വാഗമണ്ണിൽ കൈയേറിയ 10 ഏക്കർ റവന്യൂ ഭൂമി തിരിച്ചുപിടിച്ചു; നടൻ പ്രകാശ് രാജിന് നോട്ടീസ്

0
26
പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ വാഗമൺ വരാട്ടുമേട്ടിൽ സ്വകാര്യ വ്യക്തി നിയമവിരുദ്ധമായി കൈയേറിയ 10 ഏക്കർ റവന്യൂ ഭൂമി റവന്യൂ സംഘം തിരിച്ചുപിടിച്ചു. വരാട്ടുമേട് സ്വദേശിയായ പ്രതീഷ് കൈയേറിയ ഭൂമിയാണ് അധികൃതർ ഏറ്റെടുത്തത്. ഭൂമിയിൽ അനധികൃതമായി നിർമിച്ചിരുന്ന ഹോംസ്റ്റേ കെട്ടിടം, കഫറ്റേരിയ, അതിർത്തിയിലെ ഇരുമ്പുവേലികൾ, കരിങ്കൽക്കെട്ടുകൾ എന്നിവ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചുനീക്കി. കൂടാതെ ഇവിടെയുണ്ടായിരുന്ന പടുതാക്കുളവും തകർത്താണ് റവന്യൂ സംഘം നടപടികൾ പൂർത്തിയാക്കിയത്.
പീരുമേട് തഹസിൽദാർ ജോജോ വി സെബാസ്റ്റ്യൻ, എൽ എ തഹസിൽദാർ ആർ ഹരീന്ദ്രനാഥ്‌, വാഗമൺ വില്ലേജ് ഓഫീസർ പി ബി ഗോപികൃഷ്ണൻ, ഏലപ്പാറ വില്ലേജ് ഓഫീസർ വിജയകുമാർ എന്നിവരുടെയും താലൂക്ക് ഓഫീസർമാരുടെയും ഭൂസംരക്ഷണസേനാംഗങ്ങളുടെയും നേതൃത്വത്തിലാണ് ഒഴിപ്പിക്കൽ നടപടികൾ നടന്നത്.
പ്രതീഷിന്റെ അച്ഛൻ ദുരൈരാജ്, മുത്തശ്ശി സുബ്ബമ്മ എന്നിവരുടെ പേരിൽ വരാട്ടുമേട്ടിൽ ഉണ്ടായിരുന്ന രണ്ടരയേക്കർ പട്ടയഭൂമിയുടെ മറവിലാണ് അതിനോടുചേർന്നുള്ള ഏക്കറുകണക്കിന് റവന്യൂ ഭൂമി കൈയേറുകയും കൃഷി നടത്തുകയും ചെയ്തിരുന്നത്.
നടൻ പ്രകാശ് രാജിന്റെ ഭൂമി അളന്നുതിട്ടപ്പെടുത്തും
ഇതേ പ്രദേശത്ത് പ്രശസ്ത നടൻ പ്രകാശ് രാജിനും പട്ടയഭൂമിയുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ കൈവശമുള്ള സ്ഥലത്തോടുചേർന്നും കുറച്ചു ഭൂമിക്ക് പട്ടയമില്ലെന്നാണ് പീരുമേട് തഹസിൽദാർ വ്യക്തമാക്കുന്നത്.ഈ ഭൂമി അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ അളന്നുതിട്ടപ്പെടുത്തുന്നതിനായി റവന്യൂ അധികൃതർ നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാൽ പ്രകാശ് രാജ് നിലവിൽ നോട്ടീസ് കൈപ്പറ്റിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ ഫോൺ നമ്പർ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here