ഓണത്തെ വരവേല്‍ക്കാനൊരുങ്ങി മൂന്നാര്‍;

0
5

ഇടുക്കി: ഓണക്കാലത്തെ വരവേൽക്കാൻ മനുഷ്യനും പ്രകൃതിയും അണിഞ്ഞൊരുങ്ങിയതോടെ ഇടുക്കിയുടെ മലനിരകളിൽ കാഴ്ച്ചയുടെ വർണവസന്തം നിറഞ്ഞു. കൊച്ചി – ധനുഷ്കോടി ദേശീയപാതയിലെ ഗ്യാപ്പ് റോഡിന് ഇരുവശവും അഴക് ചാർത്തി പുള്ളികാശിത്തുമ്പകൾ വ്യാപകമായി പൂവിട്ടു. ആകൃതിയിൽ കമ്മലിനോട് സാദൃശ്യമുള്ളതിനാൽ പ്രാദേശികമായി ഇവയെ ‘കമ്മൽ പൂവ്’ എന്നും വിളിക്കുന്നു.

ഗ്യാപ് റോഡിലെ കോടയും നനുത്ത കാറ്റും ആവോളം ആസ്വദിക്കുന്ന വിനോദ സഞ്ചാരികള്‍ക്ക് കമ്മന്‍ പൂവസന്തം മായാത്ത ഓര്‍മയാണ് സമ്മാനിക്കുക. ശാസ്ത്രലോകത്ത് ‘ഇമ്പെഷ്യസ് മാക്കുലേറ്റ’ (Impatiens maculata) എന്നറിയപ്പെടുന്ന ഇവ മുൻകാലങ്ങളിൽ ഹൈറേഞ്ചിൻ്റെ അരുവിയോരങ്ങളിലും പാതയോരങ്ങളിലെ മൺതിട്ടകളിലും നയന മനോഹരമായ കാഴ്‌ചയാണ് ഒരുക്കിയിരുന്നത്. ധാരാളം മഴയും തണുപ്പുമുള്ള അന്തരീക്ഷം ഇഷ്‌ടപ്പെടുന്ന ഈ അപൂർവ്വ ചെടികളിൽ ഇളം പിങ്ക് നിറത്തിലുള്ള പൂക്കളാണ് സമൃദ്ധമായി വിരിയുന്നത്.

മൂപ്പെത്തിയ വിത്തുകൾ സ്വയം പൊട്ടിത്തെറിച്ച് വിത്ത് വിതരണം നടത്തുന്ന പ്രത്യേകതയുള്ളതിനാൽ ‘ടച്ച് മി നോട്ട്’ (Touch-me-not) എന്നും ഈ സസ്യത്തെ വിശേഷിപ്പിക്കാറുണ്ട്. 20 മുതൽ 75 സെൻ്റീമീറ്റർ വരെ ഉയരത്തിൽ ഇവ വളരുന്നു. റോസാപ്പൂക്കൾ പോലെ അടുക്കുകളായോ ഒറ്റയായോ ഇവ കാണപ്പെടാം.

സൗന്ദര്യമുള്ള കാഴ്‌ച എന്നതിന് അപ്പുറം ഔഷധഗുണങ്ങളാൽ സമ്പന്നമാണ് ഈ അപൂർവ്വ സസ്യം. ത്വക്ക് രോഗങ്ങൾ, ഉദരസംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കുള്ള സിദ്ധ ഔഷധമായി പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ ഇവ ഉപയോഗിച്ചുപോരുന്നു. പൂക്കൾ പൊള്ളലേറ്റ ഭാഗങ്ങളിൽ തണുപ്പ് കിട്ടാൻ ഉപയോഗിക്കാറുണ്ട്. ഇലകളുടെ നീര് അരിമ്പാറയ്ക്കുള്ള നാടൻ പ്രതിവിധിയായി ഉപയോഗിക്കുന്നു. നിരവധി സസ്യശാസ്ത്രജ്ഞർ ഇവയെക്കുറിച്ച് പഠനങ്ങൾ നടത്തുകയും ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്‌തിട്ടുണ്ട്.

കാശിത്തുമ്പകള്‍ ഭംഗിയോതുന്ന സിനിമ ഗാനങ്ങളും ഉണ്ട്. ഡ്രീംസ് എന്ന മലയാള സിനിമയിലെ “കണ്ണിൽ കാശിത്തുമ്പകൾ…” എന്ന പ്രസിദ്ധമായ ഗാനത്തിലൂടെയും ഈ പൂക്കൾ മലയാളികൾക്ക് പ്രിയപ്പെട്ടതാണ്.

വംശനാശ ഭീഷണി നേരിടുന്നു

മനുഷ്യൻ്റെ അനിയന്ത്രിതമായ പ്രകൃതി ചൂഷണവും ജൈവവ്യവസ്ഥകളിലെ വ്യതിയാനവും കാലാവസ്ഥാ വ്യതിയാനവും മൂലം ഇന്ന് ഈ അപൂർവ്വ സസ്യം കടുത്ത വംശനാശഭീഷണി നേരിടുകയാണ്. ഒരു കാലത്ത് ഹൈറേഞ്ചിൽ ധാരാളമായി കണ്ടുവന്നിരുന്ന ഈ പൂക്കൾ ഇപ്പോൾ ചില പ്രത്യേക മേഖലകളിൽ മാത്രമായി ചുരുങ്ങിയിരിക്കുന്നു. അത്തരമൊരു വംശനാശ ഭീഷണിക്കിടയിലും ഗ്യാപ്പ് റോഡിലെ മലനിരകളിൽ ഇവ വ്യാപകമായി പുഷ്‌പിച്ചിരിക്കുന്നത് പ്രദേശവാസികൾക്കും സസ്യസ്നേഹികൾക്കും ഒരുപോലെ പ്രതീക്ഷ നൽകുന്നു.

ഓണാവധി ആഘോഷിക്കാൻ മലയോര മേഖലയിലേക്ക് എത്തുന്ന വിനോദ സഞ്ചാരികൾക്ക് വഴിയോരങ്ങളിൽ വിരിഞ്ഞ് നിൽക്കുന്ന ഈ കമ്മൽ പൂക്കൾ അപൂർവ്വവും മനോഹരവുമായ ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നത്. പ്രകൃതിയുടെ ഈ അപൂർവ്വ നിധിയെ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയും ഇതോടൊപ്പം ഓർമ്മപ്പെടുത്തപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here