ഹോർമൂസിൽ പാതിരാത്രി എണ്ണ ഒളിച്ചുകടത്തി യുഎസ്;

0
6

വാഷിങ്ടൺ ഡിസി: ഹോർമൂസില്‍ തുടരുന്ന പ്രതിസന്ധി മറികടക്കാൻ യുഎസ് എണ്ണ ഒളിച്ചു കടത്തുന്നു. പാതിരാത്രിയിൽ നടത്തുന്ന ദൗത്യത്തിലൂടെയാണ് എണ്ണക്കടത്ത് നടക്കുന്നത്. അമേരിക്കൻ സൈന്യം നേരിട്ട് ഈ രഹസ്യദൗത്യത്തിന് ചുക്കാൻ പിടിക്കുന്നു. ഹോർമൂസിൽ യുഎസിന് ആധിപത്യമുള്ള തെക്കൻ ചാനൽ വഴിയാണ് നീക്കങ്ങൾ. കഴിഞ്ഞ രണ്ട് മാസമായി ഈ ചാനൽ യുഎസിന്റെ അധീനതയിലാണ്.

‌ഇറാന്റെ റഡാർ സംവിധാനങ്ങൾക്കു നേരെ യുഎസ് നടത്തിയ ആക്രമണങ്ങൾ ഈ ദൗത്യത്തിന് ഏറെ സഹായകമായെന്നാണ് വിവരം. റഡാറിലൂടെ കപ്പൽനീക്കങ്ങളെ തിരിച്ചറിയാനും ആക്രമണം നടത്താനും ഇറാന് സാധിക്കുന്നില്ല. പകരം, ‘ബോട്ട് സ്പോട്ടർ’മാരെ ഉപയോഗിച്ച് കപ്പലുകളുടെ സ്ഥാനം തിരിച്ചറിയുകയും അങ്ങോട്ട് ആക്രമണം നടത്തുകയുമാണ് ഇറാൻ ചെയ്യുന്നത്. ഇതിന് വലിയ പരിമിതികളുണ്ട് എന്നത് യുഎസിന് ഒളിച്ചുകടത്തലിന് സഹായകമാകുന്നു.

പ്രതിദിനം ശരാശരി 1 കോടി ബാരൽ എണ്ണ ഹോർമൂസിലൂടെ ഇങ്ങനെ കടന്നുപോകുന്നുണ്ട് എന്നാണ് വിവരം. ഇത് ഹോർമൂസ് സാധാരണപോലെ പ്രവർത്തിച്ചിരുന്ന കാലത്തെ അളവിന്റെ പകുതിയാണ്. ചില ദിവസങ്ങളിൽ ഒന്നരക്കോടിയോ രണ്ട് കോടിയോ ബാരൽ എണ്ണ കടത്താൻ കഴിയുന്നു എന്നാണ് വിവരം. ഓരോ രാത്രിയും 15 മുതൽ 20 വരെ എണ്ണക്കപ്പലുകളാണ് ഇങ്ങനെ തെക്കൻ പാതയിലൂടെ ഒളിച്ച് സഞ്ചരിക്കുന്നത്.

ബോട്ട് സ്പോട്ടർ‌‍മാരെ ആശ്രയിച്ച് ഇറാൻ നടത്തുന്ന ആക്രമണങ്ങൾക്ക് കൃത്യത കുറവാണ്. കൂടാതെ ഇത്തരം ആക്രമണങ്ങളെ മിക്കതിനെയും മിസൈൽവേധ സംവിധാനങ്ങളിലൂടെ തടയാനും യുഎസ് സൈന്യത്തിന് സാധിക്കുന്നുണ്ട്. ഈ ആഴ്ച മാത്രം ഇറാന്റെ 8 ഡ്രോണുകളും 2 ക്രൂയിസ് മിസൈലുകളും അമേരിക്കൻ സേന വെടിവെച്ചിട്ടു.

എണ്ണ നിറച്ച് പുറത്തേക്ക് പോകുന്ന കപ്പലുകളെ സഹായിക്കുന്നതിനൊപ്പം, അറബിക്കടലിൽ നിന്ന് ഗൾഫ് തുറമുഖങ്ങളിലേക്ക് എണ്ണ നിറയ്ക്കാൻ വരുന്ന ഒഴിഞ്ഞ കപ്പലുകളെയും അമേരിക്കൻ സേന സുരക്ഷിതമായി അകമ്പടി സേവിക്കുന്നതായാണ് വിവരം. കപ്പലുകൾ കടലിടുക്ക് മുറിച്ചുകടക്കുമ്പോൾ യുഎസ് എയർഫോഴ്‌സിന്റെ ഫൈറ്റർ ജെറ്റുകൾ ആകാശത്തുനിന്ന് നിരന്തരം സുരക്ഷ ഒരുക്കുന്നു.

ഹോർമുസിലൂടെ യുഎസ് കപ്പലുകൾ കടക്കുന്നതായി ട്രംപും അവകാശപ്പെടുന്നുണ്ട്. ഇറാനുമായി നിലവിൽ‌ ചർച്ചകളൊന്നും ഇല്ലെന്നും, അവരുമായുള്ള ചർച്ചകളെല്ലാം സമയനഷ്ടമാണെന്നും ട്രംപ് വിവരിക്കുന്നു. ഇറാന് ഇപ്പോൾ പഴയപോലെ പോരാടാൻ ശേഷിയില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here