നിർമാതാവ് കണ്ണൻ രവിയുടെ മകന്റെ വിവാഹത്തിന് റാപ്പർ വേടന്റെ സംഗീത പരിപാടി സംഘടിപ്പിച്ചതിനെതിരെ ഗായിക ചിന്മയി. ലൈംഗിക അതിക്രമ ആരോപണം നേരിടുന്ന വേടനെ പരിപാടിയുടെ ഭാഗമാക്കിയതിനെതിരെയാണ് ചിന്മയി പ്രതികരിച്ചത്. താനും കൂടി അംഗമായ പൊതുവിടത്തിലാണ് വേടനെതിരെയുള്ള ലൈംഗിക ആരോപണം ഉയർന്നതെന്ന് ചിന്മയി കുറിച്ചു. സിനിമാ പ്രവർത്തകനായ ഹരീഷിന്റെ എക്സ് പോസ്റ്റിന് മറുപടിയായാണ് ചിന്മയി ഇക്കാര്യം പറഞ്ഞത്.
‘മുൻ മന്ത്രി ദുരൈമുരുകന്റെ കൊച്ചുമകളും ഡിഎംകെ എംപി കതിർ ആനന്ദിന്റെ മകളുമായ യുവതി ചലച്ചിത്ര നിർമാതാവ് കണ്ണൻ രവിയുടെ മകനെ വിവാഹം കഴിക്കുന്നു. ഒരു കുടുംബ ചടങ്ങായി നടക്കേണ്ടിയിരുന്ന ഈ വിവാഹം, ലൈംഗിക പീഡന ആരോപണം നേരിട്ട റാപ്പർ വേടൻ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന, ഒരു ‘‘യുവൻ ശങ്കർ രാജ സംഗീത പരിപാടി’’യായി മാറിയിരിക്കുകയാണ്’– എന്നായിരുന്നു ഹരീഷിന്റെ പോസ്റ്റ്. ഈ പോസ്റ്റ് റീഷെയർ ചെയ്തുകൊണ്ടാണ് ചിന്മയി പരിഹാസമായി കുറിച്ചത്. ‘റാപ്പർ വേടനെതിരെയുള്ള ആരോപണങ്ങൾ ആദ്യം പങ്കുവയ്ക്കപ്പെട്ടത്, ഞാനും അംഗമായ ഒരു പൊതു ഇടത്തിലാണ്. ആ സ്ത്രീ മലയാളത്തിൽ പറഞ്ഞ കാര്യങ്ങൾ മറ്റൊരാൾ എനിക്ക് വിവർത്തനം ചെയ്തു നൽകുകയായിരുന്നു
കാർത്തിക്കിന് വേദി ലഭിക്കാമെങ്കിൽ, അതേ മാനദണ്ഡം വച്ച് നോക്കുമ്പോൾ വേടനും വേദി ലഭിക്കാൻ അർഹതയുണ്ടെന്ന് എനിക്ക് തോന്നുന്നു’– എന്നായിരുന്നു ചിന്മയിയുടെ വാക്കുകൾ. ലൈംഗിക അതിക്രമ ആരോപണം നിലനിൽക്കെ ഗായകൻ കാർത്തിക്കിന് സംഗീത റിയാലിറ്റി ഷോയിൽ ജഡ്ജ് ആയി ക്ഷണിച്ചതിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നിരുന്നു. ചിന്മയിയും വിഷയത്തിൽ ശക്തമായി പ്രതികരിച്ചിരുന്നു. ഈ സംഭവം ചൂണ്ടിക്കാട്ടിയാണ് വേടൻ വിഷയത്തിലും ചിന്മയി പരിഹാസരൂപേണ വിമർശനം ഉന്നയിച്ചത്.







