ന്യൂഡൽഹി: നിർമിത ബുദ്ധിയുടെ സാധ്യതകളും നൂതന ആശയങ്ങളും അവതരിപ്പിക്കുന്ന “ഇന്ത്യ എഐ ഇംപാക്‌ടി”ൽ ഡീപ് ടെക് അലയൻസ് (ഐഡിടിഎ) റിപ്പോർട്ട് പുറത്തിറക്കി. റിപ്പോർട്ട് പുറത്തിറക്കിയതോടെ ഇന്ത്യയുടെ ഡീപ്പ് ടെക് പദ്ധതികൾക്ക് പ്രചോദനം ലഭിച്ചെന്ന് വിദഗ്‌ധർ അഭിപ്രായപ്പെട്ടു. വിവിധ വ്യവസായ മേഖലകളിൽ നിർമിത ബുദ്ധി ഉപയോഗിച്ചുള്ള വളർച്ച, നിക്ഷേപങ്ങൾ, നയങ്ങൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യാൻ ഉച്ചകോടിയിലൂടെ സാധ്യമായെന്നും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു.
ഇന്ത്യ ഇപ്പോൾ ഡീപ് ടെക് മേഖലയിൽ നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം സെക്രട്ടറി എസ് കൃഷ്‌ണൻ പറഞ്ഞു. നിർമിത ബുദ്ധിയിലെ നൂതനാശയങ്ങൾ, അവയെ പിന്തുണയ്ക്കാൻ തയ്യാറായ വ്യവസായ പ്രമുഖർ, പരിചയ സമ്പന്നരായ നിക്ഷേപകർ എന്നിവര്‍ കാരണം രാജ്യപുരോഗതി വേഗതയിലായിട്ടുണ്ട്.
ഇത് രാജ്യത്തിന് ഭാവിയിൽ പ്രയോജനപ്പെടുമെന്നും എസ് കൃഷ്‌ണൻ കൂട്ടിച്ചേർത്തു. ഇന്ത്യ ഇപ്പോൾ നിർമിത ബുദ്ധിയുടെ പരീക്ഷണ കാലമെന്ന പ്രാരംഭ ഘട്ടത്തിലല്ലെന്നും മറിച്ച് നവീകരണത്തിൻ്റെ ഘട്ടത്തിലേക്ക് കടക്കുകയാണെന്നും എസ് കൃഷ്‌ണൻ കൂട്ടിച്ചേർത്തു.
വിവിധ എഐ നയങ്ങൾ
സൂക്ഷ്‌മ ചെറുകിട, ഇടത്തരം സംരംഭങ്ങളാണ് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ മൊത്തമായ വളർച്ചയ്ക്ക് കാരണമാകുന്നത്. ഈ മേഖലയെ പരിവർത്തനം ചെയ്യുന്നതിൽ എഐയുടെ സ്വാധീനത്തെക്കുറിച്ചായിരുന്നു ചർച്ച. ഇന്ത്യയിലെ നിർമിത ബുദ്ധിയുടെ വളർച്ചയിലൂടെ സാങ്കേതിക വിദ്യകളുടെ നിര്‍മാണം രാജ്യത്തിൻ്റെ വളർച്ചയ്ക്ക് മേന്മ കൂട്ടുമെന്നും വിദഗ്‌ധർ പറഞ്ഞു.
രാജ്യത്തിൻ്റെ ഉൽപ്പാദനക്ഷമതയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനൊപ്പം മത്സരക്ഷമത മെച്ചപ്പെടുത്തുന്നതിലും നിർമിത ബുദ്ധി വലിയ ശക്തിയാണെന്ന് എംഎസ്എംഇ സെക്രട്ടറി സുഭാസ് ചന്ദ്ര ലാൽ ദാസ് പറഞ്ഞു. നിർമിത ബുദ്ധിയുടെ വ്യവസായ മേഖലയിലേയ്ക്കുള്ള വരവ് ആത്മ നിർഭർ ഭാരതിലേയ്ക്കുള്ള ചവിട്ടു പടിയാണെന്നും സുഭാസ് ചന്ദ്ര ലാൽ ദാസ് കൂട്ടിച്ചേർത്തു.
“രാജ്യത്തിന് ലഭിക്കുന്ന അവസരങ്ങളുടെ വ്യാപ്‌തി വളരെ വലുതാണ്. 2025–2026 ലെ സാമ്പത്തിക സർവേ പ്രകാരം, ഇന്ത്യയുടെ ജിഡിപിയിലേക്ക് 31.1 ശതമാനം വർധനവാണ് നിർമിത ബുദ്ധി കാരണം ഉണ്ടായത്. മൊത്തം ഉത്പ്പാദനത്തിൻ്റെ 35.4 ശതമാനം, മൊത്തം കയറ്റുമതിയുടെ ഏകദേശം 48.6 ശതമാനം എന്നിവ വർധിക്കാൻ കാരണമായി. 2047 ഓടെ ഇന്ത്യ 35 ട്രില്യൺ ഡോളറിൻ്റെ വരുമാനം ഉണ്ടാകുന്ന സമ്പദ്‌വ്യവസ്ഥയായി മാറും”, സുഭാസ് ചന്ദ്ര ലാൽ ദാസ് പറഞ്ഞു.
ആഗോളതലത്തിൽ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാനുള്ള ഇന്ത്യയുടെ യാത്രയിൽ നിർമിത ബുദ്ധി നിർണായക പങ്ക് വഹിക്കുമെന്ന് ടെക്സ്റ്റൈൽസ് മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി രോഹിത് കൻസാൽ പറഞ്ഞു.
ആശയങ്ങളുടെയും, നവീകരണത്തിൻ്റെയും, ഉദ്ദേശത്തിൻ്റെയും ശക്തമായ സംയോജനമാണ് ഇന്ത്യ എഐ ഇംപാക്‌ട് എക്സ്പോ 2026 എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ആഗോള നന്മയ്ക്കായി നിർമിത ബുദ്ധിയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ ഇന്ത്യൻ പ്രതിഭകളുടെ അസാധാരണ സാധ്യതകളെയാണ് ഉച്ചകോടി പ്രദർശിപ്പിക്കുന്നതെന്നും മോദി കൂട്ടിച്ചേർത്തു. ഉത്തരവാദിത്തത്തോടെയും, സമഗ്രമായും, മാനുഷിക പുരോഗതിക്കായി എഐയെ ഉപയോഗപ്പെടുത്താനുള്ള രാജ്യ പ്രതിബദ്ധത വീണ്ടും വർധിച്ചുവെന്നും നരേന്ദ്രമോദി എക്‌സിൽ കുറിച്ചു.





