തിരുവനന്തപുരം : കൈയിലെ വർണക്കുടകളും തോളിലെ പുത്തൻ ബാഗുകളുമായി, കൗതുകക്കണ്ണുകളോടെ കുരുന്നുകള്‍ അറിവിൻ്റെ ആദ്യ അക്ഷരങ്ങൾ നുകരാൻ വിദ്യാലയങ്ങളുടെ പടികടന്നെത്തി. അമ്മക്കൺവെട്ടത്തിൻ്റെ സുരക്ഷിതത്വത്തിൽ നിന്നും അറിവിൻ്റെയും സൗഹൃദത്തിൻ്റെയും വലിയ ലോകത്തേക്ക് പിച്ചവെക്കുന്ന കുരുന്നുകള്‍ക്കായി വിദ്യാലയങ്ങളെല്ലാം ഇന്ന് ഉത്സവപ്രതീതിയിലാണ്.
ചിലരുടെ മുഖത്ത് പുതിയ കൂട്ടുകാരെ കാണുന്നതിൻ്റെ ആവേശമാണെങ്കിൽ, മറ്റു ചിലർക്ക് അമ്മയുടെ കൈവിടുന്നതിൻ്റെ പരിഭവവും കുഞ്ഞു കരച്ചിലുകളുമാണ്. എന്നാൽ വിദ്യാലയങ്ങൾ ഒരുക്കിയിരിക്കുന്ന വർണ്ണാഭമായ വരവേൽപ്പ് ഈ കുഞ്ഞുപരിഭവങ്ങളെല്ലാം നിമിഷനേരം കൊണ്ട് മായ്ച്ചുകളയും.
മിഠായികളും ബലൂണുകളും സമ്മാനങ്ങളുമായി അധ്യാപകരും മുതിർന്ന വിദ്യാർത്ഥികളും ചേർന്ന് ഈ കുരുന്നുകളെ കൈപിടിച്ച് ക്ലാസ് മുറികളിലേക്ക് ആനയിച്ചു. ക്ലാസ് മുറികളിലെ ചുമരുകളിൽ വരച്ചിരിക്കുന്ന മനോഹരമായ ചിത്രങ്ങളും വിദ്യാലയങ്ങളിലെ പൂന്തോട്ടങ്ങളും കളിവിളക്കുകളും കുട്ടികൾക്ക് സ്‌കൂൾ ഒരു രണ്ടാം വീടാണെന്ന അനുഭൂതി സമ്മാനിക്കും.
സംസ്ഥാനത്തെ പ്രവേശനത്തോത്സവത്തിൻ്റ ലഹരിയിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. ശുചീകരണ പ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും പൂർത്തിയാക്കി കുട്ടികൾക്കായി സുരക്ഷിതവും മനോഹരവുമായ അന്തരീക്ഷമാണ് സ്‌കൂളുകളിൽ ഒരുക്കിയിരിക്കുന്നത്. പാഠപുസ്‌തകങ്ങളും യൂണിഫോമുകളും ഇതിനോടകം തന്നെ കുട്ടികളുടെ കൈകളിൽ എത്തിച്ചേർന്നിട്ടുണ്ട്. കേവലം പുസ്‌തക വിജ്ഞാനത്തിനപ്പുറം കുട്ടികളുടെ സർഗ്ഗാത്മകതയും കഴിവുകളും വളർത്തുന്ന രീതിയിലാണ് പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്‌തിരിക്കുന്നത്.
സംസ്ഥാനതല ഉദ്‌ഘാടനം മുഖ്യമനമന്ത്രി നിര്‍വ്വഹിക്കും
ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരം പട്ടം ഗവൺമെൻ്റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ വച്ച് നടക്കും. രാവിലെ 9.30-ന് ആരംഭിച്ച ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശൻ സംസ്ഥാനതല പ്രവേശനോത്സവത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ്റെ അധ്യക്ഷതയിലായിരിക്കും പരിപാടികൾ സംഘടിപ്പിക്കുക. ചടങ്ങിൽ ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ, ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ, മറ്റ് ജനപ്രതിനിധികൾ, കലാ സാംസ്‌കാരിക വിദ്യാഭ്യാസ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.
“പുതുയുഗ വിദ്യാലയം” ആശയവുമായി പുതിയ അധ്യയന വർഷം
ആധുനിക വിദ്യാഭ്യാസ രീതികളെയും സാങ്കേതികവിദ്യകളെയും കോർത്തിണക്കിക്കൊണ്ട് ”പാഠം 1: പുതുയുഗ വിദ്യാലയം” എന്ന സവിശേഷമായ ആശയത്തിലൂന്നിയാണ് ഇത്തവണത്തെ അധ്യയന വർഷത്തിന് തുടക്കമിടുന്നത്. ഡിജിറ്റൽ യുഗത്തിലെ മാറ്റങ്ങൾ ഉൾക്കൊണ്ട് കുട്ടികളിൽ സുരക്ഷിതമായ ഇൻ്റർനെറ്റ് ശീലങ്ങൾ വളർത്തുന്നതിൻ്റെ ഭാഗമായി അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് ഇന്ന് സൈബർ സുരക്ഷാ പ്രതിജ്ഞയെടുക്കും എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
കുട്ടികളുടെ മാനസിക ഉല്ലാസത്തിന് മുൻഗണന നൽകിക്കൊണ്ട് നീണ്ട പ്രസംഗങ്ങൾ ഒഴിവാക്കി, അവരുമായി സംവദിക്കുന്ന തരത്തിലുള്ള വിനോദ-വിജ്ഞാന പരിപാടികളാണ് പ്രവേശനോത്സവത്തോടനുബന്ധിച്ച് പട്ടം ഗേൾസ് സ്‌കൂളിൽ ക്രമീകരിച്ചിരിക്കുന്നത്.
വിപുലമായ ഒരുക്കങ്ങൾ; ജനപ്രതിനിധികളും പ്രമുഖരും പങ്കുചേരും
സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാർക്ക് പുറമെ പ്രമുഖ സാമൂഹിക-സാംസ്കാരിക വ്യക്തിത്വങ്ങളും വിവിധ ജനപ്രതിനിധികളും തിരുവനന്തപുരത്തെ ജനങ്ങളും പങ്കുചേരും. സ്‌കൂളുകളിൽ കുട്ടികളെ വരവേൽക്കാൻ വിതരണത്തിനായുള്ള പുസ്‌തകങ്ങളും മധുരപലഹാരങ്ങളും ഇതിനോടകം സജ്ജമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെമ്പാടുമുള്ള എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ഏകദേശം 42 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പുതിയ അധ്യയന വർഷത്തിൽ അറിവിന്റെ ലോകത്തേക്ക് വീണ്ടും പ്രവേശിക്കുന്നത്.
പുതിയ അക്ഷരങ്ങൾ പഠിച്ചും, പുതിയ കൂട്ടുകാരെ നേടിയും, വിദ്യാലയമുറ്റത്തെ മരത്തണലുകളിൽ കളിച്ചുല്ലസിച്ചും വളരേണ്ട ഒരു പുതിയ തലമുറയുടെ അറിവുത്സവത്തിനാണ് ഇതോടെ തുടക്കമാകുന്നത്. ഈ അക്ഷരമുറ്റങ്ങളിൽ നിന്നും അവർ ചിറകുവിടർത്തി നാളത്തെ ലോകത്തിൻ്റെ വെളിച്ചമായി മാറട്ടെ എന്ന് നമുക്കാശംസിക്കാം.









