യുഎസ് ആണവ വ്യവസായ പ്രതിനിധി സംഘം ഇന്ത്യയിലേക്ക്;

0
24

വാഷിങ്‌ടൺ : ഇന്ത്യ സന്ദർശിക്കാൻ അമേരിക്കൻ ആണവ വ്യവസായത്തിലെ മുതിർന്ന എക്‌സിക്യൂട്ടീവ് സംഘം. കർശന നിയന്ത്രണത്തിലായിരുന്ന മേഖലകള്‍ ഇന്ത്യ സ്വകാര്യ കമ്പനികള്‍ക്ക് തുറന്ന് കൊടുത്തതിന് ശേഷമുള്ള സഹകരണ തലങ്ങളെ കുറിച്ച് പഠിക്കാനാണ് സംഘം എത്തുന്നത്. സംഘം അടുത്ത ആഴ്‌ച ഇന്ത്യയിലെത്തുമെന്ന് യുഎസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് അറിയിച്ചു.

20 അംഗങ്ങള്‍ അടങ്ങുന്ന സംഘമാണ് അമേരിക്കയില്‍ നിന്നെത്തുന്നത്. സസ്‌റ്റെയ്‌നബിള്‍ ഹാർനെസിങ് ആൻഡ് അഡ്വാൻസ്മെന്‍റ് ഓഫ് ന്യൂക്ലിയർ എനർജി ഫോർ ട്രാൻസ്ഫോർമിങ് ഇന്ത്യ (ശാന്തി) നിയമം നടപ്പിലാക്കിയതിന് ശേഷമുള്ള സിവിൽ ആണവ മേഖലയിലെ അവസരങ്ങളെ കുറിച്ച് പഠിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുമായും സ്വകാര്യ മേഖലയിലെ പ്രതിനിധികളുമായും യുഎസ് സംഘം ചർച്ച നടത്തും. കഴിഞ്ഞ വർഷം ഡിസംബറിൽ ആണ് ശാന്തി നടപ്പിലാക്കിയത്. 1964 ലെ ആണവോർജ്ജ നിയമത്തിനും 2010 ലെ സിവിൽ ലയബിലിറ്റി ഫോർ ന്യൂക്ലിയർ ഡാമേജ് (സിഎൻഎൽഡി) നിയമത്തിനും പകരമായിട്ടാണ് ശാന്തി നിയമം നിലവിൽ വന്നത്.

സിഎൻഎൽഡി നിയമത്തിൽ ആണവ വിതരണക്കാർക്കെതിരെ കൂടുതൽ കർശനമായ ബാധ്യതാ വ്യവസ്ഥകൾ ഉണ്ടായിരുന്നു. ഇത് ആഗോള കമ്പനികൾക്ക് ഇന്ത്യൻ വിപണിയില്‍ തടസങ്ങള്‍ ഉണ്ടാക്കുമെന്ന് കണ്ടെത്തി. യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്‌ണർഷിപ്പ് ഫോറത്തിന്‍റെയും ന്യൂക്ലിയർ എനർജി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെയും ഒരു സംരംഭത്തിന്‍റെ ഭാഗമായാണ് യുഎസ് ആണവ വ്യവസായ പ്രതിനിധി സംഘം ഇന്ത്യ സന്ദർശിക്കാൻ എത്തുന്നത്. സിവിൽ ആണവോർജ്ജത്തിൽ ഇന്ത്യൻ സ്വകാര്യ മേഖലയുമായുള്ള സംയുക്ത പദ്ധതി അവസരങ്ങൾ യുഎസ് വ്യവസായ പ്രതിനിധി സംഘം പഠിക്കുമെന്നാണ് വിവരം.

2008-ൽ ഇന്ത്യ-യുഎസ് സിവിൽ ആണവ കരാർ ഒപ്പുവച്ചതിനുശേഷം, ഗുജറാത്തിലെ ഛായാമിതി വിർദി, ആന്ധ്രാപ്രദേശിലെ കൊവ്വാഡ എന്നിവടങ്ങളില്‍ 1000 മെഗാവാട്ട് ആണവ നിലയങ്ങൾ സ്ഥാപിക്കുന്നതിനായി യുഎസ് കമ്പനികൾക്ക് അനുമതി ലഭിച്ചിരുന്നു. കൽക്കരി അധിഷ്‌ഠിത വൈദ്യുത നിലയങ്ങളുടെ പുനർനിർമ്മാണത്തിലൂടെ, ആണവോർജ്ജത്തിന്‍റെ ഭാവിയായി കണക്കാക്കപ്പെടുന്ന ചെറിയ മോഡുലാർ റിയാക്‌ടറുകളിലും (SMR) ഇന്ത്യയും യുഎസും സഹകരിക്കുന്നുണ്ട്.

“ശാന്തി ആക്‌ട്, EO14299 തുടങ്ങിയ നിയമനിർമ്മാണങ്ങൾ ഇന്ത്യയിലും യുഎസിലും ആണവോർജ്ജത്തെക്കുറിച്ചുള്ള ചർച്ചകള്‍ വീണ്ടും സജീവമാക്കി. ഇരു രാജ്യങ്ങളിലെയും സ്വകാര്യ കമ്പനികൾക്ക് ഈ മേഖലയിൽ സഹകരിക്കാൻ കൂടുതൽ അവസരങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്,” – വാഷിങ്‌ടൺ ആസ്ഥാനമായുള്ള ഒരു വ്യവസായ സ്ഥാപനത്തിലെ പ്രോഗ്രാം ഓഫിസറായ അഭിക് സെൻഗുപ്‌ത പറഞ്ഞു.

എസ്എംആർ വിന്യാസം വേഗത്തിലാക്കാനും ചെലവഴിച്ച ഇന്ധനത്തിന്‍റെ പുനരുപയോഗവും പുനഃസംസ്‌കരണവും പര്യവേക്ഷണം ചെയ്യാനും യുഎസ് നടപടികൾ സ്വീകരിക്കുന്നുണ്ട്. 1970 മുതൽ യുഎസ് ആണവ ഇന്ധനം പുനഃസംസ്‌കരിക്കുകയോ പുനരുപയോഗം ചെയ്യുകയോ ചെയ്‌തിട്ടില്ല. ഇന്ത്യയിൽ, ടാറ്റ കൺസൾട്ടിങ് എഞ്ചിനീയേഴ്‌സ്, അദാനി ഗ്രൂപ്പ്, ലാർസൻ, ടൂബ്രോ തുടങ്ങിയ സ്വകാര്യ മേഖലയിലെ കമ്പനികൾ സിവിൽ ആണവ മേഖലയിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയുടെ പൊതുമേഖലാ സ്ഥാപനമായ നാഷണൽ തെർമൽ പവർ കോർപ്പറേഷൻ (എൻ‌ടി‌പി‌സി), രാജസ്ഥാനിലെ മാഹി ബൻസ്വരയിലും മധ്യപ്രദേശിലെ ചുട്‌കയിലും കുറഞ്ഞത് ആറ് പവർ പ്ലാന്‍റുകൾ നിർമ്മിക്കുന്നതിനായി ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡുമായി (എൻ‌പി‌സി‌ഐ‌എൽ) ചേർന്ന് ഒരു സംയുക്ത സംരംഭം സ്ഥാപിച്ചു. 2047 ആകുമ്പോഴേക്കും 100 ജിഗാവാട്ട് ആണവോർജ്ജം ഉത്പാദിപ്പിക്കുക എന്നതാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. നിലവിലെ സ്ഥാപിത ശേഷി 9 ജിഗാവാട്ട് ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here