ന്യൂഡൽഹി: വോട്ടർപട്ടിക പുതുക്കുന്നതിൻ്റെ ഭാഗമായി ഓൺലൈൻ അപേക്ഷാ ഫോമായ ഫോം ആറിൽ നിർണായക തിരുത്തലുകൾ വരുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. കരട് പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് പുതിയതായി അപേക്ഷിക്കാമെന്നും, മുൻപ് പട്ടികയിൽ പേരുണ്ടായിരുന്നവർ വീണ്ടും അപേക്ഷിച്ചാൽ നിയമനടപടികൾ ഉണ്ടാകില്ലെന്നും കമ്മിഷൻ വ്യക്തമാക്കി.
ഫോം ആറിലെ തിരുത്തലുകൾ
ഫോം ആറിൻ്റെ ഓൺലൈൻ പതിപ്പിൽ നിന്ന് സത്യവാങ്മൂലം പ്രത്യേക ഫോമാക്കി മാറ്റിയിരിക്കുകയാണ്. നേരത്തെ രണ്ട് വിഭാഗങ്ങൾ ഒറ്റ ഫോമിൻ്റെ ഭാഗമാക്കിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷണർമാരായ ഗ്യാനേഷ് കുമാർ, സുഖ്ബീർ സിങ് സന്ധു എന്നിവർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്ക് 14 തവണ വിയോജനക്കുറിപ്പ് നൽകിയിരുന്നു. സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിന് പിന്നാലെയാണ് ഈ തിരുത്തൽ വരുത്താൻ കമ്മിഷൻ തയാറായത്. പുതിയ വോട്ടർമാർക്ക് എൻറോൾ ചെയ്യാൻ തടസ്സമായിരുന്ന പഴയ രീതി ഒഴിവാക്കിയതോടെ നടപടിക്രമങ്ങൾ കൂടുതൽ ലളിതമായി.
നിയമനടപടികൾ ഉണ്ടാകില്ല
പ്രത്യേക തീവ്രയത്ന പരിപാടിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ പേര് ഇല്ലാത്തവർ ഫോം ആറ് ഉപയോഗിച്ചാണ് പുതിയതായി അപേക്ഷിക്കേണ്ടത്. ആദ്യമായി വോട്ടർപട്ടികയിൽ പേര് ചേർക്കുന്നവരാണ് ഈ ഫോം ഉപയോഗിക്കേണ്ടത് എന്നതിനാൽ, മുൻപ് പട്ടികയിൽ ഉൾപ്പെട്ടവർ വീണ്ടും അപേക്ഷിക്കുന്നത് തെറ്റായ വിവരങ്ങൾ നൽകുന്നതിന് തുല്യമാകുമോ എന്ന ആശങ്ക നിലനിന്നിരുന്നു. 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ 31-ാം വകുപ്പ് പ്രകാരം ഇത് ശിക്ഷാർഹമായേക്കാം എന്ന ഭയത്താൽ പലരും അപേക്ഷിക്കാൻ മടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ പുതിയ വിശദീകരണം.
സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർമാർക്ക് അയച്ച കത്തിലാണ് കമ്മിഷൻ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. 2022 ഓഗസ്റ്റ് ഒന്ന് മുതൽ ഫോം ആറിലെ സത്യവാങ്മൂലം നിലവിലുണ്ട്. കരട് പട്ടികയിൽ പേര് വിട്ടുപോയവർക്ക് അന്തിമ പട്ടികയിൽ ഇടംനേടാൻ നിർദിഷ്ട നടപടിക്രമങ്ങൾ പാലിച്ച് ഫോം ആറ് സമർപ്പിക്കാവുന്നതാണ്. മുൻപ് വോട്ടർപട്ടികയിൽ പേരുണ്ടായിരുന്നു എന്ന ഒറ്റക്കാരണത്താൽ ഇത് തെറ്റായ സത്യവാങ്മൂലമായി കണക്കാക്കില്ല. ഇവർക്കെതിരെ ജനപ്രാതിനിധ്യ നിയമത്തിലെ 31-ാം വകുപ്പ് പ്രകാരം ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാർ യാതൊരുവിധ നടപടികളും സ്വീകരിക്കാൻ പാടില്ലെന്നും കമ്മിഷൻ കർശന നിർദേശം നൽകി.
എന്നാൽ, അപേക്ഷകൻ രാജ്യത്തെ മറ്റ് ഏതെങ്കിലും പാർലമെൻ്റ് മണ്ഡലത്തിലോ നിയമസഭാ മണ്ഡലത്തിലോ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്തണം. നൽകുന്ന സത്യവാങ്മൂലം നിയമത്തിന് വിധേയമായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഈ വിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കുന്നതിനായി പ്രാദേശിക ഭാഷകളിൽ ഉൾപ്പെടെ വ്യാപകമായ പ്രചാരണം നൽകാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർമാർക്ക് കമ്മിഷൻ നിർദേശം നൽകി. മാധ്യമങ്ങൾ വഴിയും മറ്റ് മാർഗങ്ങളിലൂടെയും ജനങ്ങളിൽ അവബോധം സൃഷ്ടിക്കണം. ജനാധിപത്യ പ്രക്രിയയിൽ ഓരോ പൗരൻ്റെയും പങ്കാളിത്തം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് നടപടികൾ ലളിതമാക്കുന്നത്. വോട്ടവകാശം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്നും നിർദേശത്തിൽ പറയുന്നു.






