പ്രധാനമന്ത്രിയുടെ വിദേശ പര്യടനം ഇന്ന് മുതൽ ,ലക്ഷ്യം പുതിയ വ്യാപാര കുതിപ്പ്;

0
18

ന്യൂഡൽഹി: വാണിജ്യം, സാങ്കേതികവിദ്യ, ഊർജം എന്നീ മേഖലകളിലെ നയതന്ത്ര ബന്ധം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ച് രാജ്യങ്ങളിലേക്കുള്ള സന്ദർശനം ഇന്നുമുതൽ. 20 വരെ നീണ്ടു നിൽക്കുന്ന സന്ദർശനത്തിൽ യുഎഇ, നെതർലൻഡ്സ്, സ്വീഡൻ, നോർവെ, ഇറ്റലി എന്നിവിടങ്ങളിൽ പ്രധാനമന്ത്രി സന്ദർശിക്കും. നവീകരണം, ഹരിത സാമ്പത്തിക വളർച്ച തുടങ്ങിയ മേഖലകളിൽ പങ്കാളിത്തം ഉറപ്പാക്കുന്നതിനൊപ്പം യൂറോപ്പുമായും ഗൾഫ് മേഖലയുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതൽ വിപുലമാക്കാനും ഈ യാത്ര സഹായിക്കും.

എഞ്ചിനീയറിങ്, ശുദ്ധോർജം, സാങ്കേതികവിദ്യ, ഫാർമസ്യൂട്ടിക്കൽസ്, ഭക്ഷ്യ സംസ്കരണം, വസ്ത്രനിർമാണം, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ കയറ്റുമതിക്കാർക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കാൻ സന്ദർശനത്തിലെ ഉന്നതതല യോഗങ്ങളിലൂടെ കഴിയുമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻസ് (ഫിയോ) വ്യക്തമാക്കി.

വിശ്വസ്തനായ സാമ്പത്തിക പങ്കാളി എന്ന നിലയിൽ ആഗോള തലത്തിൽ ഇന്ത്യയുടെ വളർച്ചയാണ് യുഎഇയിലെയും യൂറോപ്പിലെയും നേതാക്കളുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചകൾ വ്യക്തമാക്കുന്നതെന്ന് ഫിയോ പ്രസിഡൻ്റ് എസ് സി രാൽഹാൻ പ്രതികരിച്ചു. ഇന്ത്യയുടെ കയറ്റുമതി വ്യാപാരത്തിന് പുതിയ കരുത്ത് പകരാൻ ഈ സന്ദർശനം നിർണായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎഇ സന്ദർശനം

മെയ് 15ന് യുഎഇയിലാണ് പ്രധാനമന്ത്രിയുടെ അഞ്ച് രാഷ്ട്ര പര്യടനം ആരംഭിക്കുന്നത്. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം സുപ്രധാന കൂടിക്കാഴ്ച നടത്തും. ഊർജ മേഖലയിലെ സഹകരണം, വ്യാപാരം, നിക്ഷേപം, സംയുക്ത താത്പര്യമുള്ള കാതലായ പ്രാദേശിക വിഷയങ്ങൾ എന്നിവയാണ് ഇരുവരുടെയും ചർച്ചയാവുകയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പശ്ചിമേഷ്യയിലേക്കും ആഫ്രിക്കയിലേക്കുമുള്ള ഇന്ത്യൻ കയറ്റുമതിയുടെ പ്രധാന കവാടമാണ് യുഎഇ എന്ന് ഫിയോ ചൂണ്ടിക്കാട്ടി. അടിസ്ഥാന സൗകര്യ വികസനം, നിക്ഷേപം എന്നീ മേഖലകളിൽ ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ ദൃഢമാക്കാൻ ഈ പര്യടനം വഴിതുറക്കും. യുഎഇയിലുള്ള ഇന്ത്യൻ സമൂഹവും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്.

കഴിഞ്ഞ ജനുവരിയിൽ യുഎഇ പ്രസിഡൻ്റ് ഇന്ത്യ സന്ദർശിച്ചതിൻ്റെയും ഫെബ്രുവരിയിൽ നടന്ന എഐ ഉച്ചകോടിയിൽ കിരീടാവകാശി പങ്കെടുത്തതിൻ്റെയും തുടർച്ചയായാണ് മോദിയുടെ ഇപ്പോഴത്തെ സന്ദർശനം. എഎൻഐ വാർത്താ ഏജൻസിയോട് സംസാരിക്കവെ യുഎഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അൽ ഹാഷിമി പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ വലിയ ആഹ്ളാദം പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വ്യാപാര, സാങ്കേതിക മേഖലകളിൽ പുതിയ ഉയരങ്ങൾ കീഴടക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഎഇ നേതൃത്വത്തിനും ജനങ്ങൾക്കും ലഭിച്ച യഥാർഥ നിധിയായാണ് കണക്കാക്കുന്നതെന്നും റീം അൽ ഹാഷിമി വ്യക്തമാക്കി.

