ലണ്ടൻ: എൽനിനോ പ്രതിഭാസത്തിൻ്റെ പശ്ചാത്തലത്തിൽ വരുംദിവസങ്ങളിൽ രാജ്യാന്തര വിപണിയിൽ ഭക്ഷ്യവില കുത്തനെ ഉയരുമെന്ന് ഓക്സ്ഫഡ് ഇക്കണോമിക്സിൻ്റെ പഠന റിപ്പോർട്ട്. വികസ്വര രാജ്യങ്ങളിലെ പണപ്പെരുപ്പം നിയന്ത്രണവിധേയമായി വരുന്നതിനിടെയാണ് പുതിയ പ്രതിസന്ധി രൂപപ്പെടുന്നത്. ‘എൽനിനോ തിരിച്ചെത്തുന്നു, വികസ്വര രാജ്യങ്ങളെയും വിളകളെയും ഗുരുതരമായി ബാധിക്കും’ എന്ന തലക്കെട്ടിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഏഷ്യയിലും ആഫ്രിക്കയിലും ഭക്ഷ്യവിലക്കയറ്റ ഭീഷണി വർധിക്കുമെന്നാണ് മുന്നറിയിപ്പ്.
ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന വർധനയും ഇതിന് ആക്കംകൂട്ടും. തെക്കുകിഴക്കൻ ഏഷ്യയിലെ നെല്ല്, ഓസ്ട്രേലിയയിലെ ഗോതമ്പ്, മെക്സിക്കോയിലെ ചോളം എന്നിവയുടെ ഉത്പാദനത്തെ എൽനിനോ ഗുരുതരമായി ബാധിക്കും. ദക്ഷിണാഫ്രിക്കയിലെ പണപ്പെരുപ്പം സാധാരണ പ്രതീക്ഷിക്കുന്നതിനേക്കാൾ ഒരു ശതമാനം കൂടുതലായിരിക്കും. ഏഷ്യൻ രാജ്യങ്ങളിലും ഭക്ഷ്യവിലക്കയറ്റം രൂക്ഷമാകാനാണ് സാധ്യത. എന്നാൽ ബ്രസീൽ, അർജൻ്റീന തുടങ്ങിയ രാജ്യങ്ങളെ എൽനിനോ കാര്യമായി ബാധിക്കില്ല. ഇവിടങ്ങളിൽ വിളകൾക്ക് അനുകൂലമായ കാലാവസ്ഥ രൂപപ്പെടുന്നതിനാൽ ഉത്പാദനം വർധിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇന്ത്യ എട്ടാം സ്ഥാനത്ത്
എൽനിനോ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഇന്ത്യ ഉൾപ്പെടെയുള്ള തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളെയും ആഫ്രിക്കൻ രാജ്യങ്ങളെയുമാണ്. ഈ പട്ടികയിൽ എട്ടാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങൾ തങ്ങൾക്ക് ആവശ്യമായ നെല്ലും ചോളവും ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും എൽനിനോ മൂലമുണ്ടാകുന്ന വരൾച്ച വിളവിനെ സാരമായി ബാധിക്കും.
ഇന്ത്യ, തായ്‌ലൻഡ്, പാകിസ്ഥാൻ, കംബോഡിയ, വിയറ്റ്നാം എന്നിവയാണ് പ്രധാന നെല്ല് കയറ്റുമതി രാജ്യങ്ങൾ. ഇവിടങ്ങളിൽ ഉത്പാദനം കുറയുന്നത് ആഗോളതലത്തിൽ തന്നെ അരി വിതരണത്തെ പ്രതിസന്ധിയിലാക്കും. റഷ്യ, കാനഡ, യൂറോപ്യൻ യൂണിയൻ, ഓസ്ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങളാണ് ഗോതമ്പ് കയറ്റുമതിയിൽ മുന്നിലുള്ളത്. ഇവിടെ ഉത്പാദനം ഇടിയുന്നത് ഫിലിപ്പീൻസ്, അൾജീരിയ, ചൈന, ഈജിപ്ത്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾക്ക് തിരിച്ചടിയാകും. അമേരിക്ക, അർജൻ്റീന, ബ്രസീൽ, യുക്രെയ്ൻ, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ചോളത്തിൻ്റെ വരവ് നിലച്ചാൽ വിയറ്റ്നാം, ജപ്പാൻ, യൂറോപ്യൻ യൂണിയൻ, ചൈന, മെക്സിക്കോ എന്നീ രാജ്യങ്ങളെ അത് ഗുരുതരമായി ബാധിക്കും.
