സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വിദേശ നിക്ഷേപം ലക്ഷ്യമിട്ട് രാജ്യത്തെ സമ്പന്നമായ ഖനന മേഖല വിദേശ കമ്പനികൾക്ക് തുറന്നുനൽകാൻ ഒരുങ്ങി പാക്കിസ്ഥാൻ. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സർക്കാരും ഫീൽഡ് മാർഷൽ അസിം മുനീറിന്റെ നേതൃത്വത്തിലുള്ള സൈനിക ജനറലുമാരും ചേർന്നാണ് വിദേശ കമ്പനികൾക്ക് നിയമപരമായ സുരക്ഷയും കരാർ ഉറപ്പുകളും നൽകുന്ന പുതിയ ചട്ടക്കൂട് തയ്യാറാക്കുന്നത്.
നവംബർ 12, 13 തീയതികളിൽ നടക്കുന്ന ‘പാക്കിസ്ഥാൻ മിനറൽസ് ഇൻവെസ്റ്റ്‌മെന്റ് ഫോറം 2026’-ൽ അന്താരാഷ്ട്ര ഖനന കോർപ്പറേഷനുകൾക്കും നിക്ഷേപകർക്കും മുന്നിൽ പദ്ധതി അവതരിപ്പിക്കും. എന്നാൽ രാഷ്ട്രീയ അസ്ഥിരതയും സുരക്ഷാ ഭീഷണികളും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഈ നീക്കം വലിയ വിമർശനങ്ങൾക്കും വഴിതെളിക്കുന്നുണ്ട്.
ഖൈബർ പഖ്തുൻഖ്വ, ബലൂചിസ്ഥാൻ എന്നീ പ്രവിശ്യകളിലെ ഖനന മേഖലകളാണ് ആദ്യഘട്ടത്തിൽ വിദേശ നിക്ഷേപത്തിനായി തുറന്നുകൊടുക്കുന്നത്. ചെമ്പ്, സ്വർണം തുടങ്ങിയ അപൂർവ ധാതുക്കളുടെ വൻ ശേഖരമാണ് ഈ മേഖലകളിലുള്ളത്. ഇതിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ വികസിപ്പിക്കാത്ത ചെമ്പ്-സ്വർണ്ണ ശേഖരങ്ങളിലൊന്നായ ബലൂചിസ്ഥാനിലെ റെക്കോ ഡിഖ് പദ്ധതിയും ഉൾപ്പെടുന്നു.







