ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് അമേരിക്കയുടെ പുതിയ പ്രദേശമാണെന്ന യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ അവകാശവാദത്തിനെതിരെ ശക്തമായ താക്കീതുമായി ഇറാൻ. ട്രംപിൻ്റെ വ്യാമോഹങ്ങൾ തിരുത്തപ്പെടുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
എഐ ചിത്രവുമായി ട്രംപ്
ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് വിവാദമായ എഐ ചിത്രം പങ്കുവച്ചത്. ഇറാനും അറേബ്യൻ ഉപദ്വീപിനും ഇടയിലുള്ള തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിനെ നീല നിറത്തിൽ അടയാളപ്പെടുത്തി, പുതിയ യുഎസ് പ്രദേശം എന്ന് വലിയ അക്ഷരത്തിൽ രേഖപ്പെടുത്തിയ ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. ലോകത്തെ ഊർജ വിതരണത്തിൻ്റെ വലിയൊരു ഭാഗം കടന്നുപോകുന്ന ഈ പാതയുടെ പൂർണ നിയന്ത്രണം വാഷിങ്ടണിനാണെന്ന് ട്രംപ് നേരത്തെയും അവകാശപ്പെട്ടിരുന്നു.
ഇതിന് പിന്നാലെയാണ് രൂക്ഷവിമർശനവുമായി ഇറാൻ രംഗത്തെത്തിയത്. എക്സിലെ പോസ്റ്റിലൂടെ ഇറാൻ ഉപവിദേശകാര്യ മന്ത്രി കാസെം ഗരീബാബാദി ട്രംപിനെ വ്യാമോഹിയായ മനുഷ്യൻ എന്നാണ് വിശേഷിപ്പിച്ചത്. ട്രംപ് തൻ്റെ പോസ്റ്റിൽ പേർഷ്യൻ ഗൾഫ് എന്ന് കൃത്യമായി പരാമർശിച്ചിട്ടുണ്ടെങ്കിലും ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട അദ്ദേഹത്തിൻ്റെ വ്യാമോഹങ്ങൾ സാഹചര്യങ്ങളോ ഇറാനോ തന്നെ ഉടൻ തിരുത്തുമെന്ന് ഗരീബാബാദി വ്യക്തമാക്കി.
ഇറാൻ്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ (എസ്എൻഎസ്‌സി) പുതിയ മേധാവി മൊഹ്‌സെൻ റെസായിയും ട്രംപിൻ്റെ പരാമർശങ്ങളെ വിമർശിച്ചു. ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള അമേരിക്കയുടെ കഴിവുകേടും അത് സ്വന്തമാണെന്ന അവകാശവാദവും തമ്മിലുള്ള അന്തരം വാഷിങ്ടണും കടലിടുക്കും തമ്മിലുള്ള 7,000 മൈൽ ദൂരത്തേക്കാൾ വലുതാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. പേർഷ്യൻ ഗൾഫിലെ അമേരിക്കാനന്തര ക്രമത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസവും സമാനമായ അവകാശവാദങ്ങൾ ട്രംപ് ഉന്നയിച്ചിരുന്നു. ഹോർമുസ് കടലിടുക്കിന്മേൽ അമേരിക്കയ്ക്ക് പൂർണ നിയന്ത്രണമുണ്ടെന്നും ഇതിനെ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുന്ന ആശയത്തെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഉപരോധത്തിലൂടെ അമേരിക്കയാണ് ഈ പാത നിയന്ത്രിക്കുന്നതെന്നും കടലിടുക്ക് തുറന്നിരിക്കുന്നതിനാൽ എണ്ണവില കുറയുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇറാൻ കടുത്ത സാമ്പത്തിക, സൈനിക സമ്മർദങ്ങൾ നേരിടുകയാണെന്നും വെള്ളത്തിൽ മൈനുകൾ സ്ഥാപിച്ച് അവർക്ക് ഇപ്പോഴും ശല്യമുണ്ടാക്കാൻ കഴിയുമെങ്കിലും അമേരിക്കയുടെ ഉപരോധം ഫലപ്രദമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
മുന്നറിയിപ്പുമായി ഇറാൻ
എന്നാൽ തന്ത്രപ്രധാനമായ ജലപാതയ്ക്ക് മേലുള്ള വാഷിങ്ടണിൻ്റെ അവകാശവാദങ്ങൾ ഇറാൻ തള്ളി. 14 ഇന ധാരണാപത്രത്തിലെ വ്യവസ്ഥകൾ അമേരിക്ക പാലിക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബഗർ ഗാലിബാഫ് വ്യക്തമാക്കി. ഉപരോധം പിൻവലിക്കുക, മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ വിട്ടുനൽകുക, എണ്ണ ഉപരോധം നീക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ. 12-ാം പാർലമെൻ്റിൻ്റെ 180-ാം സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുന്ന കരാർ ലംഘനങ്ങളോട് പ്രതികരിക്കാൻ ഇറാൻ്റെ സൈനിക, നയതന്ത്ര വിഭാഗങ്ങൾ ഒരുമിച്ച് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും ഗാലിബാഫ് പറഞ്ഞു. വെടിനിർത്തൽ ധാരണകൾ അമേരിക്ക ലംഘിച്ചാൽ പുതിയ സൈനിക പ്രതികരണത്തിന് ഇറാൻ തയ്യാറാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പശ്ചിമേഷ്യയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിൻ്റെ പദവിയെച്ചൊല്ലിയുള്ള ഈ തർക്കങ്ങൾ അന്താരാഷ്ട്ര ഷിപ്പിങ്, ഊർജ വിപണികളിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.






