധനങ്ങള്‍ കുറഞ്ഞ വിലയില്‍ വാങ്ങാൻ സാധിക്കുമെന്നും ദൈനംദിന ആവശ്യങ്ങള്‍ വളരെ കുറഞ്ഞ ചെലവില്‍ നിറവേറ്റാനാകുമെന്നും അദ്ദേഹം പറഞ്ഞു. നികുതി ഭാരത്തില്‍ നിന്ന് ജനങ്ങള്‍ മോചിതരാകും. ആത്മനിർഭർ ഭാരതിലേക്കുള്ള ഒരു ചുവടുവയ്‌പ്പ് കൂടിയാണീ ജിഎസ്‌ടി പരിഷ്‌കാരമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
‘ജിഎസ്‌ടി നിരക്കിലെ മാറ്റവുമായി ബന്ധപ്പെട്ട് ബിജെപി ബോധവത്‌കരണത്തിന് ഒരുങ്ങുകയാണ്. നാളെ മുതല്‍ ഒരാഴ്‌ചക്കാലം ജിഎസ്‌ടി സേവിങ്‌സ് വാരമായി ആചരിക്കും. ഇതുമായി ബന്ധപ്പെട്ട് ജനങ്ങളെ ബോധവത്‌കരിക്കാനായി പദയാത്രകള്‍ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
വിവിധ നികുതികള്‍ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. നികുതി ഘടന ലഘൂകരിക്കുക എന്നതാണ് ഈ പരിഷ്‌ക്കാരത്തിന്‍റെ ലക്ഷ്യം. ജനങ്ങളുടെ ആവശ്യം തിരിച്ചറിഞ്ഞ് സർക്കാർ ഇങ്ങനെ ഒരു തീരുമാനം എടുക്കുകയായിരുന്നു. ഒരു രാജ്യം, ഒരു നികുതി എന്ന സ്വപ്‌നമാണ് സാക്ഷാത്‌കരിക്കപ്പെടുന്നത്.’ -പ്രധാനമന്ത്രി പറഞ്ഞു.
നിത്യോപയോഗ സാധനങ്ങളുടെ വില കുറയും. 99 ശതമാനം സാധനങ്ങളും 5 ശതമാനം എന്ന നികുതി നിരക്കിലേക്ക് എത്തും. ഈ തീരുമാനം എടുക്കുന്നതിന് മുൻപ് എല്ലാ സംസ്ഥാനങ്ങളുമായും ചർച്ച നടത്തിയിരുന്നു. 5 ശതമാനം 18 ശതമാനം സ്ലാബുകള്‍ മാത്രമാണ് നാളെ മുതല്‍ ഉണ്ടാകുക. പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
‘പലതരം നികുതികള്‍ രാജ്യത്ത് വില വർധനയ്‌ക്ക് കാരണമായിരുന്നു. എന്നാല്‍ ജിഎസ്‌ടി ഈ പ്രശ്‌നം പരിഹരിച്ചു. രാജ്യത്തിന്‍റെ സമൃദ്ധിക്ക് സ്വദേശി ഉത്‌പന്നങ്ങള്‍ ഉപയോഗിക്കണം. വിദേശി ഉത്‌പന്നങ്ങളുടെ ഉപയോഗം കുറയ്‌ക്കണം. നമ്മുടെ രാജ്യത്ത് തിർമിച്ച ഉത്‌പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കണം. എല്ലാ വീടുകളിലും കടകളിലും സ്വദേശി ഉത്‌പന്നങ്ങള്‍ അധികമായി ഉണ്ടാകണം’ -പ്രധാനമന്ത്രി പറഞ്ഞു.
വില കുറയുന്നതും കൂടുന്നതുമായ വസ്‌തുക്കള്‍
ചെറിയ കാറുകൾ, സിമൻ്റ്, തുകൽ ഉത്‌പന്നങ്ങൾ, കുട, പാൽ ഉത്പന്നങ്ങൾ, സംസ്‌കരിച്ച ഭക്ഷ്യവസ്‌തുക്കൾ, തുണിത്തരങ്ങൾ, നെയ്യ്, പരിപ്പ്, കുടിവെള്ളം (20 ലിറ്റർ), നോൺ-എയറേറ്റഡ് പാനീയങ്ങൾ, പാദരക്ഷകൾ, വസ്ത്രങ്ങൾ, മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ടിവി, വാഷിങ് മെഷീൻ, റഫ്രിജറേറ്റർ തുടങ്ങിയ ചില ഇലക്ട്രോണിക് ഉപകരണങ്ങള്‍, പെൻസിലുകൾ, സൈക്കിളുകൾ മുതൽ ഹെയർ പിന്നുകൾ വരെയുള്ള സാധാരണ ഉപയോഗ വസ്‌തുക്കള്‍ എന്നിവയുടെ വില കുറയും എന്നാണ് വിവരം. അതേസമയം പുകയില, പാൻമസാല, ലോട്ടറി ആഡംബര വാഹനങ്ങൾ, 20 ലക്ഷം മുതൽ 40 ലക്ഷം രൂപ വരെ വിലയുള്ള നാലുചക്ര ഇലക്ട്രിക് വാഹനങ്ങൾ 40 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ആഡംബര വാഹനങ്ങൾ, 2500 രൂപയ്‌ക്ക് മുകലില്‍ വിലയുള്ള വസ്ത്രങ്ങൾ, ചെരിപ്പുകൾ, കാർബണേറ്റ് ഡ്രിംഗുകൾ, മധുരം ചേർത്തുള്ള ഫ്ലേവേഡ് ഡ്രിംഗുകള്‍ എന്നിവയുടെ വില കൂടും.



