ന്യൂഡല്‍ഹി: പാല്‍ഘര്‍ ആള്‍ക്കൂട്ടക്കൊല കേസില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കൃത്യവിലോപത്തിന് 15 പൊലീസുകാരുടെ ശമ്ബളം തടഞ്ഞതായും രണ്ടു പേരെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
കുറ്റകൃത്യം തടയുന്നതിലും കൈകാര്യം ചെയ്യുന്നതിലും പരാജയപ്പെട്ടതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടത്തി കാരാണം കാണിക്കല്‍ നോട്ടീസ് നല്‍കി. തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.
252 പ്രതികള്‍ക്കെതിരെ രണ്ട് കുറ്റപത്രങ്ങള്‍ പാല്‍ഘര്‍ കോടതിയിലും താനെയിലെ ജുവനൈല്‍ കോടതിയിലും സമര്‍പ്പിച്ചതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.2020 ഏപ്രില്‍ 16ന് പുലര്‍ച്ചെ മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലാണ് മൂന്നു പേര്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. ജുനാ അഖാഡ സന്യാസി സംഘത്തില്‍പെട്ട ചിക്‌നി മഹാരാജ് കല്‍പവൃക്ഷഗിരി (70), സുശീല്‍ഗിരി മഹാരാജ് (30), ഡ്രൈവര്‍ നിലേഷ് തെല്‍ഗാഡെ എന്നിവരെയാണ് മര്‍ദിച്ചു കൊലപ്പെടുത്തിയത്.