ലോകനന്‍മയ്ക്കായി കൊല്ലൂർ മൂകാംബികയിൽ നവചണ്ഡികാ ഹോമം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കുടുംബവും
കാസർകോട്: കൊല്ലൂർ മൂകാംബികയിൽ നവചണ്ഡികാ ഹോമം നടത്തി സുരേഷ് ഗോപിയും കുടുംബവും. കുടുംബസമേതം ക്ഷേത്രത്തിലെത്തിയ അദ്ദേഹം ഐശ്വര്യത്തിനും സമാധാനത്തിനുമായി നവചണ്ഡികാ ഹോമം നടത്തി. ലോകഗുരുവായ കൊല്ലൂര്‍ മൂകാംബികാ ദേവിയുടെ സന്നിധിയിൽ ഐശ്വര്യത്തിനും സമാധാനത്തിനുമായി നവചണ്ഡികാ ഹോമം നടത്തുവാനും പങ്കെടുക്കുവാനും സാധിച്ചുവെന്ന് സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ സുരേഷ് ഗോപി പറഞ്ഞു.
ഈ സന്ദർശനത്തിൽ ഏറെ ശ്രദ്ധേയമായത് ക്ഷേത്രത്തിലേക്ക് നടത്തിയ വലിയൊരു സമർപ്പണമായിരുന്നു. സുരേഷ് ഗോപിയുടെ പ്രിയ സുഹൃത്തും മോദി അനുഭാവിയുമായ ബെംഗളൂരു സ്വദേശി പുരുഷോത്തം റെഡിഗാരു നൽകിയ 10 ടൺ ബാസ്മതി അരി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും നാളും ചൊല്ലി മൂകാംബികാ അമ്മയ്ക്ക് സമർപ്പിച്ചു. ഈ പുണ്യകർമം നിർവഹിക്കാൻ സാധിച്ചത് വലിയൊരു അനുഗ്രഹമായി കാണുന്നുവെന്ന് അദ്ദേഹം കുറിച്ചു. ക്ഷേത്രത്തിലെ പൂജകൾക്ക് ശേഷം കുടുംബാംഗങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ഭാരതത്തിൻ്റെ ഐശ്വര്യത്തിനും ലോകനന്മയ്ക്കുമായി നമുക്ക് പ്രാർത്ഥിക്കാമെന്നും അദ്ദേഹം സമൂഹ മാധ്യമത്തിൽ കുറിച്ചു. കുടുംബ സമേതമാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ സുരേഷ് ഗോപി എത്തിയത്. ഭാര്യ രാധിക, മക്കളായ മാധവ്, ഗോകുൽ, ഭാവ്‌നി, മരുമകൻ ശ്രേയസ് മോഹൻ എന്നിവർ ഉണ്ടായിരുന്നു.
നേരത്തേ തൃശൂര്‍ ലൂര്‍ദ് കത്തീഡ്രല്‍ ദേവാലയത്തിലെ മാതാവിന്‍റെ രൂപത്തിൽ സ്വർണ കിരീടം സുരേഷ് ഗോപി സമർപ്പിച്ചിരുന്നു. ലൂർദ് കത്തീഡ്രൽ തിരുനാളിന് പള്ളിയിലെത്തിയപ്പോൾ സ്വർണക്കിരീടം സമർപ്പിക്കാമെന്ന് സുരേഷ് ഗോപി അധികൃതരെ അറിയിച്ചിരുന്നു. തുടര്‍ന്ന് മൂത്ത മകള്‍ ഭാഗ്യയുടെ വിവാഹത്തിന് മുന്നോടിയായി ദേവാലയത്തിലെത്തി സ്വര്‍ണക്കിരീടം സമര്‍പ്പിക്കുകയായിരുന്നു. ഏകദേശം അഞ്ച് പവനോളം തൂക്കമുള്ള സ്വർണത്തിൽ പൊതിഞ്ഞ കിരീടമാണ് സമർപ്പിച്ചത്. പിന്നാലേ സ്വർണക്കിരീടം എന്ന പേരിൽ സുരേഷ് ഗോപി നല്‍കിയത് ചെമ്പിൽ സ്വർണം പൂശി നൽകിയെന്ന ആക്ഷേപം ഉയർന്നിരുന്നു. കിരീടത്തിൽ എത്ര സ്വർണമുണ്ടെന്ന് അറിയണമെന്ന ആവശ്യം തൃശൂർ കോർപ്പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ലീല വർഗീസ് ലൂർദ് ഇടവകാപ്രതിനിധി യോഗതത്തില്‍ ഉന്നയിച്ചിരുന്നു. തുടര്‍ന്ന് സ്വർണക്കിരീടത്തിലെ സ്വർണത്തിന്‍റെ മാറ്റ് പരിശോധിക്കാൻ പള്ളി വികാരിയേയും ട്രസ്‌റ്റിയേയും കൈകാരന്മാരേയും ചേര്‍ത്ത് കമ്മിറ്റി രൂപീകരിക്കുകയുമണ്ടായി.
തൃശൂരിൽനിന്നുള്ള എംപിയായ സുരേഷ് ഗോപി, മൂന്നാം നരേന്ദ്രമോദി സർക്കാരിൽ പെട്രോളിയം- പ്രകൃതിവാതക, ടൂറിസം സഹമന്ത്രിയാണ്. ഗോകുലം മൂവീസ് നിര്‍മിക്കുന്ന ഒറ്റക്കൊമ്പനാണ് സുരേഷ് ഗോപിയുടേതായി ഇനി റിലീസിനൊരുങ്ങുന്ന ചിത്രം.







