ദിവസും രണ്ട് ഗ്ലാസ് കട്ടൻ കാപ്പി കുടിക്കൂ; ഗുണങ്ങള്‍ ഒന്നല്ല ഒട്ടേറെ

0
31

കാപ്പി കുടിക്കാൻ ഇഷ്‌ടമില്ലാത്തവർ കുറവാണ്. ഒരു കപ്പ് കാപ്പിയിലൂടെ ദിവസം ആരംഭിക്കുന്നവരാണ് ഭൂരിഭാഗം പേരും. ദിവസേന കാപ്പി കുടിക്കുന്നത് വഴി ഒട്ടേറെ ഗുണങ്ങളാണ് ശരീരത്തിന് ലഭിക്കുന്നത്. ശരീരത്തിന്‍റെ ഊർജ്ജം വർധിപ്പിക്കാനും ഉന്മേഷം നിലനിർത്താനും മെറ്റബോളിസം വേഗത്തിലാക്കാനുമൊക്കെ ഇത് ഗുണകരമാണ്. കലോറി രഹിതയും വിശപ്പ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നതിനാൽ ശരീരഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്ക് മികച്ചൊരു തിരഞ്ഞെടുപ്പാണിത്. പതിവായി കട്ടൻ കാപ്പി കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് നാഷണൽ ഇൻസ്‌റ്റ്യൂട്ട് ഔഫ് ഹെൽത്തിൽ പ്രസീദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും ഇത് ഗുണം ചെയ്യും. ആന്‍റി ഓക്‌സിഡന്‍റുകളാൽ സമ്പന്നമായതിനാൽ ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന നാശത്തിൽ നിന്ന് ശരീരകോശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. അന്താരാഷ്‌ട്ര കോഫി ദിനമായ ഇന്ന് കട്ടൻ കാപ്പിയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിയാം.

ഹൃദയാരോഗ്യം
ദിവസവും മധുരം ചേർക്കാതെ ഒന്നോ രണ്ടോ കപ്പ് കാപ്പി കുടിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലമുള്ള മരണ സാധ്യത 14% കുറയ്ക്കുമെന്ന് ദി ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. കാപ്പിയിൽ അടങ്ങിയിട്ടുള്ള പോളിഫെനോൾസ് പോലുള്ള ആന്‍റി ഓക്‌സിഡന്‍റുകൾ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുകയും ഓക്‌സിഡേറ്റീവ് സമ്മർദ്ദം, വീക്കം എന്നിവ കുറയ്ക്കുകയും ചെയ്യും. രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ഹൃദയ സംബന്ധമായ സങ്കീർണതകൾ ഒഴിവാക്കുകയും ചെയ്യും. മിതമായ അളവിലുള്ള ഉപഭോഗം ഹൃദയസ്‌തംഭനത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കുറയ്ക്കും.

കരളിന്‍റെ ആരോഗ്യം
സിറോസിസ്, ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്, ലിവർ കാൻസർ ഉൾപ്പെടെയുള്ള കരൾ രോഗങ്ങളുടെ അപകട സാധ്യത കുറയ്ക്കാൻ കാപ്പി സഹായിക്കും. ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് പുരോഗതി മന്ദഗതിയിലാക്കാനും ഇത് ഗുണം ചെയ്യും. പതിവായി കാപ്പി കുടിക്കുന്നത് കരളിന് ദോഷകരമായ എൻസൈമുകളുടെ അളവ് കുറയ്ക്കുമെന്ന് ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇത് കരളിലെ വീക്കവും മറ്റ് കേടുപാടുകളും കുറയ്ക്കാൻ സഹായിക്കും.

മാനസികാരോഗ്യം
കാപ്പിയിൽ കഫീൻ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ക്ഷീണത്തിന് കാരണമാകുന്ന അഡിനോസിൻ എന്ന ന്യുറോ ട്രാസ്‌മിറ്ററുകളെ തടഞ്ഞ് ശ്രദ്ധ, ഏകാഗ്രത എന്നിവ വർധിപ്പിക്കാൻ സഹായിക്കും. ഓർമശക്തി കൂട്ടാനും വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്താനും ഇത് ഫലം ചെയ്യും. ഡോപാമൈൻ, സെറോടോണിൻ പോലുള്ള ഹോർമോണുകളുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കാനും കാപ്പിയുടെ ഉപഭോഗം ഗുണം ചെയ്യും. ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്താനും വിഷാദരോഗ സാധ്യത കുറയ്ക്കാനും സഹായിക്കും.

നാഡീ സംരക്ഷണം
കാപ്പിയിൽ ആന്‍റി ഓക്‌സിഡന്‍റ്, ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ക്ലോറോജെനിക് ആസിഡുകൾ ഉൾപ്പെടെയുള്ള നിരവധി സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഓക്‌സിഡേറ്റീവ് സമ്മർദ്ദം, വീക്കം എന്നിവയിൽ നിന്ന് തലച്ചോറിനെ സംരക്ഷിക്കാൻ സഹായിക്കും. പാർക്കിൻസൺസ്, അൽഷിമേഴ്‌സ്, ഡിമെൻഷ്യ തുടങ്ങിയ ന്യൂറോഡീജനറേറ്റീവ് രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ഫലപ്രദമാണിത്.

ആന്‍റി ഓക്‌സിഡന്‍റ്സ് ഗുണങ്ങൾ
കാപ്പിയിൽ ഉയർന്ന അളവിൽ ആന്‍റി ഓക്‌സിഡന്‍റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുകയൂം കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. കാൻസർ സാധ്യത കുറയ്ക്കാനും ഇത് ഗുണം ചെയ്യും. ഇതിലെ ബയോആക്‌ടീവ് സംയുക്തങ്ങൾ വിട്ടുമാറാത്ത രോഗങ്ങൾക്ക് കാരണമാകുന്ന വീക്കം കുറയ്ക്കാൻ സഹായിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here