ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ സിപിഎം നടത്തിയ പ്രതിഷേധത്തിന് നേരെയുണ്ടായ പൊലീസ് നടപടിക്ക് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. ഡൽഹി ഒരു യുദ്ധക്കളമായി മാറിയെന്നും കേന്ദ്ര സർക്കാർ നഗ്നമായ ഭരണഘടനാ ലംഘനമാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തെ അടിച്ചമർത്താനാകില്ലെന്ന് എം.എ ബേബി വ്യക്തമാക്കി. രാജ്യത്തിൻ്റെ മുഴുവൻ പിന്തുണയും സമരത്തിനുണ്ട്. ലാത്തിയും ബാരിക്കേഡുകളും പെല്ലറ്റ് ഗണ്ണുകളുമൊന്നും ഉപയോഗിച്ച് സമരത്തെ തടയാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും തിരിച്ചറിയണം. സാധ്യമായ എല്ലാവരുമായും സഹകരിച്ച് സമരം ശക്തമായി തുടരാനാണ് പാർട്ടി കേന്ദ്ര കമ്മിറ്റിയുടെ തീരുമാനമെന്നും ഡൽഹി എ.കെ.ജി ഭവനിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. മുതിർന്ന സിപിഎം നേതാവ് ബൃന്ദ കാരാട്ടും പൊലീസിൻ്റെയും കേന്ദ്രസേനകളുടെയും അതിക്രമത്തിന് ഇരയായ എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കളും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ജനാധിപത്യത്തെ അടിച്ചമർത്തുന്നു
ഗ്യാനേഷ് കുമാറിൻ്റെ രാജിക്കായി സമാധാനപരമായി സമരം ചെയ്യാൻ എത്തുന്നവരെ ക്രൂരമായി തല്ലിച്ചതയ്ക്കുകയാണെന്ന് എം.എ ബേബി കുറ്റപ്പെടുത്തി. ട്രെയിനുകൾ റദ്ദാക്കിയും മെട്രോ അടച്ചും ഇൻ്റർനെറ്റ് വിച്ഛേദിച്ചും ജനജീവിതം സ്തംഭിപ്പിച്ചു. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ കേന്ദ്ര സർക്കാർ തടഞ്ഞിരിക്കുകയാണ്. സുപ്രീം കോടതി നിർദേശങ്ങളെല്ലാം ലംഘിച്ചുകൊണ്ടാണ് ഈ നടപടികൾ. എന്നാൽ ഈ വിലക്കുകൾ കൊണ്ടൊന്നും പ്രക്ഷോഭം അവസാനിക്കില്ലെന്നും രാജ്യത്ത് നൂറുകണക്കിന് ജന്തർമന്തറുകൾ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വരുംദിവസങ്ങളിലും സമരം ശക്തമാകും. ഗ്യാനേഷ് കുമാറിനും അദ്ദേഹത്തെ സംരക്ഷിക്കുന്ന നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും അധികനാൾ തുടരാനാകില്ല. സിവിൽ, ക്രിമിനൽ കേസുകളിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മിഷണർമാർക്ക് സംരക്ഷണം ലഭിക്കുന്ന സാഹചര്യമാണുള്ളത്. രാജ്യത്തെ രാഷ്ട്രപതിക്കോ ഗവർണർമാർക്കോ പോലും ലഭിക്കാത്ത പരിരക്ഷയാണ് ഇവർക്ക് നൽകിയിരിക്കുന്നത്. ഡൽഹിയും ഇന്ത്യയിലെ മറ്റ് ഭാഗങ്ങളും ജനങ്ങളുടെ പ്രതിഷേധത്താൽ കത്തിക്കൊണ്ടിരിക്കുകയാണ്. ജനാധിപത്യപരമായ വിയോജിപ്പുകളെയും പ്രതിഷേധ ശബ്ദങ്ങളെയും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ചേർന്ന് അടിച്ചമർത്താൻ ശ്രമിക്കുന്നതിൻ്റെ പ്രതിഫലനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
ഡൽഹിയിൽ സഞ്ചാര സ്വാതന്ത്ര്യമില്ല