വിലക്കയറ്റത്തിന് മറ്റ് കാരണങ്ങളും
ഭക്ഷ്യവില വർധന പ്രവചിക്കാനുള്ള ഏക മാനദണ്ഡം എൽനിനോ മാത്രമല്ല. ആഭ്യന്തര വിപണികളിൽ ഭക്ഷ്യവസ്തുക്കൾക്ക് നൽകുന്ന മുൻഗണന, രാജ്യാന്തര വിലകളോടുള്ള പ്രാദേശിക വിപണികളുടെ പ്രതികരണം, കരുതൽ ശേഖരത്തിൻ്റെ അഭാവം, വളം ക്ഷാമം തുടങ്ങിയവയും വിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. എൽനിനോ ഉണ്ടാകുമ്പോൾ രാജ്യാന്തര വിപണിയിൽ വില വർധിക്കണമെന്നില്ല. 1982-83, 1982, 1998, 2016 വർഷങ്ങളിൽ എൽനിനോ പ്രതിഭാസമുണ്ടായപ്പോൾ 1982, 1998 വർഷങ്ങളിൽ വില വർധിച്ചിരുന്നു. എന്നാൽ 2015-16 കാലയളവിൽ വില ഗണ്യമായി കുറയുകയാണുണ്ടായത്. അതേസമയം എൽനിനോയുടെ സ്വാധീനമില്ലാതെ തന്നെ 2008, 2022 വർഷങ്ങളിൽ വില കുത്തനെ ഉയരുകയും ചെയ്തു. ആഭ്യന്തര വിതരണത്തിലുണ്ടാകുന്ന തടസങ്ങൾ സമ്പദ്‌വ്യവസ്ഥയെയും അതുവഴി വിലക്കയറ്റത്തെയും സ്വാധീനിക്കുന്നുണ്ട്.
പണപ്പെരുപ്പം നീണ്ടുനിന്നേക്കാം
ഈ വർഷം വളം വിതരണത്തിലുണ്ടായ തടസങ്ങൾ ഇന്ത്യ, ഇന്തോനേഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിലെയും ആഫ്രിക്കയുടെ ചില ഭാഗങ്ങളിലെയും പ്രധാന വിളവെടുപ്പ് സീസണുകളെ ബാധിച്ചിട്ടുണ്ട്. ചൈന, ഇന്ത്യ തുടങ്ങിയ വലിയ രാജ്യങ്ങളിലെ ഉയർന്ന ധാന്യശേഖരം വിലക്കയറ്റത്തെ താത്കാലികമായി തടഞ്ഞുനിർത്താൻ സഹായിച്ചേക്കാം. എന്നാൽ 2026 അവസാനത്തോടെയോ 2027 തുടക്കത്തോടെയോ ഈ ശേഖരം കുറയുന്നതോടെ വികസ്വര രാജ്യങ്ങളിലെ പണപ്പെരുപ്പം ദീർഘകാലം തുടരാനാണ് സാധ്യത. ഭക്ഷ്യവിലയിലുണ്ടാകുന്ന അസന്തുലിതാവസ്ഥയും തുടർന്നുള്ള കാലാവസ്ഥ വ്യതിയാനങ്ങളും നീണ്ട കാലയളവിലെ പണപ്പെരുപ്പത്തിലേക്ക് നയിച്ചേക്കാമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.