യൂറോപ്യൻ രാജ്യങ്ങളിലെ പര്യടനം

യുഎഇ സന്ദർശനത്തിന് ഈ മാസം 17 വരെ പ്രധാനമന്ത്രി നെതർലൻഡ്സിലുണ്ടാകും. ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റനുമായി ചർച്ച നടത്തുന്ന അദ്ദേഹം രാജാവ് വില്ലെം അലക്സാണ്ടർ, രാജ്ഞി മാക്സിമ എന്നിവരുമായും കൂടിക്കാഴ്ച നടത്തും. സെമികണ്ടക്ടർ, ഗ്രീൻ ഹൈഡ്രജൻ, പ്രതിരോധം, ജലവിഭവ മാനേജ്മെൻ്റ് തുടങ്ങിയ വിഷയങ്ങളിലാകും നെതർലൻഡ്സിൽ പ്രധാനമായും ചർച്ച നടക്കുക. തുടർന്ന് 17, 18 തീയതികളിൽ സ്വീഡൻ സന്ദർശിക്കുന്ന പ്രധാനമന്ത്രി സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സനുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും.

യൂറോപ്യൻ കമ്മിഷൻ പ്രസിഡൻ്റ് ഉർസുല വോൺ ഡെർ ലെയ്നൊപ്പം യൂറോപ്യൻ റൗണ്ട് ടേബിൾ ഫോർ ഇൻഡസ്ട്രിയേയും ഇരുനേതാക്കളും അഭിസംബോധന ചെയ്യും. നിർമിത ബുദ്ധി, പുതിയ സാങ്കേതികവിദ്യകൾ, കാര്യക്ഷമമായ വിതരണ ശൃംഖല തുടങ്ങിയവയാകും ഇവിടെ ചർച്ചയാവുക.

മെയ് 19ന് നോർവെയിലെ ഓസ്ലോയിൽ നടക്കുന്ന മൂന്നാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. നോർവീജിയൻ പ്രധാനമന്ത്രി ജോനാസ് ഗാർ സ്റ്റോറുമായി അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തും. ഡെൻമാർക്ക്, ഫിൻലൻഡ്, ഐസ്ലൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങളിലെ നേതാക്കളും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയും നോർഡിക് രാജ്യങ്ങളും തമ്മിലുള്ള സഹകരണം ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്കും ബിസിനസ് സംരംഭങ്ങൾക്കും വലിയ അവസരങ്ങൾ തുറന്നുനൽകുമെന്ന് രാൽഹാൻ വ്യക്തമാക്കി.

പര്യടനത്തിൻ്റെ അവസാന ഘട്ടമായി 19, 20 തീയതികളിൽ പ്രധാനമന്ത്രി ഇറ്റലി സന്ദർശിക്കും. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി, പ്രസിഡൻ്റ് സെർജിയോ മാറ്ററെല്ല എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ശുദ്ധോർജം, പ്രതിരോധം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുകയാണ് ലക്ഷ്യം. പുതുതായി പൂർത്തിയാക്കിയ ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിൻ്റെയും ഇന്ത്യ-ഇഎഫ്ടിഎ വ്യാപാര സാമ്പത്തിക പങ്കാളിത്ത കരാറിൻ്റെയും പശ്ചാത്തലത്തിലാണ് ഈ സന്ദർശനം ഏറെ ശ്രദ്ധേയമാകുന്നത്.

ബ്ലൂ ഇക്കണോമി, ഗ്രീൻ ഹൈഡ്രജൻ, നിർമിത ബുദ്ധി തുടങ്ങിയ ഭാവി സാങ്കേതികവിദ്യകളിൽ യൂറോപ്യൻ നേതാക്കളുമായുള്ള ചർച്ചകൾ പുതിയ വഴിത്തിരിവാകും. ഇന്ത്യ-നോർവെ ബിസിനസ് ആൻഡ് റിസർച്ച് സമ്മിറ്റ് പോലെയുള്ള വാണിജ്യ പരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കുന്നതിലൂടെ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കാനും വ്യാവസായിക പങ്കാളിത്തം ഉറപ്പാക്കാനും കഴിയുമെന്ന് ഫിയോ വിലയിരുത്തുന്നു.

സന്ദർശനം നടത്തുന്ന രാജ്യങ്ങളുമായി ഇന്ത്യക്ക് സംയുക്തമായി 70 ബില്യൺ ഡോളറിലധികം വാണിജ്യ ഇടപാടുകളുണ്ട്. ആഗോളതലത്തിൽ പുതിയ നിക്ഷേപങ്ങൾ ആകർഷിക്കാനും കയറ്റുമതിക്കാർക്ക് കൂടുതൽ വിപണികൾ കണ്ടെത്താനും പ്രധാനമന്ത്രിയുടെ ഈ അഞ്ചു രാജ്യങ്ങളിലേക്കുള്ള പര്യടനം വലിയ രീതിയിൽ സഹായിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here