ഡൽഹി നഗരം പൂർണമായും ഒരു യുദ്ധക്കളത്തിന് സമാനമായി മാറിയിരിക്കുകയാണ്. തലസ്ഥാനത്തേക്കുള്ള ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കി. അൻപത്തിയേഴോളം മെട്രോ സ്റ്റേഷനുകളാണ് അടച്ചുപൂട്ടിയത്. ജനങ്ങൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയാത്ത അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണുള്ളത്. ഭരണഘടന ഉറപ്പുനൽകുന്ന സഞ്ചാര സ്വാതന്ത്ര്യമാണ് കേന്ദ്ര സർക്കാർ ഇല്ലാതാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സുപ്രീം കോടതിയെ സമീപിച്ചു
ഇടതുപക്ഷവും സിപിഎമ്മും ഈ വിഷയത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. വിദ്യാർഥികൾ, യുവാക്കൾ, സ്ത്രീകൾ, തൊഴിലാളികൾ, കർഷകർ, പൗരസമൂഹം, ബുദ്ധിജീവികൾ തുടങ്ങി സമൂഹത്തിൻ്റെ നാനാതുറകളിലുള്ളവരെ അണിനിരത്തിക്കൊണ്ടുള്ള സമരങ്ങൾക്കാണ് പാർട്ടി നേതൃത്വം നൽകുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർവകലാശാലകളിലും തെരുവുകളിലും നടക്കുന്ന ഈ പ്രതിഷേധങ്ങൾക്ക് ശ്രദ്ധ ലഭിക്കുന്നതിനായി സുപ്രീം കോടതിയെ സമീപിച്ച ഒരേയൊരു രാഷ്ട്രീയ പാർട്ടി സിപിഎം ആണെന്നും അദ്ദേഹം അവകാശപ്പെട്ടു. കോടതി ചില നിരീക്ഷണങ്ങൾ നടത്തിയെങ്കിലും, കൂടുതൽ വ്യക്തവും ശക്തവുമായ ഭാഷയിൽ സുപ്രീം കോടതി ഇടപെടേണ്ടതായിരുന്നു എന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. തങ്ങളുടെ നിരാശയും വിയോജിപ്പും മറച്ചുവയ്ക്കാൻ ഭയമില്ലെന്നും, അതേസമയം പ്രതിഷേധങ്ങളുടെ പേരിൽ ഭരണഘടനാപരമായ നടപടികൾ നിർത്തിവയ്ക്കാനാകില്ലെന്ന കോടതിയുടെ നിരീക്ഷണത്തെ മാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേതാക്കൾ കസ്റ്റഡിയിൽ
വോട്ടർ പട്ടിക പരിഷ്കരണത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യാപക ക്രമക്കേട് നടത്തിയെന്ന് ആരോപിച്ച് സിജെപി ഉൾപ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയോടെയാണ് ഡൽഹിയിൽ പ്രതിഷേധം ശക്തമാകുന്നത്. ഇതിൻ്റെ ഭാഗമായി ശനിയാഴ്ച ജന്തർമന്തറിൽ സിപിഎം നടത്തിയ സമരത്തിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. നിരോധനാജ്ഞ ലംഘിച്ചെന്ന് ആരോപിച്ച് എം.എ ബേബി, എ.എ റഹീം എംപി എന്നിവരുൾപ്പെടെയുള്ള നേതാക്കളെ ഡൽഹി പൊലീസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേരളത്തിലെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മുതിർന്ന നേതാക്കളായ ബൃന്ദ കാരാട്ട്, എം.വി ഗോവിന്ദൻ, കെ.കെ ശൈലജ, പി. രാജീവ്, ജോൺ ബ്രിട്ടാസ് എംപി തുടങ്ങിയ പ്രമുഖരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. എം.എ ബേബി, കെ.കെ ശൈലജ എന്നിവരെ പൊലീസ് ഉദ്യോഗസ്ഥർ വലിച്ചിഴച്ച് ബസിലേക്ക് കയറ്റുന്ന ദൃശ്യങ്ങൾ വലിയ ചർച്ചയായിരുന്നു. പൊലീസിൻ്റെ ഈ അതിക്രമത്തിൽ ചില നേതാക്കൾക്ക് പരിക്കേറ്റതായി എം.എ ബേബി മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.






